Asianet News MalayalamAsianet News Malayalam

രോഗമുക്തിയില്‍ ആശ്വാസദിനം; സംസ്ഥാനത്ത് 90 പേര്‍ക്ക് കൂടി കൊവിഡ് മുക്തി, 75 പേര്‍ക്ക് രോഗം

വീരമൃത്യു മരിച്ച സൈനികര്‍ക്ക്  ആദരമര്‍പ്പിച്ചായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്.  സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

current covid status of kerala
Author
Trivandrum, First Published Jun 17, 2020, 6:03 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 90 പേരാണ് രോഗമുക്തി നേടിയത്. വീരമൃത്യു മരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ചായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്.  സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണമടഞ്ഞത് 20 പേരാണ്. വിദേശരാജ്യങ്ങളില്‍ ഇന്നലെ വരെ 277 കേരളീയര്‍ രോഗം ബാധിച്ച് മരിച്ചു. 

രാജ്യത്തിനകത്ത് വിവിധ നഗരങ്ങളിലായി കേരളീയർ കൊവിഡ് ബാധിച്ച് മരണമടയുന്ന വാർത്ത കേൾക്കുന്നു. ഇന്നും ദില്ലിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചു. ഇതെല്ലാം നൽകുന്ന സൂചന നാം നേരിടുന്ന അവസ്ഥ ഗുരുതരമാണെന്നാണ്. അതുപോലെ ഈ രോഗം കൂടുതൽ പേരിലേക്ക് പകരുന്നത് ഒഴിവാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 19 പേരാണ്. സമ്പർക്കം മൂലം 3 പേർക്കാണ് രോഗം വന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര 8, ദില്ലി 5, തമിഴ്നാട് 4, ആന്ധ്ര, ഗുജറാത്ത് 1 വീതം. നെഗറ്റീവായത് തിരുവനന്തപുരം 10, കൊല്ലം 4, പത്തനംതിട്ട 5, ആലപ്പുഴ 16, കോട്ടയം 3, എറണാകുളം 2, പാലക്കാട് 24. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കൊല്ലം 14, മലപ്പുറം 11, കാസർകോട് 9, തൃശ്ശൂർ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 3, കോട്ടയം 4, കണ്ണൂർ 4, വയനാട് 3, പത്തനംതിട്ടയും ആലപ്പുഴയും 1 വീതം. 

5876 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ 2697 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1351 പേർ ചികിത്സയിലുണ്ട്. 1,25307 പേരാണ് നിരീക്ഷണത്തിലുള്ളത്. 1989 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 203 പേരാണ് ആശുപത്രിയിലായത്.  ഇതുവരെ 1,22,466 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3019 പരിശോധനാഫലം വരാനുണ്ട്. സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി 33,559 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 32,300 നെഗറ്റീവായി.

സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 110 ആയി. ലോക്ക് ഡൗൺ ലഘൂകരിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യാത്ര അനുവദിക്കുകയും ചെയ്തതോടെ ഇത് മൂന്നാംഘട്ടമാണ്. മെയ് 4 വരെ 3 പേരാണ് സംസ്ഥാനത്ത് മരണമടഞ്ഞത്. ഇപ്പോഴത് 20 ആയി വർദ്ധിച്ചു. പുറമേ നിന്ന് വന്ന പ്രായാധിക്യമുള്ള മറ്റ് രോഗങ്ങളുള്ളവരാണ് മരണമടഞ്ഞത്. ഇതുവരെയുള്ള ഇടപെടലുകൾ ഫലപ്രദമായതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ്: സാമൂഹ്യാകലം, മാസ്ക് ധരിച്ചത്, സമ്പർക്കവിലക്ക് പാലിച്ചത്, റിവേഴ്സ് ക്വാറന്‍റൈൻ. ഇവയെല്ലാം പഴുതുകളില്ലാതെ നടപ്പാക്കാനാകണം. അത് കഴിഞ്ഞാൽ രോഗബാധയെ പിടിച്ച് നിർത്താനാകും. 

