Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണക്കടത്ത്; എം ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി, കസ്റ്റംസ് സംഘം ജയിലിൽനിന്ന് മടങ്ങി

അറസ്റ്റ് രേഖപ്പെടുത്താൻ ഇന്നലെ കോടതി അനുമതി നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 

customs arrested M Sivasankar
Author
Kochi, First Published Nov 24, 2020, 11:19 AM IST

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയതിനെക്കുറിച്ച്, ശിവശങ്കറിന് അറിവുണ്ടായിരുന്നെന്ന സ്വപ്‍നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. കാക്കനാട് ജയിലിലെത്തിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കസ്റ്റംസ് സൂപ്രണ്ട് വി വിവേകിന്‍റെ നേതൃത്വത്തിലുള്ള സംഘം രാവിലെ 10 മണിയോടെ കാക്കനാടുള്ള ജില്ലാ ജയിലിലെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 11 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ് സംഘം ജയിലില്‍ നിന്ന് മടങ്ങി.

എം ശിവശങ്കറിനെ കസ്റ്റഡിയില്‍ വാങ്ങി  വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് കസ്റ്റംസ്. അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍  സ്വര്‍ണ്ണക്കടത്തുമായി ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും കസ്റ്റംസിന് കിട്ടിയിരുന്നില്ല. എന്നാല്‍ സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് കൃത്യമായി അറിയാമായിരുന്നെന്ന് ആദ്യം അറസ്റ്റ് ചെയ്ത ഇഡി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ മാസം 16ന് ശിവശങ്കറിനെയും 18ന് സ്വപ്ന സുരേഷിനെയും ജയിലിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തു.

ഈ മൊഴികളില്‍നിന്ന് ലഭിച്ച നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്‍റെ ഇപ്പോഴത്തെ അറസ്റ്റ്. എന്നാല്‍ കേസില്‍ ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളെന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. സ്വപ്ന, സരിത് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയെ കസ്റ്റംസ് സമീപിച്ചിരുന്നു. ഈ അപേക്ഷ നാളെ പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് നാളത്തേക്ക് മാറ്റിയത്.

Follow Us:
Download App:
  • android
  • ios