ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 2 വിദ്യാര്‍ത്ഥിനികളെ വെന്‍റിലേറ്ററില്‍നിന്ന് മാറ്റിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിദഗ്ധ സംഘത്തിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു
കൊച്ചി:കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ അപകടം നടന്ന ഓഡിറ്റോറിയത്തില്‍ പരിശോധന നടത്തി വിദഗ്ധ സംഘം. ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി അംഗങ്ങളാണ് വിശദമായ പരിശോധന നടത്തിയത്. തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ നിന്നുള്ള രണ്ടു പേരാണ് ഓഡിറ്റോറിയത്തിൽ സാങ്കേതിക പരിശോധന നടത്തിയത്. പടവുകളുടെയും പ്രധാന ഭാഗങ്ങളുടെയും അളവുകള്‍ രേഖപ്പെടുത്തിയെന്നും വിശദമായി പരിശോധിച്ചുവെന്നും സമിതി അംഗം ഡോ. സുനില്‍ പറഞ്ഞു. തുടര്‍ന്നും പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുസാറ്റ് സിൻഡിക്കറ്റ് യോഗം ഉച്ചയ്ക്ക് ശേഷം ചേരും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എം എസ് രാജാശ്രീയുടെ നേതൃത്വത്തിലുള്ള സംഘം കുസാറ്റില്‍ പരിശോധന നടത്തുന്നുണ്ടെന്നും ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. പരിപാടിയുടെ വിവരം പൊലീസിന് അറിയാമായിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും ആറു പൊലീസുകാര്‍ അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്നും ആര്‍. ബിന്ദു പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് മൂന്ന് അന്വേഷണങ്ങളാണ് നടക്കുന്നതെന്നും ഇന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി യോഗവും സിന്‍ഡിക്കേറ്റ് യോഗവും ചേരുന്നുണ്ടെന്നും ഇതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും കുസാറ്റ് വൈസ് ചാന്‍സിലര്‍ പിജി ശങ്കരന്‍ പറഞ്ഞു.
അതേസമയം, കുസാറ്റ് അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 2 വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടുപേരെയും വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇവരടക്കം 17 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ ഉള്ളത്. കളമശേരി മെഡിക്കൽ കോളേജിൽ മൂന്നു പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്.വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ സൈക്കോ സോഷ്യല്‍ ടീമിന്‍റെ സേവനം ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കുസാറ്റ് അപകടത്തില്‍ മരിച്ച സാറാ തോമസിന്‍റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഈങ്ങാപ്പുഴ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലാണ് ഇന്ന് ഉച്ചയോടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്.
ഇതിനിടെ, പരിപാടിക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് കുസാറ്റിലെ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ നല്‍കിയ കത്തും പുറത്തുവന്നു. സംഗീത പരിപാടി നടക്കുന്നത് സംബന്ധിച്ച് പൊലീസിനെ അറിയിച്ചിട്ടില്ലെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. അപകടം നടന്നതിന്‍റെ തലേദിവസമാണ് പരിപാടിക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് പ്രിന്‍സിപ്പല്‍ കത്ത് നല്‍കിയത്.
കുസാറ്റ് ദുരന്തം; 'വൈസ് ചാന്‍സിലറെ പുറത്താക്കണം, ജുഡീഷ്യല്‍ അന്വേഷണം വേണം': ഗവര്‍ണര്‍ക്ക് പരാതി
നോവായി സാറയും ആന്‍ റുഫ്തയും അതുലും; കണ്ണീരണിഞ്ഞ് സഹപാഠികളും അധ്യാപകരും; കുസാറ്റില്‍ പൊതുദര്‍ശനം