എല്ലാവരും അവസരോചിതമായി ഇടപെടേണ്ട സമയമാണ്. നിയന്ത്രണങ്ങൾ സ്വയം പിന്തുടരുക. ഒപ്പം, മറ്റുള്ളവരെ രോഗനിയന്ത്രണനടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിക്കണം. അങ്ങനെ എല്ലാവരും ആരോഗ്യസന്ദേശപ്രചാരകരാകണം. രോഗചികിത്സയ്ക്കായി പ്രത്യേക ആശുപത്രികളുണ്ട്. അതിന് പുറമേ ഗുരുതരമായ അസുഖമില്ലാത്തവരെ ചികിത്സിക്കാൻ ഒന്നാം നിര ചികിത്സാകേന്ദ്രം രണ്ടെണ്ണം വീതം എല്ലാ ജില്ലകളിലും സ്ഥാപിച്ചുതുടങ്ങി.

കൊവിഡ് ഇതരരോഗികളുടെ ചികിത്സ സർക്കാരാശുപത്രികളിൽ തുടങ്ങി. സ്വകാര്യാശുപത്രികളിലും ഇത് തുടങ്ങുന്നു. കൊവിഡിന്‍റെ സാമൂഹ്യവ്യാപനം അറിയാനുള്ള ആന്‍റിബോഡി ടെസ്റ്റും പുരോഗമിക്കുകയാണ്. സ്വകാര്യ ലാബുകളിലെ ആർടിപിസിആർ ടെസ്റ്റ് ചെലവ് മറ്റ് ചില സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും സർക്കാർ നിശ്ചയിച്ച് നിയന്ത്രിക്കണമെന്ന് വിദഗ്ധസമിതി നൽകിയിട്ടുണ്ട്. ഇതിൽ തീരുമാനം ഉടൻ ഉണ്ടാവും. 

ഐസിഎംആർ അംഗീകാരമുള്ള 30 മിനിറ്റിനകം ഫലം വരുന്ന ദ്രുതപരിശോധനാകിറ്റുകൾ കേരളത്തിലും ഉപയോഗിക്കണമെന്ന ശുപാർശയും പരിഗണിക്കും. യാത്രാനിയന്ത്രണങ്ങളിൽ ഇളവ് വന്നപ്പോൾ കേരളത്തിൽ കൊവിഡ് പൊസീറ്റീവ് എണ്ണം ഗണ്യമായി കൂടി. മെയ് 8-ന് ശേഷമുള്ള കണക്കുകൾ ഇത് സൂചിപ്പിക്കുന്നു. മെയ് 8-ന് 16 പുതിയ രോഗികൾ മാത്രമായിരുന്നു. ഇന്ന് അത് 2697 ആയി. മെയ് 8-വരെ 503 രോഗികളേ ഉണ്ടായിരുന്നുള്ളൂ. 

വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും സ്വീകരിക്കുക തന്നെയാണ് ചെയ്യുന്നത്. ഇതിൽ മാറ്റമില്ല. സമ്പർക്കത്തിലൂടെ രോഗം പടരുന്നത് തടയും. ഇക്കാര്യത്തിൽ മുൻകരുതലില്ലെങ്കിൽ രോഗവ്യാപനത്തോത് കൈവിട്ട് പോകും. ഈ ജാഗ്രതയുടെയും മുൻകരുതലിന്‍റെയും ഭാഗമായാണ് അവർ പുറപ്പെടുന്നിടത്ത് കൊവിഡ് പരിശോധന വേണമെന്ന് സർക്കാർ പറഞ്ഞത്.

