ആലപ്പുഴ: വാഹന ഷോറൂമിൽ സർവ്വീസിന് നൽകിയ പൊലീസ് വാഹനം മോഷ്ടിച്ചയാളെ പിടികൂടി. ആലപ്പുഴ സക്കറിയ ബസാറിൽ നിസാറിനെയാണ് തൃശ്ശൂരിൽ വച്ചു പൊലീസ് പിടികൂടിയത്. ആലപ്പുഴ ക്രൈം ബ്രാഞ്ച് യൂണിറ്റിൻ്റെ വാഹനമാണ് ഷോറൂമിൽ നിന്നും ഇയാൾ കടത്തി കൊണ്ടു പോയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.

അറ്റകുറ്റപ്പണികൾക്കായാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റിൻ്റെ വാഹനം ആലപ്പുഴ നഗരത്തിലെ മഹീന്ദ്ര ഷോറൂമിൽ എത്തിച്ചത്. വാഹനം നഷ്ടപ്പെട്ടതായി മനസിലാക്കിയ ഷോറും അധികൃതർ വിവരം ഉടനെ പൊലീസിനെ അറിയിച്ചു. തുടർന്ന് ആലപ്പുഴയിലും സമീപജില്ലകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഇതിനിടെയാണ് തൃശ്ശൂർ മണ്ണുത്തിയിൽ വച്ച് പൊലീസ് വാഹനം കണ്ടെത്തുന്നതും വാഹനവും ഒപ്പം അതോടിച്ചു വന്ന നിസാറിനേയും പിടികൂടിയതും. നിസാറും വണ്ടിയും ഇപ്പോൾ മണ്ണുത്തി പൊലീസ് സ്റ്റേഷനിലാണുള്ളത്.