അപകടത്തില്‍ മരിച്ച ആൽബിൻ ജോസഫിന്റെ മൃതദേഹം കൊച്ചിയില്‍നിന്ന് പാലക്കാടേക്ക് കൊണ്ടുപോയി
കൊച്ചി: അപ്രതീക്ഷിത ദുരന്തത്തില്‍ പ്രിയകൂട്ടുകാരന്‍ വിടവാങ്ങിയതിന്‍റെ തീരാവേദനയിലാണ് കുസാറ്റ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. ഇന്നലെ രാത്രി കുസാറ്റ് ക്യാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു വിദ്യാര്‍ത്ഥികളുടെയും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ കണ്ണീരടക്കാനാകാതെയാണ് സഹപാഠികളും അധ്യാപകരും അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. അപകടത്തില്‍ മരിച്ച കുത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ മുതല്‍ കുസാറ്റ് ക്യാമ്പസിലെ ഐടി ബ്ലോക്കില്‍ പൊതുദര്‍ശനത്തിനുവെച്ചത്.
കണ്ണീരടക്കാനാകാതെ പൊട്ടികരയുന്ന സഹപാഠികളെ ആശ്വസിപ്പിക്കാനാകാതെ അധ്യാപകരും രക്ഷിതാക്കളും കുഴങ്ങി. നിശബ്ദത തളംകെട്ടിനിന്ന ഐടി ബ്ലോക്കിലേക്ക് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവരെത്തി അന്തിമോപചാരമര്‍പ്പിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രിമാരായ ആർ.ബിന്ദു, പി.രാജീവ് സ്പീക്കർ എ.എൻ ഷംഷീർ, LDF കൺവീനർ ഇപി ജയരാജന്‍, ജനപ്രതിനിധികളായ ബെന്നി ബെഹ്നാൻ, ഹൈബി ഈഡൻ , ജെ ബി മേത്തർ, എ എ റഹീം, ജോൺ ബ്രിട്ടാസ് , അൻവർ സാദത്ത്, ഉമാ തോമസ്, സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർ അന്തിമോപചാരമർപ്പിച്ചു. പൊതു ദർശനം ഒന്നരമണിക്കൂറിലേറെ നീണ്ടു. സാറയുടെ മൃതദേഹം താമരശേരിയിലേക്കും അതുലിന്റേത് കൂത്താട്ടുകുളത്തേക്കും ആൻ റുസ്തയുടേത് പറവൂരിലേക്കും കൊണ്ടുപോയി.
ആൻ റുഫ്തയുടെ സംസ്കാര ചടങ്ങുകൾ വിദേശത്തുള്ള അമ്മ വന്ന ശേഷമാവും നടക്കുക. അപകടത്തിൽ മരിച്ച ആൽബിൻ ജോസഫിന്റെ മൃതദേഹം രാവിലെ തന്നെ പാലക്കാട്ടേക്ക് കൊണ്ടുപോയിരുന്നു. അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ രണ്ട് പെൺകുട്ടികൾ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ള മറ്റു രണ്ടു പേർ കളമശ്ശേരി മെഡിക്കൽ കോളളിൽ തീവ്രപരിചരണ വിഭാഗത്തിലും നിസ്സാരമായി പരിക്കേറ്റ 34 പേരും വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്

