വീട് പണിക്കും കടം വീട്ടാനുമാണ് തട്ടിയെടുത്ത പണം ഉപയോഗിച്ചത്. ഓണ്‍ലൈന്‍ റമ്മി കളിക്ക് പണം ഉപയോഗിച്ചെന്നും എസിപി പറഞ്ഞു. 

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിലെ 12.67 കോടി രൂപയുടെ തട്ടിപ്പ് തുടങ്ങിയത് ജനുവരിയിലെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പിന്‍റെ വ്യാപ്തി കൂടാന്‍ സാധ്യതയുണ്ടെന്നും പണം ഒളിപ്പിക്കാന്‍ പ്രതി റിജിലിന് സഹായം കിട്ടിയോയെന്ന് പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് എസി പി പറഞ്ഞു. വീട് പണിക്കും കടം വീട്ടാനുമാണ് തട്ടിയെടുത്ത പണം ഉപയോഗിച്ചത്. ഓണ്‍ലൈന്‍ റമ്മി കളിക്ക് പ്രതി പണം ഉപയോഗിച്ചെന്നും എസി പി പറഞ്ഞു. കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിന്നും പണം തിരിമിറി നടത്തിയത് പിടിക്കാത്തതിനാലാണ് തുടര്‍ന്നും തട്ടിപ്പ് നടത്താന്‍ ധൈര്യമായതെന്ന് റിജില്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസും ബി ജെ പിയും. തട്ടിപ്പിന് പിന്നില്‍ റിജില്‍ മാത്രമല്ലെന്നും ഇയാള്‍ പലരുടെയും ബിനാമിയെന്നും ഇരു കൂട്ടരും ആരോപിച്ചു.
കോഴിക്കോട് കോര്‍പ്പറേഷന്‍റെ എട്ട് അക്കൗണ്ടുകളില്‍ നിന്നും സ്വകാര്യ വ്യക്തികളുടെ ഒമ്പത് അക്കൗണ്ടുകളില്‍ നിന്നുമായി കോടികള്‍ തട്ടി മുങ്ങിയ റിജില്‍ പിടിയിലാവുകയും നഷ്ടപ്പെട്ട പണം കോര്‍പ്പേറഷന് തിരികെ കിട്ടുകയും ചെയ്തതിന് പിന്നാലെയാണ് തട്ടിപ്പിനെ ചൊല്ലിയുളള രാഷ്ട്രീയ പോര് മുറുകുന്നത്. നഷ്ടപ്പെട്ട തുകയുടെ പലിശ അടക്കം നല്‍കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ടെന്നും ഒരാള്‍ മാത്രം ചെയ്ത തെറ്റിന് ബാങ്കിനെ കുറ്റപ്പെടുത്താനാകില്ലെന്നുമായിരുന്നു മേയര്‍ ബീന ഫിലിപ്പിന്‍റെ പ്രതികരണം.

എല്ലാം അവസാനിച്ചെന്ന് മേയര്‍ പറയുമ്പോള്‍ ഒന്നും അവസാനിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നുമാണ് കോണ്‍ഗ്രസും ബി ജെ പി യും ആവശ്യപ്പെടുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍, കോര്‍പ്പറേഷന്‍ ജീവനക്കാര്‍, ഭരണ കക്ഷിയിലെ പ്രമുഖ എന്നിവരുടെയെല്ലാം പങ്ക് അന്വേഷിക്കണമെന്ന് ഡി സി സി പ്രസിഡണ്ട് കെ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.