നിരവധി കേസുകളിൽ പ്രതിയായ കൊടുംക്രിമിനൽ കൊടിമരം ജോസ് പിടിയിൽ. യുവാവിനെ മർദ്ദിച്ചവശനാക്കി റെയിൽവേ ട്രാക്കിൽ തള്ളിയശേഷം കവർച്ച നടത്തിയ കേസിലാണ് ജോസിനെ പിടികൂടിയത്

കൊച്ചി: കൊച്ചി: കുപ്രസിദ്ധ മോഷ്ടാവും കൊലയാളിയുമായ കൊടിമരം ജോസ് പൊലീസിന്‍റെ പിടിയിലായി. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകമടക്കം ഇരുപതിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോസിനെ തൃശൂരില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തില്‍ ഒരു മാസം മുമ്പ് നടന്ന കവര്‍ച്ച കേസിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ജോസിനെ അറസ്റ്റ് ചെയ്തത്.കൊല്ലം സ്വദേശിയായ ജോസ് കേരള പൊലീസിന്‍റെ രേഖകളിൽ കൊടിമരം ജോസ് ആണ്. മോഷണം തൊഴിലാക്കിയ കൊടും ക്രിമിനലാണെന്നാണ് പൊലീസ് പറയുന്നത്. ഇരകളോടുളള ക്രൂരതയാണ് മുഖമുദ്ര. ജോസ് പുറത്തിറങ്ങി നടക്കുന്നത് തന്നെ നാടിന് ഭീഷണിയാണെന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ മാസം 17ന് പുലര്‍ച്ചെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു പോവുകയായിരുന്ന യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം കഴുത്തില്‍ കത്തി ചൂണ്ടി മൊബൈല്‍ ഫോണും പതിനായിരം രൂപയും കവര്‍ന്ന കേസിലാണ് നോര്‍ത്ത് പൊലീസ് ജോസിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ജോസിന്‍റെ കൂട്ടാളികളായ മുഹമ്മദലിയും ഫിറോസ് ഖാനും നേരത്തെ പിടിയിലായിരുന്നു.

പൊലീസിനെയും ആക്രമിക്കാൻ ശ്രമിച്ചു

അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ ആക്രമിക്കാനും ജോസ് ശ്രമിച്ചിരുന്നു. രാസലഹരിയുടെ സ്വാധീനത്താലാണ് അക്രമിക്കാന്‍ ശ്രമിച്ചതെന്ന് പിന്നീടിയാള്‍ പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ ആറു ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകമടക്കമുളള കേസുകളില്‍ പ്രതിയാണ് ജോസ്. ചോദ്യം ചെയ്യലിനിടയില്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും ചില കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന സൂചന ജോസില്‍ നിന്ന് കിട്ടിയ പശ്ചാത്തലത്തില്‍ ഇതേകുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആറടിയിലേറെ ഉയരമുളള ജോസിന് സഹമോഷ്ടാക്കള്‍ വര്‍ഷങ്ങള്‍ മുമ്പിട്ട വട്ടപ്പേരാണ് കൊടിമരം ജോസെന്ന് പൊലീസ് പറയുന്നു.

YouTube video player