കോഴിക്കോട് നഗരമധ്യത്തിൽ മാനാഞ്ചിറയ്ക്ക് സമീപമുള്ള മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം പരിപാലിക്കുന്നത് പൊലീസാണ്.


കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസിൻറെ നേതൃത്വത്തിൽ ക്ഷേത്രോത്സവത്തിന് പൊങ്കാല നടത്താനുള്ള തീരുമാനത്തിൽ സേനയ്ക്ക് ഉള്ളിൽ എതിർപ്പ്. സേനാംഗങ്ങളുടെ മതനിരപേക്ഷ സ്വഭാവത്തിന് എതിരാണ് പൊങ്കാലയെന്നാണ് വിമർശനം.

കോഴിക്കോട് നഗരമധ്യത്തിൽ മാനാഞ്ചിറയ്ക്ക് സമീപമുള്ള മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം പരിപാലിക്കുന്നത് പൊലീസാണ്. ക്ഷേത്രം
ഭരണസമിതി പ്രസിഡണ്ട് സിറ്റി പൊലീസ് കമ്മീഷണറും. ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനോത്സവത്തിൻറെ ഭാഗമായാണ് പൊങ്കാല നടത്തുന്നത്. ഈ മാസം 24നാണ് ഉത്സവം. കമ്മീഷണർ രാജ് പാൽ മീണ, ക്ഷേത്രം ഭരണസമതി സെക്രട്ടറിയായ അസിസ്റ്റൻറ് കമ്മീഷണർ പ്രകാശൻ പടന്നയിൽ എന്നിവർ ഇക്കഴിഞ്ഞ പത്തിന് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചു. ഈ യോഗത്തിലാണ് പൊങ്കാല നടത്താൻ തീരുമാനിച്ചത്.

നടത്തിപ്പ് ചെലവിലേക്ക് താൽപര്യമുള്ള സേനാംഗങ്ങളിൽ നിന്ന് പണം പിരിക്കാനും യോഗത്തിൽ തീരുമാനമുണ്ടായി. ഇത് ശമ്പള റിക്കവറിയായി ഈടാക്കാനാണ് നിർദ്ദേശം. ഇതിനോടും സേനാംഗങ്ങളിൽ പലരും വിയോജിക്കുന്നുണ്ട്. ക്ഷേത്രോത്സവത്തിനായി ജില്ലയിലെ പൊലീസ് സേനാംഗങ്ങളിൽ നിന്ന് ഇരുപത് രൂപവീതം പിരിച്ചിരുന്നു. തിരക്കേറിയ മുതലക്കുളത്തും പരിസരത്തും പൊങ്കാല നടത്താനുള്ള തീരമാനം ഗതാഗത പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും സേനാംഗങ്ങൾ പങ്കുവെക്കുന്നു. ഗതാഗത പ്രശ്നങ്ങൾക്ക് പൊലീസ് തന്നെ വഴിയൊരുക്കരുതെന്നാണ് ഇവരുടെ വാദം.