ഇടുക്കി: പീരുമേട് ജയിലില്‍ റിമാന്‍ഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്‍കുമാര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരിൽ നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നാണ് സൂചന. രാജ്‍കുമാര്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. പ്രത്യേക സംഘം നാലായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

രാജ്‌കുമാർ തട്ടിപ്പിലൂടെ നേടിയ പണം കുമളിയിലേക്കാണ് കൊണ്ടുപോയതെന്ന മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണം നടക്കുന്നത്. ഇന്നലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ക്യാമ്പ് ഓഫീസ് തുറന്നിരുന്നു. നാട്ടുകാർക്ക് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ സംഘത്തിന് ഇവിടെയെത്തി കൈമാറാം. കൂടാതെ രാജ്‌കുമാർ പ്രതിയായിരുന്ന സാമ്പത്തിക തട്ടിപ്പിലെ പരാതികളും സമര്‍പ്പിക്കാം. ഇതിനിടെ, കേസില്‍ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഇല്ലാത്തതിൽ പൊലീസുകാർക്കിടയിൽ അമർഷം പുകയുകയാണ്. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിനെതിരെയാണ് പൊലീസുകാർക്കിടയിൽ പ്രതിഷേധം ഉയരുന്നത്.

Also Read: നെടുങ്കണ്ടം കസ്റ്റഡിമരണം: ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യം; സേനയില്‍ അമർഷം പുകയുന്നു

ഇക്കഴിഞ്ഞ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ് കുമാർ പീരുമേട് സബ്‍ജയിലിൽ മരിച്ചത്. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് രാജ്‍കുമാർ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് വന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.