പെരുങ്കുളം മുതൽ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്. കണ്ണില്ലാത്ത ക്രൂരതയാണ് സാധുമൃഗത്തോട് കാട്ടിയത്
മലപ്പുറം: എടക്കരയിൽ വളർത്തുനായയോട് വീട്ടുകാരന്റെ ക്രൂരത. നായയെ ഇരുചക്രവാഹനത്തിന്റെ പുറകിൽ കെട്ടിയിട്ട് വാഹനം ഓടിച്ചു. വണ്ടിക്ക് ഒപ്പമെത്താൻ കിണഞ്ഞ് പരിശ്രമിക്കുന്ന നായയെ കണ്ട് നാട്ടുകാർ ഇവർക്ക് പുറകെ പോയി. വാഹനം നിർത്താനുള്ള നാട്ടുകാരുടെ ആവശ്യത്തെ അവഗണിച്ച് ഉടമ വീണ്ടും സ്കൂട്ടറോടിച്ചു.
പെരുങ്കുളം മുതൽ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്. കൂടുതൽ നാട്ടുകാർ സംഘടിച്ചതോടെ ഇയാൾ സ്കൂട്ടറിൽ നിന്ന് നായയുടെ കെട്ടഴിച്ച് മാറ്റി. പിന്നീട് വാഹനവുമായി കടന്നുകളഞ്ഞു. നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയതെന്നാണ് സൂചന. നായയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം തുടങ്ങി.