ഇത് കേന്ദ്രത്തിന് മുന്നിൽ തുടക്കത്തിൽത്തന്നെ മുന്നോട്ട് വച്ചിരുന്നു. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമേ പ്രവാസികൾ വരാവു എന്ന് മെയ് 5-നും സർക്കാർ ആവർത്തിച്ചിരുന്നു. വന്ദേഭാരത് മിഷനിലൂടെ ആളുകളെ കൊണ്ടുവരുന്നതിന് കേന്ദ്രം നടപടി എടുത്തപ്പോൾ അങ്ങനെ വരുന്നവർക്കും കൊവിഡ് ടെസ്റ്റ് വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്.

ഈ മാസം ആദ്യം സ്പൈസ് ജെറ്റിന്‍റെ 300 ചാർട്ടേഡ് വിമാനങ്ങൾക്ക് സർക്കാർ എൻഒസി നൽകിയിരുന്നു. കൊവിഡ് നെഗറ്റീവാകുന്നവരെയേ കൊണ്ടുവരു എന്നാണ് സ്പൈസ് ജെറ്റ് അറിയിച്ചതാണ്. ഇത് അവർ തന്നെ സർക്കാരിന് മുന്നിൽ വച്ച നിബന്ധനയാണ്. ചില സംഘടനകൾ ചാർട്ടേഡ് ഫ്ലൈറ്റിന് അനുവാദം ചോദിച്ചപ്പോൾ സർക്കാർ അതും നൽകി. 

ഇത് എല്ലാവർക്കും കൊവിഡ് പരിശോധന നിർബന്ധമാണ്. ചാർട്ടേഡ് ഫ്ലൈറ്റുകളിൽ സ്പൈസ്ജെറ്റ് പരിശോധന നടത്തിയാണ് വന്നത്. ഈ ജൂൺ 30-ന് അകം നൂറ് വിമാനങ്ങൾ വരുന്നെന്നും ഓരോ യാത്രക്കാർക്കും പ്രത്യേകമായി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടാകുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി സ്പൈസ്ജെറ്റ് സിഎംഡിയോട് സംസാരിച്ചപ്പോൾ അദ്ദേഹം അറിയിച്ചതാണ്. 

യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് നടത്താൻ പ്രയാസമുണ്ട് എന്ന് അറിവ് കിട്ടിയിട്ടുണ്ട്. ഇങ്ങനെ പ്രയാസമുണ്ടെങ്കിൽ ട്രൂനാറ്റ് ടെസ്റ്റ് നടത്തിയാൽ മതി, ആന്‍റിബോഡി ടെസ്റ്റും നടത്താം. ഇതിന്‍റെയെല്ലാം ഫലം പെട്ടെന്ന് ലഭിക്കും. പരിശോധനയ്ക്ക് കുറഞ്ഞ ചെലവേ വരു. യാത്രക്കാർ ഉചിതമായ ടെസ്റ്റാണ് ട്രൂനാറ്റ്. 

ഇവിടെ പരമാവധി ആയിരം രൂപയ്ക്ക് ടെസ്റ്റ് നടത്താമെന്നിരിക്കെ, ചിലയിടങ്ങളിൽ വലിയ തുക ചിലർ ഈടാക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. 10000 രൂപ വരെ ഈടാക്കുന്ന നിലയുണ്ട് എന്ന് പരാതികളുണ്ട്. ഇത് ന്യായീകരിക്കാവുന്നതല്ല. സംസ്ഥാനം ആവശ്യമുന്നയിക്കുന്നത് കേന്ദ്രത്തിന് മുന്നിലാണ്. അത് വ്യക്തമാണ്. രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലർത്തി ഒരേ വിമാനത്തിൽ കൊണ്ടുവരാനാകില്ല. അത് വലിയ അപകടമായി മാറും. ഇതുമായി ബന്ധപ്പെട്ട് പരിശോധന സുഗമമാക്കാൻ എംബസികൾ വഴി ഇടപെടൽ കേന്ദ്രം നടത്തണം. ഇതാണ് പ്രധാനമന്ത്രിയോട് സംസ്ഥാനം ആവശ്യപ്പെട്ടത്.

