Asianet News MalayalamAsianet News Malayalam

മന്ത്രി ജലീൽ ഇന്ന് കസ്റ്റംസിന് മുന്നിൽ, ചോദ്യം ചെയ്യൽ ഖുർ ആൻ വിതരണവുമായി ബന്ധപ്പെട്ട്

മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ വാദം. കോണ്‍സുലേറ്റിന്‍റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടു. 

Customes to interrogate minister kt jaleel
Author
Kochi, First Published Nov 9, 2020, 6:32 AM IST

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍ മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ വാദം. കോണ്‍സുലേറ്റിന്‍റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടു. 

നയതന്ത്ര പ്രതിനിധികളുമായി മന്ത്രിമാര്‍ നേരിട്ട് ബന്ധപ്പെടാന്‍ പാടില്ലെന്നാണ് ചട്ടം. വിദേശകാര്യമന്ത്രാലയം വഴിയേ ആശയവിനിമയം പാടുള്ളൂ. കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി തേടണം. ഇതെല്ലാം ലംഘിക്കപ്പെട്ടു. വിദേശ സംഭാവന നിയന്ത്രണചട്ടങ്ങളുടെ ലംഘനവുമുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായി ചോദ്യം ചെയ്യുന്നതിന് കൊച്ചിയില്‍ ഹാജരാകാന്‍ ജലീലിന് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. 

അതേ സമയം ഡോളർ കടത്തുകേസിൽ യുഎഇ കോൺസുലേറ്റിലെ ജീവനക്കാരനായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിനെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ അപേക്ഷ സാന്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും. സ്വർണക്കളളക്കടക്കുകേസിലും ലൈഫ് മിഷൻ ഇടപാടിലും ലഭിച്ച കമ്മീഷൻ തുക ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തൽ.

കോൺസുലേറ്റ് ജീവനക്കാരനായതിനാൽ ഇയാൾക്ക് നയതന്ത്ര പരിരക്ഷ ബാധകമല്ലേയെന്ന സംശയം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ കസ്റ്റംസ് ഇന്ന് മറുപടി നൽകും. ഖാലിദിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച് ഇന്‍റർപോൾ വഴി രാജ്യത്തെത്തിക്കണമെന്നാണ് കസ്റ്റംസിന്‍റ ആവശ്യം. 

 

Follow Us:
Download App:
  • android
  • ios