Asianet News MalayalamAsianet News Malayalam

എകെജി സെൻറർ ആക്രമണം: മുഖ്യസൂത്രധാരൻ കഴക്കൂട്ടത്തെ യൂത്ത് കോണ്‍ഗ്രസുകാരൻ ? ക്രൈംബ്രാഞ്ച് വിശദീകരണമിങ്ങനെ

ഗൂഢാലോചനയിൽ തെളിവില്ലാത്തിനാൽ പ്രതിയാക്കിയിരുന്നില്ല. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് എകെജി സെൻറർ ആക്രണത്തിലെ പ്രതിയെന്ന സംശയിക്കുന്ന ഒരു ചെറുപ്പക്കാരനിലേക്ക് എത്തിയിരിക്കുന്നത്.

crime branch says that kazhakuttam based youth congress workers is the mastermind behind akg centre attack
Author
First Published Sep 10, 2022, 1:33 PM IST

തിരുവനന്തപുരം : കിട്ടിയോ കിട്ടിയോ ചോദ്യങ്ങൾക്കൊടുവിൽ, എകെജി സെൻറർ ആക്രമണം നടന്ന് രണ്ടു മാസം പിന്നിട്ടുമ്പോഴാണ്, അന്വേഷണം യൂത്ത് കോൺഗ്രസിലേക്കാണ് എത്തിനിൽക്കുന്നതെന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിശദീകരണമെത്തുന്നത്. തലസ്ഥാനത്തെ ചില പ്രവർത്തകരിലേക്കാണ് അന്വേഷണം പോകുന്നതെന്ന് വ്യക്തമാക്കുമ്പോഴും,  ഇവരുടെ പങ്ക് തെളിയിക്കുന്ന സുപ്രധാന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വിശദീകരിക്കുന്നു. 

കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള കഴക്കൂട്ടത്തുള്ള ഒരു യൂത്ത് കോണ്‍ഗ്രസുകാരനാണ് മുഖ്യ സൂത്രധാരനെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധമുണ്ടായപ്പോഴും ഈ യൂത്ത് കോണ്‍ഗ്രസുകാരൻ വിമാനത്തിലുണ്ടായിരുന്നു. എന്നാൽ ഗൂഢാലോചനയിൽ തെളിവില്ലാത്തിനാൽ പ്രതിയാക്കിയിരുന്നില്ല. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് എകെജി സെൻറർ ആക്രണത്തിലെ പ്രതിയെന്ന സംശയിക്കുന്ന ഒരു ചെറുപ്പക്കാരനിലേക്ക് എത്തിയിരിക്കുന്നത്. സ്കൂട്ടറിലെത്തി ബോംബെറിഞ്ഞെന്ന് സംശയിക്കുന്ന മേനംകുളം സ്വദേശിയായ ചെറുപ്പക്കാരെനെ ചോദ്യം ചെയ്തുവെങ്കിലും അയാൾ എല്ലാം നിഷേധിച്ചു.

സാഹചര്യ തെളിവുകളും ഫോണ്‍ വിശദാംശങ്ങളുമെല്ലാം പരിശോധിക്കുമ്പോള്‍ അക്രമത്തിന് പിന്നിൽ ഈ സംഘമെന്ന നിഗമനത്തിലാണ് പൊലീസ്. പക്ഷെ  പ്രതിയാക്കാനുള്ള വ്യക്തമായ തെളിവുകളൊന്നും ഇതേവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. 

ആദ്യം പ്രത്യേക സംഘം അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പ്രാഥമിക അന്വേഷണത്തിലും യൂത്ത് കോണ്‍ഗ്രസ് സംശയിലുണ്ടായിരുന്നു. പക്ഷെ പ്രതി ഉപയോഗിച്ച വാഹനം, സ്ഫോടക വസ്തു സംഘടിപ്പിച്ചത്. ഗൂഢാലോചന തുടങ്ങിയവയെ കുറിച്ച് വ്യക്തമായ തെളിവ് അന്നും ലഭിച്ചിരുന്നില്ല. എകെജി സെൻറർ ആക്രമണം സിപിഎം ആസൂത്രണം ചെയ്തതാണെന്ന കോണ്‍ഗ്രസ് ആരോപണത്തിന്റെ മുനയൊടിക്കുന്നതാണ് പൊലീസിൻെറ ഇപ്പോള്‍ പുറത്തു വരുന്ന കണ്ടെത്തലുകള്‍. നി‍ർണായക തെളിവുകള്‍ ശേഖരിക്കാനുള്ളതിനാൽ അന്വേഷണത്തെ കുറിച്ച് കൂടുതൽ വിവരങ്ങള്‍ പറയാനില്ലെന്ന് ക്രൈംബ്രാഞ്ച് ഉന്നതവൃത്തങ്ങളും വ്യക്തമാക്കി. 

എകെജി സെന്റർ ആക്രമണ കേസ്, അന്വേഷണം യൂത്ത് കോൺഗ്രസ് പ്രവർത്തകരിലേക്ക്; തെളിവിനിയും വേണമെന്ന് ക്രൈംബ്രാഞ്ച്

അതേ സമയം, എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിലെ അന്വേഷണം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതിന് പിന്നാലെ ആരോപണങ്ങളുന്നയിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തി. എകെജി സെന്റർ ആക്രമണത്തിൽ യൂത്ത് കോൺഗ്രസിന് വ്യക്തമായ പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആരോപിച്ചു. കെസിപിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തതായും ഡിവൈഎഫ്ഐ ആരോപിച്ചു. 

കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള ശ്രമം ഒരു ഭാഗത്ത് നടന്നുവരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കലാപാഹ്വാനവും ആസൂത്രണവും നടന്നു. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ ആക്രമണം. ജനാധിപത്യപരമായ പ്രതിഷേധങ്ങളോട് ഡിവൈഎഫ്ഐക്ക് എതിർപ്പില്ല. പക്ഷേ മുഖ്യമന്ത്രിയെ അപായപ്പെടുത്തിയുള്ള പ്രതിഷേധത്തിൽ ശരികേടുണ്ട്. എന്നിട്ടും വേണ്ടത്ര പ്രകോപനമുണ്ടായില്ലെന്ന് കരുതിയാണ് പാർട്ടിഓഫീസുകൾ ആക്രമിക്കുകയും എകെ ജി സെന്ററിലേക്ക് ബോംബ് എറിഞ്ഞതെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. 
 

Follow Us:
Download App:
  • android
  • ios