അത്തരം രാജ്യങ്ങളുമായി ഈ സാഹചര്യത്തിൽ കേന്ദ്രം ബന്ധപ്പെടണം. അങ്ങനെ വന്നാൽ ആവശ്യമായ സൗകര്യങ്ങളുണ്ടാക്കാനാകും. നേരത്തേ ഇറ്റലിയിൽ കുടുങ്ങിയവരെ കൊണ്ടുവരുമ്പോൾ രാജ്യം ഇത് ചെയ്തിരുന്നു. ചാർട്ടേഡ് വിമാനങ്ങളിലും വന്ദേഭാരത് വിമാനങ്ങളിലും വരുന്നവർക്ക് പരിശോധന കൂടിയേ തീരു.

ഖത്തറിലെ അംബാസിഡർ നമ്മുടെ നിർദേശത്തോട് പ്രതികരിച്ചു. അദ്ദേഹം പറയുന്നത് ഇങ്ങനെ: ഖത്തറിൽ പുറത്തിറങ്ങുന്ന എല്ലാവർക്കും എഫ്തരാസ് എന്ന ആപ്പ് നി‍ർബന്ധമാണ്. അതിൽ ഗ്രീൻ സ്റ്റാറ്റസുള്ളവർ കൊവിഡ് നെഗറ്റീവായിരിക്കും. ഇതുള്ളവർക്കേ പൊതുസ്ഥലങ്ങളിൽ പ്രവേശനമുള്ളു. അല്ലാത്തവർ പുറത്തിറങ്ങിയാൽ കടുത്ത ശിക്ഷയാണ്. അതിനാൽ ഖത്തറിൽ നിന്നുള്ളവർക്ക് വേറെ പരിശോധന തന്നെ മതിയാകും. 

യുഎഇ എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റുണ്ട്. ഇത് ഫലപ്രദമാണ്. മറ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും വിമാനകമ്പനികൾ അതാത് രാജ്യത്തെ ആരോഗ്യഅധികൃതരുമായി ചേർന്ന് ടെസ്റ്റ് നടത്തണം. അങ്ങനെ വന്നാൽ പ്രശ്നമുണ്ടാകില്ല. മറ്റ് പല രാജ്യങ്ങളിലും ഈ സൗകര്യമില്ലാത്തതാണ് പ്രവാസികളെ കുഴക്കുന്നത്.

നിലവിലെ സ്ഥിതിയിൽ വിദേശത്ത് നിന്ന് ഇവിടെ വരുന്നവരിൽ ഒന്നര ശതമാനത്തിന് രോഗം വരുന്നു. യാത്രക്കാരുടെ എണ്ണം ഇനിയും കൂടും. രണ്ട് ലക്ഷത്തിലും കൂടും. അങ്ങനെ വരുമ്പോൾ കൊവിഡ് പോസിറ്റീവായവരുടെ എണ്ണവും കൂടും. ആ സാധ്യത മുന്നിൽക്കാണണം. ഉദ്ദേശം 2% ആളുകൾ പോസിറ്റീവായാൽ അതിന്‍റെ ഭാഗമായി വിദേശത്ത് നിന്ന് വരുന്നവരിൽ 4000-ത്തോളം ആളുകൾക്ക് രോഗം വരും. ഇവരിൽ നിന്ന് സമ്പർക്കം മൂലം കൂടുതലാളുകൾക്ക് രോഗം വ്യാപിക്കും. ഇത് കൂടുതൽ വ്യാപനത്തിലേക്ക് കടന്നാൽ സമൂഹവ്യാപനം എന്ന വിപത്തും സംഭവിച്ചേക്കാം. നമ്മുടെ സംസ്ഥാനത്ത് ഇതുവരെ എത്തിച്ചേർന്നവരുടെ വിവരങ്ങൾ ഇങ്ങനെ

