മെസ്സി സന്ദർശന വിവാദത്തിൽ നിർണായക കണ്ടെത്തൽ. മെസ്സിയുടെ വരവിന്റെ പേരിൽ സ്പോൺസർ വൻതോതിൽ ധന സമാഹരണം നടത്തി എന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തി. കൈമാറിയ പണം സ്പോൺസറുടേത് അല്ലെന്നും വിവരങ്ങൾ.
തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മെസ്സിയുടെ വരവിന്റെ പേരിൽ സ്പോൺസർ വൻതോതിൽ ധന സമാഹരണം നടത്തി എന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തി. കൈമാറിയ പണം സ്പോൺസറുടേത് അല്ലെന്നും പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഭീമമായ തുകയ്ക്ക് വായ്പ രേഖയോ നികുതി രേഖയോ ഇല്ല. അടിമുടി അവ്യക്തമായ പണം കൈമാറ്റത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ജിഎസ്ടി വകുപ്പ് ആവശ്യപ്പെട്ടു.
രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് സ്പോൺസർ പണം സമാഹരിച്ചതെന്നാണ് ജിഎസ്ടി വകുപ്പിൻ്റെ കണ്ടെത്തൽ. സ്പോൺസറുടെ അക്കൗണ്ടിൽ എത്തിയത് 206 കോടിയാണ്. രണ്ട് സ്ഥാപനങ്ങളും പണം വായ്പയായി നൽകി എന്നതിന് രേഖകളില്ല. കൂടാതെ സ്പോൺസറുടെ അക്കൗണ്ടിൽ എത്തിയ പണം ഉടൻ മാറ്റുകയും ചെയ്തു. പണം വന്നതിൽ ദുരൂഹതയുണ്ടെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തലിൽ വ്യക്തമാക്കി. ഫെമ നിയമം ഉൾപ്പെടെ ലംഘിച്ചോ എന്ന് പരിശോധിക്കണം എന്നാവശ്യപ്പെട്ട ജിഎസ്ടി അന്വേഷണ സംഘം സ്പോൺസറുടെ അക്കൗണ്ട്, ഇടനില അക്കൗണ്ട് ആയി പ്രവർത്തിച്ചോ എന്നും സംശയം പ്രകടിപ്പിച്ചു. അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് ജിഎസ്ടി പ്രത്യേക അന്വേഷണം സംഘം റിപ്പോർട്ട് നൽകി.
