പ്രൊഫ്കോൺ എന്ന പരിപാടിയിൽ സർവകലാശാലയുടെ പേര് അനധികൃതമായി ഉപയോഗിച്ചതിന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനെതിരെ നിയമനടപടിക്കൊരുങ്ങി കുസാറ്റ്.
കൊച്ചി: സർവകലാശാലയുടെ പേര് ദുരുപയോഗം ചെയ്തതിന്‍റെ പേരിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനെതിരെ നിയമനടപടിക്കൊരുങ്ങി കുസാറ്റ്. സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ചിരുത്തിയ പ്രൊഫ്കോൺ എന്ന പരിപാടിയിൽ സർവകലാശാലയുടെ പേര് അനധികൃതമായി ഉപയോഗിച്ചെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സർവകലാശാല രജിസ്ട്രാർ ഡോ.എ.യു അരുൺ പറഞ്ഞു. വിദേശത്തുള്ള വിസി തിരിച്ചെത്തിയ ശേഷമായിരിക്കും പരാതി നൽകുക.
ഒക്ടോബറിൽ മംഗളൂരുവിൽ നടക്കാനിരിക്കുന്ന വിസ്ഡം കോൺഫറൻസിന്‍റെ ഭാഗമായിട്ടായിരുന്നു മതം, ശാസ്ത്രം, ധാർമികത എന്ന വിഷയത്തിലുള്ള പരിപാടി. എന്നാൽ, ഈ പരിപാടിക്ക് സർവകലാശാലയുമായി ബന്ധമില്ലെന്നും ക്യാമ്പസിലല്ല പരിപാടി നടന്നതെന്നുമാണ് കുസാറ്റിന്‍റെ വിശദീകരണം. പരിപാടിയിൽ സർവകലാശാലയിൽ നിന്നുള്ള ആരും പങ്കെടുത്തിട്ടില്ലെന്നും വിശദീകരണമുണ്ട്. കുസാറ്റിലെ താലിബാനിസം എന്ന തരത്തിൽ ബിജെപി നേതാക്കളുൾപ്പെടെ പരിപാടിക്കെതിരെ വിമർശനവുമായി എത്തിയിരുന്നു.


