മുഖ്യമന്ത്രി വി ഡി സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരസ്യ വിമർശനം ഉന്നയിച്ചതോടെ കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. അടൂർ പ്രകാശ് എഐസിസിക്ക് കത്ത് നൽകിയാൽ ബദൽ നീക്കം നടത്താനാണ് വിഡിഎസ് വിഭാഗത്തിന്റെ തീരുമാനം.

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെ പരസ്യ വിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്‍റെ അടുത്ത നീക്കം എന്ത് എന്നതിൽ കോണ്‍ഗ്രസിൽ ആകാംക്ഷ. അടൂർ പ്രകാശ് എഐസിസി ക്ക് കത്ത് കൊടുക്കുമോ എന്നാണ് കോണ്‍ഗ്രസ് നേതാക്കൾ ഉറ്റുനോക്കുന്നത്. പാർട്ടി - സർക്കാർ ഏകോപനം ഇല്ലായ്മ കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് ഇന്നലെ അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു

അതൃപ്തി അറിയിച്ച് അടൂർ പ്രകാശ് എഐസിസിക്ക് കത്തു നൽകിയാൽ ബദൽ നീക്കം നടത്താനാണ് വിഡിഎസ് വിഭാഗത്തിന്‍റെ തീരുമാനം. അടൂർ പ്രകാശിനെതിരെ തിരിച്ചും കത്ത് നൽകും. നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിക്കും. അടൂർ പ്രകാശിന്‍റെ വാദം തള്ളി കെ മുരളീധരൻ അടക്കം മന്ത്രിമാർ രംഗത്ത് വന്നിരുന്നു. അതേസമയം വിമർശനം ഉന്നയിച്ച ദിവസവും സ്ഥലവും തെറ്റായിപ്പോയെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. കെപിസിസി ഓഫീസിൽ വാർത്താസമ്മേളനം വിളിച്ച് പോർമുഖം തുറന്നതിലാണ് അതൃപ്തി. മന്ത്രി ജനീഷിനെതിരായ ഡിവൈഎഫ്ഐ പ്രതിഷേധവും മറ്റ് രാഷ്ട്രീയ വിഷയങ്ങളും മുൻനിർത്തി മുഖ്യമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ ഒരുങ്ങുമ്പോൾ ആയിരുന്നു അടൂർ പ്രകാശിന്റെ പ്രഹരം. അടൂരിലെ വീട്ടിൽ തുടരുകയാണ് അദ്ദേഹം.

മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്ന് കൂടുതൽ നേതാക്കൾ

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നാലാം മാസത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ ശൈലിക്കെതിരെ മുന്നണി കണ്‍വീനർ തന്നെ പരസ്യ വിമര്‍ശനം ഉയർത്തിയിരിക്കുകയാണ്. പാര്‍ട്ടിയിൽ പറയേണ്ടത് പരസ്യമായി പറയില്ലെന്ന് പ്രതികരിച്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ വാക്കുകളിലും മുഖ്യമന്ത്രിയുടെ ശൈലിക്കെതിരായ അതൃപ്തിയുടെ സൂചനയുണ്ട്. അഭിപ്രായം പറയേണ്ട ചില കാര്യങ്ങളാണ് നടക്കുന്നതെന്ന് യുഡിഎഫ് മുന്‍ കണ്‍വീനര്‍ ബെന്നി ബെഹ്നാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കെപിസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ മുന്നണി കണ്‍വീനര്‍ തുറന്നടിക്കുന്ന അസാധാരണ സാഹചര്യമാണ് ഉണ്ടായത്. കൂടിയാലോചനയില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്നു, ചര്‍ച്ചകളിൽ പങ്കാളിത്തമില്ല, യുഡിഎഫ് യോഗം വിളിക്കുന്നില്ല, സുതാര്യതയില്ല തുടങ്ങിയ വിമർശനങ്ങളാണ് ഉന്നയിച്ചത്. കണ്‍വീനര്‍ സ്ഥാനത്ത് ഇനി താൻ തുടരണോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്നാണ് അടൂർ പ്രകാശിന്‍റെ നിലപാട്.

YouTube video player