Asianet News MalayalamAsianet News Malayalam

മോന്‍സന്‍റെ സാമ്പത്തിക തട്ടിപ്പ്; അനിത പുല്ലയിലിന്‍റെ മൊഴി രേഖപ്പെടുത്തി, സാമ്പത്തിക ഇടപാടുകള്‍ ചോദിച്ചറിഞ്ഞു

അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോൻസന്റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. 

crime branch recorded anitha pullayil statement on Monson Mavunkal  case
Author
Trivandrum, First Published Oct 21, 2021, 11:01 AM IST

തിരുവനന്തപുരം: മോൻസൻ മാവുങ്കലിന്‍റെ (Monson Mavunkal) പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ (Anitha Pullayil)  മൊഴി ക്രൈംബ്രാഞ്ച് എടുത്തു. വീഡിയോ കോള്‍ വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോൻസന്‍റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലയിൽ മുന്‍പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

മോൻസന്‍റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് സുഹൃത്തായ അനിത പുല്ലയിലിന് എല്ലാമറിയാമായിരുന്നുവെന്ന് മുൻ ഡ്രൈവർ അജി വെളിപ്പെടുത്തിയിരുന്നു. മോൻസന്‍റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശമലയാളികളായ ഉന്നതരെ മോൻസന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നല്‍കിയിരുന്നു. 2019 മെയ്മാസം അനിത പ്രവാസിമലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പം മോൻസന്‍റെ വീട്ടിൽ എത്തിയിരുന്നു. ഒരാഴ്ച കലൂരിലെ വീട്ടിൽ താമസിച്ച അനിതയോട് അന്നത്തെ മാനേജർ തട്ടിപ്പിനെക്കുറിച്ച് എല്ലാം പറഞ്ഞതായാണ് അജി വെളിപ്പെടുത്തുന്നത്.

എന്നാൽ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിട്ടും അനിത പുല്ലയിൽ ഇതുവരെ എവിടെയും പരാതി നൽകിയിട്ടില്ല. മോൻസന്‍റെ തട്ടിപ്പ് മനസ്സിലായിട്ടും അനിത സൗഹൃദം തുടർന്നിരുന്നു. ഈ കാലയളവിലാണ് അനിത മുൻ ഡിജിപിയെ മ്യൂസിയത്തിന്‍റെ പൊലിമ വിവരിച്ച് കലൂരിലെ സന്ദർശനത്തിന് ക്ഷണിച്ചത്. ഇടുക്കിയിലെ രാജകുമാരി എസ്റ്റേറ്റിൽ മോൻസന്‍റെ പിറന്നാൾ ആഘോഷത്തിൽ അനിത സജീവമായിരുന്നു. മോൻസനുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം മോൻസന്‍റെ അടുത്ത സുഹൃത്തായ ഐജി ലക്ഷണണയുമായി അനിത നടത്തിയ ചാറ്റും പുറത്ത് വന്നിരുന്നു. മോൻസനെ സൂക്ഷിക്കണമെന്ന് ലോക്നാഥ് ബഹ്റ തന്നോട് പറഞ്ഞിരുന്നതായും അനിത പുല്ലയിൽ ഐജി ലക്ഷമണയോട് സംസാരിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios