Asianet News MalayalamAsianet News Malayalam

പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു: കമാന്‍ഡോയ്ക്ക് സസ്പെന്‍ഷന്‍

മുഖ്യമന്ത്രിയുടെയും മുൻ മന്ത്രി തോമസ് ചാണ്ടിയുടേയും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യാഗസ്ഥനായ വൈശാഖാണ് സഹപ്രവർത്തകരുടെ പോസ്റ്റൽ ബലറ്റുകൾ ആവശ്യപ്പെട്ട് ശബ്ദ സന്ദേശം ശ്രീപത്മനാഭയെന്ന ഗ്രൂപ്പിലിട്ടത്. 

crime branch to investigate malpractice in police postal vote
Author
Thiruvananthapuram, First Published May 10, 2019, 7:03 AM IST

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. പോസ്റ്റൽ ബാലറ്റുകൾ കരസ്ഥമാക്കാൻ ശ്രമിച്ച പൊലീസ് കമാൻഡോ വൈശാഖിനെതിരെ കേസെടുത്ത് സസ്പെൻഡ് ചെയ്തിട്ടുണ്ട്. അതിനിടെ സഹപ്രവർത്തകരിൽ നിന്നും പോസ്റ്റൽ ബാലറ്റ് ആവശ്യപ്പെട്ട് വൈശാഖ് ശബ്ദ സന്ദേശം അയച്ച ശ്രീ പത്മനാഭയെന്ന വാട്സ് ആപ്പ് ഗ്രൂപ്പ് കേസെടുക്കും മുൻപ് തന്നെ നശിപ്പിക്കെപ്പട്ടു. 

മുഖ്യമന്ത്രിയുടെയും മുൻ മന്ത്രി തോമസ് ചാണ്ടിയുടേയും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യാഗസ്ഥനായ വൈശാഖാണ് സഹപ്രവർത്തകരുടെ പോസ്റ്റൽ ബലറ്റുകൾ ആവശ്യപ്പെട്ട് ശബ്ദ സന്ദേശം ശ്രീപത്മനാഭയെന്ന ഗ്രൂപ്പിലിട്ടത്. ഈ ശബ്ദരേഖയുൾപ്പെടെ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നതോടെയാണ് സമഗ്രമായ അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടത്. വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. പിന്നാലെ വൈശാഖിനെ സസ്പെൻഡും ചെയ്തു. 

ഈ കേസ് പ്രത്യേകമായി തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് അന്വേഷിക്കും. പോസ്റ്റൽ ബാലറ്റിലെ തിരിമറിയെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം ക്രൈംബ്രാഞ്ച് തൃശൂർ എസ്പി സുദർശന്‍റെ നേതൃത്വത്തിൽ നടക്കും. ഈ അന്വഷണം പൂർത്തിയായ ശേഷമായിരിക്കും പോസ്റ്റൽ വോട്ടുകൾ കൂട്ടത്തോടെ ശേഖരിച്ച വട്ടപ്പാറ സ്വദേശിയായ പൊലീസുകാരൻ മണിക്കുട്ടനെതിരെയും മറ്റ് പൊലീസുകാർക്കെതിരെയും നടപടിയുണ്ടാവുക. 

അതേസമയം വൈശാഖ് ശബ്ദ സന്ദേശം അയച്ച  ശ്രീപത്മനാഭയെന്ന ഗ്രൂപ്പ് ക്രൈംബ്രാഞ്ച് കേസെടുക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ അഡ്മിൻമാർ നശിപ്പിച്ചു. ഇതോടെ കേസിലെ പ്രധാന തെളിവുകളിലൊന്ന് ഇല്ലാതായി. അന്‍പതിലധികം പൊലീസുകാർ ഉൾപ്പെടുന്ന ഗ്രൂപ്പാണിത്. ഈ മാസം 15-നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശം.

Follow Us:
Download App:
  • android
  • ios