Asianet News MalayalamAsianet News Malayalam

പിഎസ്‍സി പരീക്ഷാരീതിയിൽ സമൂലമായ മാറ്റം, റാങ്ക് ലിസ്റ്റുകൾ നീട്ടില്ല, നിർണായക പ്രഖ്യാപനം

പിഎസ്‍സിയുടെ രൂപീകരണം മുതൽ അന്തിമഷോർട്ട് ലിസ്റ്റ് നടത്താൻ ഒരു പരീക്ഷ മാത്രമേയുള്ളൂ. ലക്ഷക്കണക്കിന് പേർ ഇതിനായി കാത്തിരിക്കുന്ന സ്ഥിതി ഒഴിവാക്കാൻ ആദ്യം തന്നെ എല്ലാ അപേക്ഷകരെയും ചേർത്ത് പ്രാഥമിക പരീക്ഷ നടത്തും. അതിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്കായി വിഷയാധിഷ്ഠിതമായി രണ്ടാം പരീക്ഷ.

crucial change in the exam pattern by psc declares psc chairman mk sakeer
Author
Thiruvananthapuram, First Published Aug 18, 2020, 12:26 PM IST

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാരീതിയിൽ സമൂലമായ പരിഷ്കാരങ്ങൾ വരുത്തുന്നതായി പ്രഖ്യാപിച്ച് പിഎസ്‍സി ചെയർമാൻ എം കെ സക്കീർ. രണ്ട് ഘട്ടമായിട്ടാകും ഇനിയുള്ള പരീക്ഷകൾ. ആദ്യപരീക്ഷ സ്ക്രീനിംഗ് ടെസ്റ്റായി കണക്കാക്കുമെന്നും, ഇതിൽ തെരഞ്ഞെടുക്കപ്പെടുന്ന ചുരുക്കം ചിലർക്കുള്ള രണ്ടാം ടെസ്റ്റിലെ മാർക്കാകും അന്തിമറാങ്കിംഗിൽ മാനദണ്ഡമാകുകയെന്നും പിഎസ്‍സി ചെയർമാൻ വ്യക്തമാക്കി.

അതേസമയം, നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് വീണ്ടും അദ്ദേഹം വ്യക്തമാക്കുന്നു. കൊവിഡ് കാലത്തും പിഎസ്‍സി വിജയകരമായിത്തന്നെയാണ് പ്രവർത്തിച്ചത്. 11,000-ത്തോളം നിയമനശുപാർശകൾ കൊവിഡ് കാലത്ത് നൽകാനായി. പിഎസ്‍സി പരീക്ഷാരീതിയിൽ സമൂലമായ മാറ്റം വരുത്താൻ തീരുമാനിച്ചതുകൊണ്ടുതന്നെ ഒരു വർഷമായി ഇത്തരത്തിലുളള ഒരു തീരുമാനം നടപ്പാക്കാനായി സമഗ്രമായ മാറ്റങ്ങൾ പിഎസ്‍സി പ്രവർത്തനരീതിയിൽ കൊണ്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.  

ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാം രണ്ട് ഘട്ടത്തിലായിട്ടാകും നടത്തുക. പത്ത് ലക്ഷമോ, ഇരുപത് ലക്ഷമോ പേർ അപേക്ഷിച്ചാൽ അവർക്ക് വേണ്ടി ആദ്യം നടത്തുക പ്രാഥമിക സ്ക്രീനിംഗ് ടെസ്റ്റാകും. ഇതിൽ പാസ്സാകുന്ന മികച്ച ഉദ്യോഗാർത്ഥികൾക്കായി രണ്ടാം പരീക്ഷ നടത്തും. ഇതിൽ വിഷയാധിഷ്ഠിതമായ, കൂടുതൽ മികച്ച ചോദ്യങ്ങൾ ഉണ്ടാകും. ഇതിന്‍റെ മാർക്കാകും അന്തിമറാങ്കിംഗിന്‍റെ മാനദണ്ഡം. യോഗ്യതാപരീക്ഷയിലെ മാർക്ക് അന്തിമറാങ്കിംഗിൽ പരിഗണിക്കപ്പെടില്ല. യുപിഎസ്‍സി പരീക്ഷയുടെ അടക്കം മാതൃകയിൽ മികച്ച രീതിയിൽ പരീക്ഷാരീതി സമഗ്രമായി മാറ്റുകയാണ്. ഇത് ഇന്നലെ മുതൽ നിലവിൽ വന്നതായും പിഎസ്‍സി ചെയർമാൻ വ്യക്തമാക്കി.

യോഗ്യതാപരീക്ഷ പാസ്സായി വരുന്നത് വളരെക്കുറച്ച് ആളുകൾ മാത്രം ആകും എന്നതിനാൽ പരീക്ഷാഫലം വരാൻ വൈകില്ല. ഈ പരീക്ഷയുടെ മൂല്യനിർണയം വളരെപ്പെട്ടെന്ന് തന്നെ പുറത്തുവരും. ഡിസംബർ മുതലുള്ള പരീക്ഷകളിലാണ് ഈ പുതിയ രീതി നടപ്പാകുക എന്നും പിഎസ്‍സി ചെയർമാൻ അറിയിക്കുന്നു. കൂടുതൽ പേർ പരീക്ഷയെഴുതുന്ന തസ്തികകളിലാകും ഈ മാറ്റം ആദ്യം വരിക. 

