തിരുവനന്തപുരം: ഒക്ടോബര്‍ മാസം ഒരാഴ്ച പിന്നിടുമ്പോഴും കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം ചെയ്തിട്ടില്ല. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി യൂണിയന്‍ ഇന്ന് പ്രത്യക്ഷ പ്രക്ഷോഭ പരിപാടിക്ക് തുടക്കം കുറിക്കും.

സെപ്റ്റംബര്‍ മാസം കെഎസ്ആര്‍ടിസിക്ക് 192 കോടി രൂപയായിരുന്നു വരുമാനം. എന്നാല്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണ് കെഎസ്ആര്‍ടിസി. പ്രതിമാസം 86 കോടി രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്.

കഴിഞ്ഞ മാസം 18 വരെയുള്ള വരുമാനം തൊട്ടുമുമ്പുള്ള മാസത്തെ ശമ്പളം, സ്പെയര്‍ പാര്‍ട്സ്, ടയര്‍, ഇന്ധനം എന്നിവക്കുള്ള ബാധ്യത തീര്‍ക്കാന്‍ വിനിയോഗിക്കേണ്ടി വന്നു. ഇതാണ് ഈ മാസം ശമ്പളവിതരണം വൈകാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. 

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം: ഡ്രൈവര്‍മാരില്ല, സര്‍വ്വീസുകള്‍ മുടങ്ങി...

തൊഴിലാളികളുടെ ശമ്പളം നിഷേധിച്ചുകൊണ്ടല്ല പ്രതിസിന്ധി പരിഹരിക്കേണ്ടതെന്നാവശ്യപ്പെട്ട് ഭരണകക്ഷി യൂണിയന്‍ തന്നെ രംഗത്തെത്തി. ചീഫ് ഓഫീസിനു മന്നിലും, കൊച്ചി, കോഴിക്കോട്, സോണല്‍ ഓഫീസുകള്‍ക്കു മുന്നിലും ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിമാസ സഹായമായ 16 കോടി രൂപക്ക് ഉത്തരവായിട്ടുണ്ട്. രണ്ടു ദിവസത്തെ പൊതു അവധിക്കു ശേഷമേ ഈ പണം കെഎസ്ആര്‍ടിസിക്ക് കിട്ടുകയുള്ളു.പത്താം തീയതിയോടെ ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. 

താല്‍ക്കാലിക ഡ്രൈവര്‍മാരെ പരിച്ചുവിട്ടതുമൂലമുള്ള പ്രതിസനധി പൂര്‍മ്ണമായും പരിഹരിക്കാനായിട്ടില്ല. യാത്രക്കാരും വരുമാനവും കൂടുതല്‍ പ്രതീക്ഷിക്കുന്ന ദിവസങ്ങളില്‍ ദിവസ വേതനക്കാരായ ഡ്രൈവര്‍മാരെ നിയോഗിക്കാനാണ് ഡിപ്പോകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.