എംപിമാർ മത്സരിച്ചാൽ അനാവശ്യ ആശയക്കുഴപ്പമുണ്ടാകുമെന്നും ഉപതെരഞ്ഞെടുപ്പിലേക്ക് പോകേണ്ടിവരുമെന്നും ബെന്നി ബെഹനാൻ ചൂണ്ടിക്കാട്ടി.
വയനാട്: നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കരുതെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ. ഈ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കാൻ മുതിരരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ബെന്നി ബെഹനാൻ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. മുൻപ് മത്സരിച്ചിട്ടുള്ളത് അന്നത്തെ സാഹചര്യം ആവശ്യപ്പെട്ടതിനാലാണ്. എംപിമാർ മത്സരിച്ചാൽ അനാവശ്യ ആശയക്കുഴപ്പമുണ്ടാകുമെന്നും ഉപതെരഞ്ഞെടുപ്പിലേക്ക് പോകേണ്ടിവരുമെന്നും ബെന്നി ബെഹനാൻ ചൂണ്ടിക്കാട്ടി. താൻ മത്സരിക്കാൻ ഇല്ലെന്നും ബെന്നി ബെഹനാൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. യുഡിഎഫ് ശക്തിപ്പെടുമ്പോൾ പല പാർട്ടികളും അപ്രസക്തമാകും. മുന്നണി വിപുലീകരണം ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും അത് യുഡിഎഫ് ചർച്ച ചെയ്യേണ്ട വിഷയമാണെന്നും ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കാനുള്ള കോൺഗ്രസിന്റെ ‘മിഷൻ 2026’ വയനാട് ബത്തേരിയിൽ നടക്കുന്ന നേതൃക്യാമ്പിൽ ഇന്ന് അവതരിപ്പിക്കും. 100 സീറ്റ് നേടി ഭരണത്തിൽ എത്താനുള്ള കർമ്മ പദ്ധതി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആണ് ക്യാമ്പിൽ അവതരിപ്പിക്കുക. തൊട്ടു പിന്നാലെ പൊതു ചർച്ച ഉണ്ടാകും. സ്ഥാനാർത്ഥി നിർണയം നേരത്തെ ആക്കാനുള്ള സംഘടനാ ദൗത്യത്തിനാണ് മുഖ്യ പരിഗണന. ഫെബ്രുവരി ആദ്യവാരത്തിനുള്ളിൽ 70 സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയിലെത്താനും പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയിൽ സ്ഥാനാർത്ഥികളെ അവതരിപ്പിക്കാനും ആണ് നീക്കം. സർക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ സമരപരിപാടികൾക്ക് കലണ്ടറും തയ്യാറാക്കും. ഇന്നലെ നടന്ന അവലോകന യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും പരാജയപ്പെട്ട ഇടങ്ങളിലെ കാര്യകാരണങ്ങളും നേതൃയോഗം വിശദമായി ചർച്ച ചെയ്തു. ഇന്ന് വൈകിട്ട് "ലക്ഷ്യ" ക്യാംപ് സമാപിക്കും.


