എഴുത്തുകാർക്ക് അങ്ങനെയൊരു കടമയില്ലെന്നും സത്യത്തിന് ഒപ്പം നിൽക്കുകയും സത്യം വിളിച്ചു പറയുകയുമാണ് കടമയെന്നും പദ്മനാഭൻ പറഞ്ഞു.   

തിരുവനന്തപുരം: എഴുത്തുകാരൻ എം മുകുന്ദനെ പരോക്ഷമായി വിമർശിച്ച് കഥാകൃത്ത് ടി പദ്മനാഭൻ. എഴുത്തുകാർ സർക്കാരിനെ ഒപ്പം നിൽക്കണമെന്ന പ്രസ്താവനയിലാണ് വിമർശനം. എഴുത്തുകാർക്ക് അങ്ങനെയൊരു കടമയില്ലെന്നും സത്യത്തിന് ഒപ്പം നിൽക്കുകയും സത്യം വിളിച്ചു പറയുകയുമാണ് കടമയെന്നും പദ്മനാഭൻ പറഞ്ഞു.

'രണ്ടാഴ്ച മുൻപ് കേരളത്തിലെ ഒരു നോവലിസ്റ്റ് വലിയ അവാർഡ് സ്വീകരിച്ചു. ഒരു ലക്ഷം രൂപയും സ്വീകരിച്ചു. മുഖ്യമന്ത്രിയും സ്പീക്കറുമുള്ള വേദിയിൽ പ്രസംഗിച്ചു. എഴുത്തുകാരൻ്റെ കടമ ഭരണകക്ഷിക്ക് അനുകൂലമായത് പറയുകയാണെന്ന് അദ്ദേഹം പ്രസംഗിച്ചു. സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. ഞാൻ മനസിലാക്കിയത് എഴുത്തുകാരന് അങ്ങനൊരു കടമയില്ലയെന്നതാണ്. എഴുത്തുകാരൻ്റെ ധർമം സത്യത്തിന്റെ ഭാഗത്ത് നിൽക്കുക, സത്യം വിളിച്ചു പറയുക എന്നത് മാത്രമാണ്. എന്തെങ്കിലും കിട്ടാൻ വേണ്ടിയല്ല ഞാൻ എഴുതുന്നത്.' ടി പദ്മനാഭന്റെ വാക്കുകളിങ്ങനെ.

ജനുവരി 8 ന് എം മുകുന്ദൻ നിയമസഭാ പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു. അധികാരത്തിലിരിക്കുന്നവരുടെ കൂടെ എഴുത്തുകാർ നിൽക്കരുതെന്നത് തെറ്റായ ധാരണയാണെന്നും പരാമർശമുണ്ടായിരുന്നു. ഇതിനെതിരെയായിരുന്നു ടി പദ്മനാഭന്റെ പ്രതികരണം. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates