ഇടുക്കി: പീരുമേട് സബ്‍ ജയിലിൽ റിമാൻഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്‍കുമാർ മരിച്ച കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകൾ ഇന്ന് തുടങ്ങും. ഇന്നലെ സംഘം ആദ്യഘട്ട മൊഴിയെടുപ്പ് പൂർത്തിയാക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. 

രാജ്കുമാറിന്റെ വാഗമണ്ണിലെ വീട്, നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ, പീരുമേട് സബ് ജയിൽ എന്നിവിടങ്ങളിൽ നിന്നാണ് അന്വേഷണസംഘം ഇന്നലെ മൊഴിയെടുത്തതും രേഖകൾ പരിശോധിക്കുകയും ചെയ്തത്. ശാസ്ത്രീയ പരിശോധന കൂടി നടത്തിയ ശേഷമായിരിക്കും അടുത്ത ദിവസങ്ങളിലെ അന്വേഷണസംഘത്തിന്‍റെ നിർണ്ണായക നീക്കങ്ങൾ. കോട്ടയം ക്രൈംബ്രാഞ്ച് എസ് പി കെ എം സാബു മാത്യുവിന്‍റെ നേരിട്ടുളള മേല്‍നോട്ടത്തിലാണ് അന്വേഷണം.

ഇതിനിടെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ എട്ട് മണിയോടെ രാജ്കുമാറിന്‍റെ വീട്ടിലെത്തുന്നുണ്ട്. സംഭവത്തിൽ ഇടുക്കി എസ്പിയും കുറ്റക്കാരനാണെന്നാണ് യൂത്ത് കോൺ​ഗ്രസ് ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ കൂടെ അഭിപ്രായം ആരാഞ്ഞ് സമര പരിപാടികൾ തീരുമാനിക്കാനാണ് ജില്ലാ കോൺ​ഗ്രസിന്‍റെ തീരുമാനം. ബിജെപിയും വൈകീട്ട് നാലിന് വാഗമണ്ണിൽ പ്രതിഷേധ ധർണ്ണ നടത്തുന്നുണ്ട്.