Asianet News MalayalamAsianet News Malayalam

യുജിസി വിലക്കിലും കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നു; ഗവര്‍ണര്‍ക്ക് നിവേദനം

യുജിസി വിലക്കിയിട്ടും കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ സ്വന്തമായി പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നതിനെതിരെ പരാതി. 
CUSAT and Digital Universities conduct PhD entrance exam despite UGC ban Petition to the Governor
Author
First Published Apr 29, 2024, 8:01 PM IST | Last Updated Apr 29, 2024, 8:01 PM IST

തിരുവനന്തപുരം: യുജിസി വിലക്കിയിട്ടും കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ സ്വന്തമായി പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നതിനെതിരെ പരാതി. സര്‍വകലാശാലകളുടെ നീക്കം പിൻവാതിലൂടെ പ്രവേശനത്തിനുള്ള വഴി വീണ്ടും തുറക്കാനുള്ളതാണെന്നും ഇത് തടയണമെന്നുമാണ്  സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി  ഗവർണർക്ക് നിവേദനം നൽകിയത്.

യുജിസി യുടെ ഏറ്റവും പുതിയ വിജ്ഞാപന  പ്രകാരം പിഎച്ച് ഡി പ്രവേശന പരീക്ഷ ദേശീയ തലത്തിൽ ഏകീകരിച്ചുകൊണ്ട്,  വിവിധ സർവകലാശാലകൾ സ്വന്തമായി നടത്തിവരുന്ന പ്രവേശന പരീക്ഷകൾ വിലക്കിക്കൊണ്ട് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക്  വിരുദ്ധമായാണ് കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ പിഎച്ച് ഡി പ്രവേശന പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത് പിൻവാതിൽ പ്രവേശനത്തിനുള്ള നിലവിലെ പഴുതുകൽ തുടരാനാണെന്നാണ് ആക്ഷേപം.

വിവിധ സ്ഥാപനങ്ങൾ നടത്തുന്ന ഒന്നിലധികം പ്രവേശന പരീക്ഷകൾ പിഎച്ച് ഡി പ്രവേശന പ്രക്രിയയിൽ  വിദ്യാർത്ഥികൾക്ക് പ്രതിസന്ധികൾ ഉണ്ടാക്കുന്നു എന്ന അനുമാനത്തിലാണ് പി എച്ച് ഡി പ്രവേശനത്തിന്  യുജിസി പുതിയ പരിഷ്കാരം  നടപ്പിലാക്കിയത്. ഗവേഷണ സ്ഥാപനങ്ങൾ ഇനിമുതൽ പ്രത്യേക പ്രവേശന പരീക്ഷ നടത്തരുതെന്നും യുജിസി നടത്തുന്ന ദേശീയതല പരീക്ഷയുടെ സ്കോർ അനുസരിച്ച് ആയിരിക്കണം ഗവേഷകർക്ക് പി എച്ച് ഡി ക്ക് പ്രവേശനം നൽകേണ്ടതെന്നും യുജിസി വിസിമാർക്ക് നൽകിയ മാർഗനിർദ്ദേശത്തിൽ പറയുന്നുണ്ട്.

നെറ്റ് സ്കോറിനോടൊപ്പം 30% മാർക്ക്‌ ഇന്റർവ്യൂവിന് നൽകിയാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കേണ്ടതെന്ന് യുജിസി യുടെ ഉത്തരവിൽ പറയുന്നുണ്ട്.  എന്നാൽ ഈ ഉത്തരവിന്  വിരുദ്ധമായാണ്‌ മുൻ വർഷങ്ങളിലെ പോലെ പ്രത്യേക പ്രവേശന പരീക്ഷ നടത്താൻ ഇപ്പോൾ സംസ്ഥാനത്തെ രണ്ടു സർവകലാശാലകൾ തീരുമാനിച്ചിരിക്കുന്നത്. എംജി സർവ്വകലാശാല പിഎച്ച്ഡി പ്രവേശനം പരീക്ഷ നടത്തുന്നതിനുള്ള വിജ്ഞാപനം ഇറക്കിയെങ്കിലും യുജിസി നിർദ്ദേശത്തെ തുടർന്ന്  പുൻവലിച്ചിരിക്കുകയാണ്. ജെഎൻയു നടത്തുന്ന, പിഎച്ച്ഡി പ്രവേശനം പരീക്ഷയും ഈ വർഷം മുതൽ നിർത്തലാക്കി.

നെറ്റ് യോഗ്യത നേടിയവർക്ക് പിഎച്ച് ഡി പ്രവേശനത്തിന് മുൻഗണന നൽകണമെന്ന നിലവിലുണ്ടായിരുന്ന വ്യവസ്ഥപോലും മറികടന്ന് മലയാളം, സംസ്കൃത സർവ്വകലാശാലകൾ പ്രവേശനം നൽകിയതായി പരാതികൾ ഉണ്ട്. സർവ്വകലാശാല പ്രവേശന പരീക്ഷ നടത്തുന്നതിലെ പഴുതുകൾ ഉപയോഗിച്ചാണ് എസ്എഫ്ഐ വിദ്യാർഥി നേതാക്കൾ വ്യാപകമായി ഗവേഷണ പ്രവേശനം നേടുന്നതെന്നും, പിൻവാതിൽ പിഎച്ച് ഡി പ്രവേശനം തടയാൻ സഹായകമായ യു ജി സി യുടെ പുതിയ ഉത്തരവ് അടിയന്തിരമായി നടപ്പാക്കാൻ കുസാറ്റ്, ഡിജിറ്റൽ വിസി മാർക്ക് നിർദ്ദേശം നൽകണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനനത്തിൽ പറയുന്നു.

നെറ്റ് പരീക്ഷയിൽ സുപ്രധാന തീരുമാനവുമായി യൂജിസി; മാനദണ്ഡം പുതുക്കി, ഈ ബിരുദ വിദ്യാര്‍ത്ഥികൾക്ക് സന്തോഷിക്കാം!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios