അമിത ജോലി ഭാരം, സമാന്തര ഇൻ്റലിജൻസ് ഉണ്ടാക്കി നിരീക്ഷണം; എഡിജിപിക്കെതിരെ അസോസിയേഷൻ യോഗത്തിൽ വിമർശനം
എസ്‍പിമാർക്ക് മുകളിൽ അമിത ജോലി ഭാരം അടിച്ചേൽപ്പിക്കുന്നു. ഇതിൻ്റെ ഭാരം പൊലീസുകാരിലേക്കെത്തുന്നുവെന്ന് പ്രതിനിധികൾ പൊലീസ് അസോസിയേഷൻ യോഗത്തിലും വിമർശിക്കുന്നത്.
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരെ പൊലീസ് അസോസിയേഷൻ യോഗത്തിലും വിമർശനം. എസ്‍പിമാർക്ക് മുകളിൽ അമിത ജോലി ഭാരം അടിച്ചേൽപ്പിക്കുന്നു. ഇതിൻ്റെ ഭാരം പൊലീസുകാരിലേക്കെത്തുന്നുവെന്ന് പ്രതിനിധികൾ പൊലീസ് അസോസിയേഷൻ യോഗത്തിലും വിമർശിക്കുന്നത്. എഡിജിപി സാമാന്തര ഇൻ്റലിജൻസ് ഉണ്ടാക്കി പൊലീസുകാരെ നിരീക്ഷിക്കുന്നുവെന്നും പൊലീസ് അസോസിയേഷൻ യോഗത്തില്‍ ആരോപണം ഉയര്‍ന്നു.
അതേസമയം, പി വി അൻവിൻ്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നുണ്ടായേകും. ഇൻ്റലിജന്‍സ് മേധാവിയെ കൊണ്ട് അന്വേഷണം നടത്തിയേക്കും. എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റിനിർത്തി അന്വേഷണം നടത്തുമോ എന്ന കാര്യം നിർണായകമാവും. അതിനിടെ, പത്തനംതിട്ട എസ്പി സുജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിഐജി ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. സുജിത് ദാസ് സർവ്വീസ് ചട്ടം ലംഘിച്ചുവെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗമാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. അൻവർ എംഎൽഎയെ വിളിച്ച് പരാതി പിൻവലിക്കാനായി സ്വാധീനിക്കാൻ ശ്രമിച്ചത് തെറ്റാണ്. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനം നടന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
കോട്ടയത്ത് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബും മുഖ്യമന്ത്രിയും തമ്മിൽ നിർണായക കൂടിക്കാഴ്ച നടക്കുകയാണ്. നാട്ടകം ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച. പാർട്ടിയും ആഭ്യന്തര വകുപ്പും പ്രതിരോധത്തിലായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടേയും ഡിജിപിയുടേയും കൂടിക്കാഴ്ച്ച പ്രധാനപ്പെട്ടതാണ്. എഡിജിപി യെ മാറ്റി നിർത്തി അന്വേഷണം വേണമെന്ന് ഡിജിപി ആവശ്യ പ്പെടുമെന്നാണ് സൂചന. ഗൗരവമായ അന്വേഷണം നടത്താതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.