വന്ദേഭാരത് മിഷൻ വഴി 179 വിമാനങ്ങൾ, 124 സ്വകാര്യ ചാർട്ടേഡ് വിമാനങ്ങൾ എന്നിവ വന്നു. ആകെ 303. ജൂൺ 24 വരെ 149 ഫ്ലൈറ്റുകൾ ചാർട്ട് ചെയ്തിട്ടുണ്ട്. വന്ദേഭാരത് മിഷനിൽ 171 ഫ്ലൈറ്റുകൾ വരും. സ്പൈസ്ജെറ്റ് 100. ഇതായാൽ 420 ഫ്ലൈറ്റുകൾ മൊത്തം വരും. ഇന്നലെ വരെ, 1366 പോസിറ്റീവ് കേസുകളാണ് നമുക്കുള്ളത്. ഇതിൽ 1246 എണ്ണം വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നത് 533. വിദേശത്ത് നിന്ന് വന്നത് 713. ശതമാനക്കണക്കിൽ മൊത്തം കേസുകളുടെ 52.19 ശതമാനമാണ്. വിദേശത്ത് നിന്നുള്ള സഹോദരീ സഹോദരൻമാരെ എല്ലാം സ്വാഗതം ചെയ്യുന്നു. അതോടൊപ്പം രോഗവ്യാപനം അവരിലും മറ്റുള്ളവരിലും തടയണം. അതിനുള്ള നിയന്ത്രണങ്ങളാണ് സർക്കാർ നടത്തുന്നത്.

ഇന്നത്തെ സാഹചര്യത്തിൽ സാമ്പത്തികപ്രയാസം നേരിടുന്ന പ്രവാസികളുണ്ട്. അവർക്ക് സൗജന്യമായി ടെസ്റ്റ് നടത്താൻ കേന്ദ്രം സൗകര്യം ഏർപ്പെടുത്തണം. യാത്ര ആരംഭിക്കുന്ന വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധനയ്ക്ക് സൗകര്യം വേണം. കൊവിഡ് ബാധിച്ചവരെ ഇങ്ങോട്ട് പ്രവേശിപ്പിക്കില്ല എന്ന് സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ല. പരിശോധന നടത്തണമെന്നാണ് പറഞ്ഞത്.

ഇതിൽ ദുരുദ്ദേശപരമായ പ്രചാരണം നടത്തുന്നുണ്ട്. ഇതിൽ ഒരു കേന്ദ്രസഹമന്ത്രിയുമുണ്ട്. ഇതേ കേന്ദ്രസഹമന്ത്രി മാർച്ച് 11-ന് പറഞ്ഞതിങ്ങനെ: ''രോഗം ബാധിച്ചവരും ഇല്ലാത്തവരും ഒരേ വിമാനത്തിൽ യാത്ര ചെയ്താൽ രോഗം പകരാം. അതത് രാജ്യങ്ങളിൽ പരിശോധന നടത്തി, രോഗമില്ലാത്തവരെ കൊണ്ടുവരികയും രോഗമുള്ളവരെ അവിടെ ചികിത്സിക്കുകയുമാണ് പ്രായോഗികം''. 

