കൊച്ചി: സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ഇഡി ഉദ്യോഗസ്ഥർക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ നിർബന്ധിച്ചെന്ന പരാതിയുടെ നിജസ്ഥിതി അറിയാൻ പ്രതിയെ ചോദ്യം ചെയ്യണം എന്നാണ് ആവശ്യം. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്.

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചത്. രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യവും, പാസ്പോർട്ടും ഹാജരാക്കണമെന്നാണ് ഉപാധി കേസിൽ മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു. സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ഇതോടെ സന്ദീപ് നായരടക്കം അഞ്ച് പേർ മാപ്പ് സാക്ഷികളായി. 

സന്ദീപിന് പുറമെ മുഹമ്മദ് അൻവർ, അബ്ദുൾ അസീസ്, നന്ദഗോപാൽ അടക്കമുള്ള പ്രതികളും മാപ്പ് സാക്ഷിയാകും. കേസിൽ ആറ് മാസത്തിലേറെയായി തടവിൽ കഴിയുന്ന സന്ദീപ് നായർക്ക് പക്ഷേ പുറത്തിറങ്ങാനാകില്ല. കസ്റ്റംസ് കേസിൽ കോഫെ പോസ ചുമത്തിയതിനാലാണ് ഇത്. ഇഡി രജിസ്റ്റർ ചെയ്ത കേസിലും സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചിട്ടില്ല.