തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കളില്‍ നിന്നുള്ള മാനസിക പീഡനം മൂലം ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് കോളേജ് തന്നെ വിട്ടു പോകുകയും ചെയ്ത സംഭവത്തിന്‍റെ ചൂടാറും മുന്‍പാണ് സഹപാഠിയായ വിദ്യാര്‍ത്ഥിയുടെ നെഞ്ചത്തേക്ക് കത്തി കയറ്റി തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ പുതിയ വാര്‍ത്ത സൃഷ്ടിക്കുന്നത്. സെക്രട്ടേറിയറ്റിനും നിയമസഭയക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന യൂണിവേഴ്‍സ്റ്റി കോളേജില്‍ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്രവും അവകാശങ്ങളും അടിച്ചമര്‍ത്തപ്പെടുന്ന അവസ്ഥ വളരെക്കാലം കൊണ്ട് രൂപപ്പെട്ടതാണ്. 

ക്യാംപസിനകത്തെ സംഘര്‍ഷങ്ങള്‍ കേരളത്തില്‍ പുതുമയുള്ള സംഭവമല്ല എന്നാല്‍ ഇപ്പോള്‍ യൂണിവേഴ്‍സ്റ്റി കോളേജില്‍ നടക്കുന്ന സംഘര്‍ഷം ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വം നടത്തിപ്പോരുന്ന ഗുണ്ടായിസത്തെ സംഘടനയിലെ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും പോലും സഹിക്കാനാവതെ വന്നതോടെയാണ് യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ നീതി നേടി റോഡിലിറങ്ങിയത്.  

എസ്എഫ്ഐക്ക് സമ്പൂര്‍ണാധിപത്യമുള്ള യൂണിവേഴ്‍സിറ്റി കോളേജില്‍ പതിറ്റാണ്ടുകളായി മറ്റൊരു വിദ്യാര്‍ത്ഥി  സംഘടനയ്ക്കും സാന്നിധ്യമില്ല. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പാനലിനെതിരെ ആരും മത്സരിക്കുന്നില്ല. എസ്എഫ്ഐക്കോ കോളേജ് യൂണിയനോ എതിരെ ഉയരുന്ന വിമര്‍ശനങ്ങളേയും വിമതശബ്ദങ്ങളേയും തുടക്കം മുതല്‍ നിശബ്ദമാക്കുന്നതാണ് അവിടുത്തെ രാഷ്ട്രീയ സാഹചര്യം.

എതിരാളികള്‍ക്ക് മേലുള്ള ആധിപത്യം പിന്നീട് വിദ്യാര്‍ത്ഥികള്‍ക്കും കോളേജിലെ അധ്യാപകര്‍ക്കും മേൽ സ്ഥാപിച്ച എസ്എഫ്ഐ യൂണിയന്‍ നേതാക്കള്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ പോലും അടക്കി ഭരിക്കാന്‍ തുടങ്ങിയതാണ് ഇന്ന് കണ്ട പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെത്തിച്ചത്. രാവിലെ 'റൗണ്ട്സിന്' ഇറങ്ങിയ എസ്എഫ്ഐ യൂണിയന്‍ നേതാക്കള്‍ ക്യാംപസിലെ  വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതോടെയാണ് യൂണിവേഴ്‍സിറ്റി കോളേജിലെ സംഘര്‍ഷങ്ങള്‍ ആരംഭിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

വ്യാഴാഴ്ചയാണ് പ്രശ്നങ്ങളുടെ തുടക്കം. ക്യാന്‍റീനിലിരുന്ന് പാട്ടുപാടിയ ബിഎ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളടക്കമുള്ള സംഘം ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിലേക്കും നേരിയ സംഘര്‍ഷത്തിലേക്കും വഴിമാറി. ഇതിന്‍റെ തുടര്‍ച്ചയാണ് ഇന്നുണ്ടായ സംഭവങ്ങള്‍. ക്യാംപസില്‍ വച്ച് അഖിലിനെ യൂണിയന്‍ ഭാരവാഹികള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത് എത്തിയ വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദ്ദനമേറ്റു. അഖിലിനെ കോളേജ് ഗേറ്റ് വരെ വളഞ്ഞിട്ടു തല്ലിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നിട്ടും അരിശം തീരാതെ ഇടിമുറിയെന്ന പേരില്‍ കുപ്രസിദ്ധമായ കോളേജിലെ യൂണിറ്റ് കമ്മിറ്റി ഓഫിസില്‍ എത്തിച്ചും മര്‍ദ്ദിച്ചു. ഇവിടെ വച്ചാണ് അഖിലിന്‍റെ നെഞ്ചത്ത് കുത്തേല്‍ക്കുന്നത്.  

വിദ്യാര്‍ത്ഥിയെ യൂണിയന്‍ നേതാക്കള്‍ കുത്തിയെന്ന വാര്‍ത്ത വന്നതോടെ നിയന്ത്രണം നഷ്ടമായ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി. പെൺകുട്ടികളുൾപ്പടെയുള്ളവർ എസ്എഫ്ഐക്കെതിരെ മുദ്രാവാക്യവുമായി യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ റോഡ് ഉപരോധിച്ചു. കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി ഉറപ്പ് നല്‍കിയതോടെ പ്രകടനമായി കോളേജിനുള്ളില്‍ കയറിയ വിദ്യാര്‍ത്ഥികള്‍ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ഓഫീസ് അടിച്ചു തകര്‍ത്തു. യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ ഇതിനെ എതിര്‍ത്തതോടെ കോളേജില്‍ വീണ്ടും സംഘര്‍ഷമായി. 

എസ്എഫ്ഐ ജില്ലാ  പ്രസിഡന്‍റ് റിയാസിന്‍റെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളെത്തി യൂണിറ്റ് കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയതോടെയാണ് വിദ്യാർത്ഥികൾ പിരിഞ്ഞു പോയത്. എസ്എഫ്ഐക്കെതിരെ കലാലയത്തിനുള്ളിൽ ഇത്രയും വലിയ പ്രതിഷേധം ഉണ്ടാകുന്നത് ഇതാദ്യമായാണ്. കോളേജ് യൂണിറ്റ് കമ്മിറ്റിക്കെതിരെ കഴിഞ്ഞ കുറേ ദിവസമായി ഉണ്ടായ എതിർപ്പുകളാണ് ഇപ്പോള്‍ മറ നീക്കി പുറത്ത് വന്നത്. 

അഖിലിനെ കുത്തിയ സംഭവത്തില്‍ എസ്എഫ്ഐ യൂണിവേഴ്‍സിറ്റി കോളേജ് യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത്, യൂണിറ്റ് സെക്രട്ടറി നസീം മറ്റു നാല് യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇപ്പോള്‍ വധശ്രമക്കേസില്‍ പ്രതിയായ നസീം കുറച്ചു കാലം മുന്‍പ് പാളയം ജംഗ്ഷനില്‍ വച്ച് പൊലീസുകാരെ മര്‍ദ്ദിച്ച കേസിലും പ്രതിയാണ്. നസീമിന്‍റെ നേതൃത്വത്തില്‍ എസ്എഫ്ഐക്കാര്‍ മൂന്ന് പൊലീസുകാരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. 

എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രന്‍,ശരത്, ട്രാഫിക് പൊലീസുകാരനായ അമല്‍ കൃഷ്ണ എന്നിവരെയാണ് നസീമിന്‍റെ നേതൃത്വത്തില്‍ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചത്. പാളയം യുദ്ധസ്മാരകത്തിന് മുന്നില്‍ വച്ച് സിഗ്നല്‍ തെറ്റിച്ചു വന്ന നസീമിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ അമല്‍ കൃഷ്ണന്‍ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.  

ഇതില്‍ പ്രകോപിതനായ നസീം അമലിന്‍റെ യൂണിഫോം വലിച്ചു കീറുകയും മര്‍ദ്ദിക്കുകയും ചെയ്തു.  ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിനയചന്ദ്രനും, ശരത്തും അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ അവരേയും നസീം ആക്രമിച്ചു. ഇതോടെ മൂവരും ചേര്‍ന്ന് നസീമിനെ പിടികൂടി. കുതറിയോടിയ നസീം പിന്നെ ഇരുപതോളം എസ്എഫ്ഐ പ്രവര്‍ത്തകരുമായി വന്ന് പൊലീസുകാരെ വളഞ്ഞിട്ട് അടിച്ചു.

ഇരുപതംഗ സംഘത്തിന്‍റെ മര്‍ദ്ദനത്തില്‍ അവശരായ വിനയചന്ദ്രനും ശരത്തും റോഡില്‍ കുഴഞ്ഞു വീണു. അമല്‍ കൃഷ്ണ വയര്‍ലസിലൂടെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം  നസീമിനേയും സംഘത്തേയും പിടികൂടിയെങ്കിലും സ്ഥലത്ത് എത്തിയ കേരള യൂണിവേഴ്‍സിറ്റി ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് ഇവരെ പൊലീസ് ജീപ്പില്‍ നിന്നും വലിച്ചിറക്കി രക്ഷപ്പെടുത്തി. 

പൊലീസുകാരനെ തല്ലിയ കേസില്‍  ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തെങ്കിലും നസീമിനെ പൊലീസ് അറസ്റ്റ് ചെയ്തില്ല. സംഭവത്തില്‍ ഉന്നത ഇടപെടലുണ്ടായതോടെ നസീം ഒളിവില്‍ പോയെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. എന്നാല്‍ കേരള സര്‍വകലാശാലയില്‍ മന്ത്രിമാരായ കെ ടി ജലീലും, എകെ ബാലനും പങ്കെടുത്ത ഒരു പരിപാടിയില്‍ മുന്‍നിരയിലെ സീറ്റില്‍ നസീം ഇരിക്കുന്ന ഫോട്ടോ മാധ്യമങ്ങള്‍ പുറത്തു വിട്ടതോടെ സിപിഎം തന്നെ പ്രതിരോധത്തിലായി. നസീം അടുത്ത ദിവസം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെത്തി കീഴടങ്ങി. 

യൂണിവേഴ്‍സിറ്റി കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീം, പ്രസിഡന്‍റ് ശിവരജ്ഞിത്ത് എന്നിവര്‍. ഇരുവരും അഖില്‍ വധശ്രമക്കേസില്‍ പ്രതികളാണ്

അഖിലിനെ കുത്തിയ കേസില്‍ പ്രതികളായ എസ്എഫ്ഐ യൂണിവേഴ്‍സിറ്റി കോളേജ് യൂണിറ്റ് സെക്രട്ടറി നസീമും പ്രസിഡന്‍റ് ശിവര‍ജ്ഞിത്തും

പൊലീസുകാരെ ഇത്രയും ക്രൂരമായ മര്‍ദ്ദിച്ച സംഭവം പൊലീസ് സേനയുടെ ഉള്ളില്‍ വലിയ അമര്‍ഷവും പ്രതിഷേധവും സൃഷ്ടിച്ചെങ്കിലും ഈ കേസ് തേച്ചുമായ്ച്ചു കളയാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായാണ് സൂചന. ഇതിനിടയിലാണ് സഹപാഠിയുടെ നെഞ്ചില്‍ കഠാര കേറ്റിയെന്ന് ഇവരുൾപ്പെട്ട സംഘത്തിനെതിരെ വീണ്ടും ആരോപണമുയരുന്നത്.

പൊലീസുകാരെ റോഡിലിട്ട് തല്ലിയതടക്കം  ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തിട്ടും സംഘടനയില്‍ നിന്നുള്ള ശക്തമായ പിന്തുണയുടെ ബലത്തിലാണ് നസീം അടക്കമുള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ മുന്നോട്ട് പോകുന്നത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിയന്‍ നേതാക്കളുടെ മര്‍ദ്ദനമേല്‍ക്കുന്നത് സ്ഥിരം സംഭവമാണെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ പറയുന്നു. 

നിര്‍ബന്ധിത പണപ്പിരിവ് തടഞ്ഞതിന് അന്ധനായ ഒരു വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ യൂണിയന്‍ നേതാക്കള്‍ തല്ലി ആശുപത്രിയിലാക്കിയത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്. യൂണിയന്‍ ഭാരവാഹികളുടെ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനി രണ്ട് മാസം മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ചതും പിന്നെ കോളേജ് വിട്ടു പോയതും. ഈ പെണ്‍കുട്ടിയെ പോലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ യൂണിയന്‍ നേതാക്കളുടെ പീഡനം കാരണം കോളേജ് വിട്ടു പോയിട്ടുണ്ട്.  

തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിയന്‍റെ ഗുണ്ടായിസത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസില്‍ വന്ന ചില വാര്‍ത്തകള്‍ കാണാം...