ഇപ്പോൾ അതിൽ നിന്ന് മാറി. കേരളം അത്തരം നിലപാട് എടുത്തിട്ടേയില്ല. രോഗമുള്ളവരെ നാട്ടിലെത്തിക്കാൻ തടസ്സമില്ല എന്ന് തന്നെയാണ് കേരളം പറയുന്നത്. പക്ഷേ രോഗമുള്ളവർ മാത്രമായിട്ട് വരണം. അവരെ പ്രത്യേകമായി കൊണ്ടുവന്നാൽ രണ്ട് കൈയും നീട്ടി സ്വീകരിക്കാൻ കേരളം തയ്യാർ. എല്ലാ ചികിത്സയും നൽകാൻ. രോഗമുള്ളവർ അവിടെ കഴിയട്ടെ എന്ന നിലപാട് ഒരു ഘട്ടത്തിലും സംസ്ഥാനം പറഞ്ഞിട്ടില്ല. പരിശോധനയില്ലാതെ വരുന്നത് രോഗവ്യാപനം കൂട്ടുമെന്ന് സംസ്ഥാനം ആശങ്കപ്പെട്ടപ്പോൾ കേന്ദ്രസഹമന്ത്രി മെയ് 5-ന് പ്രതികരിച്ചത് ''ഇദ്ദേഹത്തിനോട് ആരാണ് പറഞ്ഞത് കൊറോണയുടെ ടെസ്റ്റില്ലാതെയാണ് കൊണ്ടുവരുന്നതെന്ന്. ഞങ്ങൾ അവിടെ നിന്ന് ടെസ്റ്റ് നടത്തുന്നു. എന്നിട്ടേ വിമാനത്തിൽ കയറ്റൂ'', എന്നാണ്. 

ഇത് പറഞ്ഞയാൾ തന്നെയാണ് കേരളത്തെ കുറ്റം പറയുന്നത്. മെയ് 5-ന് ശേഷം എന്ത് മാറ്റമാണ് വന്നത്? അത് അദ്ദേഹം തന്നെ വ്യക്തമാക്കണം. ഒരു കാര്യം വ്യക്തം. കൊവിഡ് ബാധിച്ചവർ മറ്റുള്ളവർക്കൊപ്പം യാത്ര ചെയ്യുന്നത് ഒഴിവാക്കണം. രോഗബാധയുള്ളവരെ അവർക്ക് യാത്ര ചെയ്യാൻ ആരോഗ്യമുണ്ടെങ്കിൽ പ്രത്യേകവിമാനത്തിൽ കൊണ്ടുവരണം. 

വന്ദേഭാരത് ഫ്ലൈറ്റുകളിൽ ഇന്ത്യൻ എംബസിയാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്. അർഹർക്ക് മുൻഗണന നൽകാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. പല വട്ടം. ഇത് സുതാര്യമാകണം. ഈ ലിസ്റ്റ് മുൻഗണന സൂചിപ്പിച്ച് പ്രസിദ്ധീകരിക്കണം. ഈ ലിസ്റ്റ് അന്തിമമായാൽ വിമാനം പുറപ്പെടുന്നതിന് മൂന്ന് ദിവസത്തെ ഇടവേളയുണ്ടാകും. പത്ത് മണിക്കൂറിലേറെ യാത്രവേണ്ട പ്രദേശങ്ങളിൽ നിന്ന് വരുന്നവർക്ക് മുംബൈയിലോ ദില്ലിയിലോ ഇറങ്ങേണ്ടി വരുന്നു. ഇത് കണക്കിലെടുത്ത് ഈ ഫ്ലൈറ്റുകൾ കേരളത്തിലെ ഏതെങ്കിലും വിമാനത്താവളങ്ങളിലേക്ക് നീട്ടണം. ഇങ്ങനെ ദില്ലി, മുംബൈ, ബംഗളുരു എന്നിവിടങ്ങളിൽ ഇറങ്ങുന്നവർ അവിടെ ക്വാറന്‍റീൻ ചെയ്യപ്പെടുന്നു. ഇവർക്ക് കേരളത്തിൽ വീണ്ടും ക്വാറന്‍റീൻ വേണം. ഇതിന് പ്രത്യേക മാനദണ്ഡം വേണം.

