അമൃത് ഭാരത് എക്സ്പ്രസിൽ ഫുഡ് കണ്ടെയിനറുകൾ കഴുകിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് ഐആർസിടിസി.  ജീവനക്കാരൻ ആക്രിയായി വിൽക്കാനാണ് കഴുകിയതെന്ന് കാറ്ററിം​ഗ് കമ്പനി ഐആര്‍സിടിസിക്ക് വിശദീകരണം നൽകി

ദില്ലി:അമൃത് ഭാരത് എക്സ്പ്രസിൽ ഫുഡ് കണ്ടെയിനറുകൾ കഴുകിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് ഐആർസിടിസി. ഉപയോഗിച്ച ഫുഡ് കണ്ടെയ്നറുകള്‍ വീണ്ടും ഉപയോഗിക്കാനായി കഴുകുകയാണെന്ന ആരോപണമാണ് വീഡിയോ പുറത്തവന്നതോടെ ഉയര്‍ന്നിരുന്നത്. എന്നാൽ, ഇക്കാര്യം നിഷേധിച്ചും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നുമാണ് ഐആര്‍സിസിടിസി വ്യക്തമാക്കുന്നത്. വിറ്റ് പോകാത്ത ഫുഡ് കണ്ടെയിനറുകൾ ജീവനക്കാരൻ ആക്രിയായി വിൽക്കാനാണ് കഴുകിയതെന്ന് കാറ്ററിം​ഗ് കമ്പനിയായ എക്സ്പ്രസ് ഫുഡ് സര്‍വീസസ് അധികൃതര്‍ ഐആര്‍സിടിസിക്ക് വിശദീകരണം നൽകി. കമ്പനിയുടെ വിശദീകരണക്കുറിപ്പ് അടക്കം എക്സിൽ പങ്കുവെച്ചുകൊണ്ടാണ് ഐആര്‍സിടിസി ആരോപണങ്ങള്‍ നിഷേധിക്കുന്നത്.

 കാറ്ററിങ് കമ്പനിയുടെ അനുമതിയില്ലാതെയാണ് ജീവനക്കാരൻ ആക്രി കൊടുക്കുന്നതിനായി ഫുഡ് കണ്ടെയ്നറുകള്‍ കഴുകിയത്. ഒറ്റപ്പെട്ട സംഭവമാണിതെന്നും ജീവനക്കാര്‍ക്ക് ചെറിയ തുക ലഭിക്കുന്നതിനായി അവര്‍ സ്വന്തം നിലയിലാണ് ഇത് ചെയ്തതെന്നുമാണ് കമ്പനി അറിയിക്കുന്നത്. സ്റ്റേഷനിലെത്തുന്ന ആക്രി ശേഖരിക്കുന്നവർക്ക് വിൽക്കാനാണ് ഇങ്ങനെ കഴുകി വൃത്തിയാക്കി സൂക്ഷിച്ചതെന്നുമാണ് വിശദീകരണം. കാലിയായ ബോട്ടിലുകള്‍ക്കൊപ്പം വിൽക്കാതെ ബാക്കിയായ ഫുഡ് കണ്ടെയ്നറുകള്‍ ചെറിയ തുക ലഭിക്കുന്നതായാണ് ഇവര്‍ കഴുകിയത്. എക്സ്പ്രസ് ഫുഡ് സർവീസ് എന്ന സ്ഥാപനത്തിന്‍റെ വിശദീകരണം ശരിയാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടെന്നും റെയില്‍വെ വ്യക്തമാക്കി. വീണ്ടും ഉപയോഗിക്കാൻ വേണ്ടിയല്ല കണ്ടെയ്നരുകള്‍ കഴുകിയതെന്നും ഫുഡ് കണ്ടെയ്നറുകള്‍ ഒറ്റത്തവണയെ ഉപയോഗിക്കാറുള്ളുവെന്നും തെറ്റായ പ്രചാരണം നടത്തരുതെന്നും ഐആര്‍സിടിസി അറിയിച്ചു. പാന്‍ട്രി കാര്‍ മാനേജറുടെയോ എക്സ്പ്രസ് ഫുഡ് സര്‍വീസ് മാനേജ്മെന്‍റോ അറിയാതെയാണ് പാത്രങ്ങള്‍ ഇത്തരത്തിൽ വിറ്റത്.