കൊച്ചി: സന്ദീപിൻ്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും എൻഐഎ കോടതിയിൽ അപേക്ഷ സമർ‍പ്പിച്ചു. വാ‍ട്സാപ്പ് ചാറ്റ് അടക്കമുള്ള ഡിജിറ്റൽ തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് കസ്റ്റംസ് കോടതിയിൽ അപേക്ഷ സമർപ്പിക്കുന്നത്. 

പ്രാഥമിക അന്വേഷണത്തിൽ സരിത്താണ് സ്വർണ്ണം കടത്തിയതെന്നും ഇതിന് റമീസും, സ്വപ്ന സുരേഷും സന്ദീപ് നായരും സഹായിച്ചുവെന്നാണ് മനസിലാക്കുന്നതെന്നും കസ്റ്റംസ് സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. ഇവരുടെ പക്കൽ നിന്ന് എൻഐഎ പിടിച്ചെടുത്ത മൊബൈൽ ഫോണും, ലാപ്ടോപ്പും അടക്കമുള്ള ഉപകരണങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ ഇത് പരിശോധിക്കുന്നതിലൂടെ ലഭിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. 

സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. കസ്റ്റംസ് കേസില്‍ കോഫെപോസ പ്രകാരം കരുതല്‍ തടങ്കലിലാണ് സന്ദീപ് നായര്‍ ഇപ്പോൾ.