അയ്യപ്പ സ്വാമിയെ രാഷ്ട്രീയ നേട്ടത്തിന്‍റെ വേദി ആക്കരുതെന്നും ഇത് നേരത്തെ ചെയ്യേണ്ട കാര്യമായിരുന്നെന്നും 10 കൊല്ലത്തെ ഭരണം തീരാൻ പോകുമ്പോൾ അല്ല ഈ ചിന്ത വേണ്ടതെന്നും കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമർശനവുമായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പാണ് നടന്നതെന്ന് അയ്യപ്പ ഭക്തരായ വിശ്വാസ സമൂഹത്തിന് മനസിലായെന്ന് വേണുഗോപാൽ അഭിപ്രായപ്പെട്ടു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മെസേജ് വായിക്കാൻ ദേവസ്വം മന്ത്രിക്ക് വലിയ ആവേശമായിരുന്നെന്നും കെ സി വിമ‍ർശിച്ചു. അയ്യപ്പ സംഗമത്തിലൂടെ സർക്കാർ വോട്ട് കിട്ടാനുള്ള ശ്രമമാണ് നടത്തിയത്. വിശ്വാസം അഭിനയിക്കുന്നവരെ പേടിക്കണമെന്നും കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. അയ്യപ്പ സ്വാമിയെ രാഷ്ട്രീയ നേട്ടത്തിന്‍റെ വേദി ആക്കരുതെന്നും ഇത് നേരത്തെ ചെയ്യേണ്ട കാര്യമായിരുന്നെന്നും 10 കൊല്ലത്തെ ഭരണം തീരാൻ പോകുമ്പോൾ അല്ല ഈ ചിന്ത വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആ​ഗോള അയ്യപ്പ സം​ഗമം ലോകപ്രശസ്ത വിജയം: ഗോവിന്ദൻ

അതേസമയം ആ​ഗോള അയ്യപ്പ സം​ഗമം ലോകപ്രശസ്ത വിജയമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ അഭിപ്രായപ്പെട്ടത്. 4000 ത്തിലധികം പേർ സം​ഗമത്തിൽ പങ്കെടുത്തെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. സം​ഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ചുള്ള വിമർശനങ്ങളോടും എം വി ​ഗോവിന്ദൻ പ്രതികരിച്ചു. വേണെമെങ്കിൽ എ ഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തിൽ നൽകിയ വിചിത്ര വിശദീകരണം. എല്ലാ സെഷനിലും ആൾ വേണമെന്നാണോ എന്നും ​ഗോവിന്ദൻ ചോദിച്ചു. സം​ഗമം പരാജയമെന്നത് മാധ്യമ പ്രചാരണമാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എം വി ഗോവിന്ദൻ രൂക്ഷഭാഷയിൽ വിമർശിച്ചു.

മുഖ്യമന്ത്രി അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തത് കപട ഭക്തനെ പോലെ: സതീശൻ

അതേസമയം അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് കപട ഭക്തനെ പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നാണാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമ‍ർശിച്ചത്. തദ്ദേശ - നിയമസഭ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ട് പിണറായി വിജയന് യോജിക്കാത്ത ഭക്തിയുടെ പരിവേഷം അണിഞ്ഞു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ശബരിമലയില്‍ അദ്ദേഹത്തിന്റെ കാലത്ത് ആചാരലംഘനത്തിന് കൂട്ടുനിന്ന് പൊലീസിനെ ഉപയോഗിച്ച് നടത്തിയ ക്രൂരകൃത്യങ്ങള്‍ മറച്ചുപിടിച്ചു കൊണ്ട് അയ്യപ്പ സംഗമത്തില്‍ പ്രസംഗിച്ചത്. ഇപ്പോള്‍ ഭക്തിയുടെ പരിവേഷമായി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്. ഒന്‍പതര കൊല്ലം ശബരിമലയില്‍ ഒരു വികസന പ്രവര്‍ത്തനങ്ങളും നടത്താത്ത സര്‍ക്കാരാണ് മാസ്റ്റര്‍ പ്ലാനുമായി ജനങ്ങളെ കബളിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. യു.ഡി.എഫ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല. സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിന്‍വലിക്കുമോ? കേസുകള്‍ പിന്‍വലിക്കുമോ? എന്തിനാണ് തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ഇറങ്ങിയിരിക്കുന്നത്? ഭക്തജനങ്ങളെ കബളിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. പിണറായി ഭരണകൂടം എന്താണ് ശബരിമലയില്‍ ചെയ്തതെന്ന് അയ്യപ്പഭക്തര്‍ക്കും വിശ്വാസികള്‍ക്കും നല്ല ഓര്‍മ്മയുണ്ട്. അതൊന്ന് ഓര്‍മ്മപ്പെടുത്താന്‍ അയ്യപ്പ സംഗമം സഹായിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കപടഭക്തിയാണെന്ന് ഒന്നു കൂടി തെളിഞ്ഞിരിക്കുകയാണെന്നും സതീശൻ വിമർശിച്ചു.