ആദ്യം എത്തിച്ചേരുന്ന ഇടത്ത് നിന്ന് അഞ്ച് ദിവസത്തിനകം കേരളത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇവിടെ ക്വാറന്‍റീൻ വേണം. പത്ത് മണിക്കൂറിലധികം പറക്കേണ്ട യാത്രകളിൽ വലിയ വിമാനങ്ങൾ ഉപയോഗിക്കണം. നാട്ടിലേക്ക് തിരിച്ച് വരാൻ ആഗ്രഹിക്കുന്നവരിൽ ചെറിയ ശതമാനത്തിന് മാത്രമേ വന്ദേഭാരത് വഴി വരാനാകുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് ചാർട്ടേഡ് ഫ്ലൈറ്റ് വന്നത്. ഇതിന്‍റെ ചാർജ് വന്ദേഭാരത് ചാർജിന് സമാനമാകണം. ഇതും സംസ്ഥാനം തുടക്കം മുതൽ ആവശ്യപ്പെടുന്നു.

ജോലി പോയ പ്രവാസികൾക്ക് കേന്ദ്രം അടിയന്തരസഹായം നൽകണം. ജോലി നഷ്ടപ്പെട്ടതോടെ ആ രാജ്യങ്ങളിലെ സാമൂഹ്യസുരക്ഷയും നഷ്ടമാകാനാണ് സാധ്യത. സ്പെഷ്യൽ ഫ്ലൈറ്റുകൾ തിരികെ പോകുമ്പോൾ സുരക്ഷ പാലിച്ച് യാത്രക്കാരെ എടുക്കാനാകും. അങ്ങനെയെങ്കിൽ യാത്രാ നിരക്ക് കുറയ്ക്കാനാകും.

തിരികെ ആളുകൾ വരുന്ന കാര്യത്തിൽ വലിയ തെറ്റായ പ്രചാരണങ്ങൾ നടക്കുകയാണ്. എംബസികൾ ടെസ്റ്റ് നടത്തണം എന്ന് പറഞ്ഞാൽ ടെസ്റ്റിനായി എല്ലാവരും എംബസിയിൽ പോകണം എന്നല്ല. സൗകര്യങ്ങൾ എംബസി നടത്തണം എന്നാണ്. എംബസിയിൽ നിന്ന് 500-600 കിമീ ദൂരെയാണ് എന്ന പ്രചാരണങ്ങളെല്ലാം കഴമ്പില്ലാത്തതാണ്. വിമാനത്താവളത്തിലെത്തുമ്പോൾ ആ പരിസരത്ത് സൗകര്യങ്ങളൊരുക്കാവുന്നതാണ്. കേരളത്തെ ഏറ്റവും സുരക്ഷിതസ്ഥലമായാണ് വിലയിരുത്തുന്നത്. അത് തുടർന്ന് കൊണ്ടുപോകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. 

ഇതൊരു മഹാദുരന്തഘട്ടമാണ്. ജനങ്ങളുടെ ആരോഗ്യം വച്ച് രാഷ്ട്രീയം കളിക്കരുത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ വരുമ്പോൾ നമ്മുടെ സുരക്ഷ വച്ച് പല കളികൾ നടന്നല്ലോ. പ്രവാസികൾക്കായി ഒരുക്കിയ സൗകര്യങ്ങൾ പോര എന്നതായിരുന്നല്ലോ മറ്റൊന്ന്. ഇത് ജനങ്ങൾക്കിടയിൽ അരക്ഷിതത്വവും ഭയവും സൃഷ്ടിക്കാനുള്ള നീക്കമാണിത്. കണ്ടെയ്ൻമെന്‍റ് സോണുകളിൽ മികച്ച നിയന്ത്രണം നടത്തുന്നു. ഘട്ടം ഘട്ടമായി സാധാരണനിലയിലെത്തുന്ന പ്രവർത്തനങ്ങളാണ് സ്വീകരിക്കുന്നത്. പുറത്തുനിന്ന് വരുന്നവരടക്കം എല്ലാവർക്കും സുരക്ഷിതമായ ഇടം എന്നാണ് സർക്കാരിന്‍റെ ആഗ്രഹം.

 

Follow Us:
Download App:
  • android
  • ios