മാറ്റിവച്ച പരീക്ഷകൾ സെപ്റ്റംബർ മുതൽ നടത്തിത്തുടങ്ങും. കൊവിഡ് മാനദണ്ഡം പാലിച്ചാകും പരീക്ഷകൾ നടത്തുക.  

അതേസമയം, ഓൺലൈൻ വെരിഫിക്കേഷന് അടക്കം പുതിയ രീതി പ്രഖ്യാപിക്കുകയാണെന്നും പിഎസ്‍സി വ്യക്തമാക്കുന്നു. ഇത് കൊവിഡ് കാലത്തേയ്ക്കുള്ള താൽക്കാലി സംവിധാനമാകും. PCN നമ്പർ ഉള്ള, അതായത് മറ്റ് ജോലികൾക്കായി ഒരു തവണ പിഎസ്‍സി രേഖകൾ വെരിഫിക്കേഷൻ നടത്തി രേഖകൾ ഹാജരാക്കിയ ഉദ്യോഗാർത്ഥികൾ വീണ്ടും ഈ രേഖകൾ ഹാജരാക്കി വെരിഫിക്കേഷൻ നടത്തേണ്ടതില്ല. അതല്ലെങ്കിൽ തൊട്ടടുത്തുള്ള ജില്ലാ ആസ്ഥാനങ്ങളിൽ പോയി വെരിഫിക്കേഷൻ നടത്താം. കൊവിഡ് രോഗബാധിതരോ, കണ്ടെയ്ൻമെന്‍റ് സോണുകളിലോ ഉള്ള ആർക്കെങ്കിലും ഒരു കാരണവശാലും വെരിഫിക്കേഷന് വരാനാകില്ല എന്ന് വ്യക്തമായാൽ ഓൺലൈൻ വഴി വെരിഫിക്കേഷൻ നടത്താം. അവർ എല്ലാ ഡോക്യുമെന്‍റുകളും ഓൺലൈനായി അപ്‍ലോഡ് ചെയ്യണം. അവരെ വീഡിയോ കോൺഫറൻസിംഗ് വഴി കണ്ട് വെരിഫിക്കേഷൻ നടത്തും. എന്നാൽ ഇതും താൽക്കാലികമാകും. അന്തിമനടപടികൾക്ക് മുമ്പ് ഈ സർട്ടിഫിക്കറ്റുകൾ നേരിട്ട് ഉദ്യോഗാർത്ഥികൾ ഹാജരാക്കിയേ തീരൂ. 

അതോടൊപ്പം പിഎസ്‍സി നടത്തുന്ന ഏറ്റവുമുയർന്ന പരീക്ഷയായ കെഎഎസ്, കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസസിന്‍റെ പ്രാഥമികപരീക്ഷാഫലം ഓഗസ്റ്റ് 26-ന് വരുമെന്നും പിഎസ്‍സി ചെയർമാൻ അറിയിക്കുന്നു. 

ഒപ്പം റാങ്ക് ലിസ്റ്റുകളിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുന്നത് നിലവിലെ ചട്ടങ്ങൾ പ്രകാരമാണ്. ഇത് ഉദ്യോഗാർത്ഥികൾ കൂടി അറിഞ്ഞുകൊണ്ടാണ്. ഒരേ ആളുകൾ തന്നെ പല റാങ്ക് ലിസ്റ്റുകളിൽ ഇടം നേടാറുണ്ട്. ചിലർ ഏറ്റവും സൗകര്യപ്രദമായ ജോലി സ്വീകരിച്ച് മുന്നോട്ടുപോകും. അപ്പോൾ തൊട്ടുതാഴെയുള്ള ആളുകളെ ഈ റാങ്കിലേക്ക് പരിഗണിക്കും. ഇത് കാലങ്ങളായി നടന്നുവരുന്നതാണ്. ഒഴിവിന്‍റെ അഞ്ചിരട്ടി ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തണമെന്നാണ് നിയമം. റാങ്ക് ലിസ്റ്റിന്‍റെ എണ്ണം വെട്ടിച്ചുരുക്കാൻ കഴിയില്ല. പല തട്ടിലുള്ള ഉദ്യാഗാർത്ഥികളെ ഒപ്പം നിർത്തി പ്രശ്നം സൃഷ്ടിക്കുന്നത് ആക്ഷേപകരമാണെന്നും അദ്ദേഹം പറയുന്നു. 

2015ൽ 68 ലക്ഷം ഉദ്യോഗാർത്ഥികളാണ് കേരളത്തിലുണ്ടായിരുന്നത്. 2018ൽ ഇത് ഒരു കോടി കഴിഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഒന്നേകാൽ കോടി ഉദ്യോഗാർത്ഥികൾ കേരളത്തിലുണ്ട്. അതിനാലാണ് കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ പി എസ് സി വരുത്തുന്നതെന്നും പിഎസ്‍സി ചെയർമാൻ. 

വാർത്താസമ്മേളനം പൂർണരൂപം:

Follow Us:
Download App:
  • android
  • ios