കൊച്ചി/ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ നിർണായകമായ വഴിത്തിരിവിലെത്തിയപ്പോഴാണ് അദ്ദേഹം ആശുപത്രിയിൽ അനാരോഗ്യം മൂലം പ്രവേശിപ്പിക്കപ്പെടുന്നത്. നേരത്തേ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ പല തവണ കസ്റ്റംസ് അടക്കമുള്ള ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെങ്കിൽ, ഇത്തവണ സമൻസ് നൽകിയത് പുതിയൊരു കേസിലാണ്. 

സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളർ അടക്കമുള്ള വിദേശനാണ്യം കടത്തിയ കേസിൽ എമിഗ്രേഷൻ വിഭാഗത്തിൽ നിന്നും കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചതായി തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. സ്വപ്നയ്ക്ക് ഒപ്പം വിദേശയാത്ര നടത്തിയവരുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇതോടൊപ്പം സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ നൽകിയ നിർണായകമൊഴിയിൽ ശിവശങ്കറിനെതിരെ സുപ്രധാനവിവരങ്ങളുണ്ട് എന്നാണ് സൂചന. ഇതെല്ലാം ചേർത്ത് പുതുതായി റജിസ്റ്റർ ചെയ്ത കേസിലാണ് ശിവശങ്കറിന് ചോദ്യം ചെയ്യാൻ സമൻസ് നൽകിയതെന്നാണ് വിവരം.

കസ്റ്റംസ് ഇന്നലെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ തന്നെയാണ് ഉദ്ദേശിച്ചിരുന്നതെന്നാണ് കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യാനായി കസ്റ്റംസ് ശിവശങ്കറിനെ വിളിച്ചിരുന്നെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വിളിച്ചെങ്കിലും അദ്ദേഹം എത്താനാകില്ലെന്ന് പറഞ്ഞു. അതിന് ശേഷം, വെള്ളിയാഴ്ചയും അദ്ദേഹത്തെ കസ്റ്റംസ് വിളിച്ചു. അപ്പോഴും അസുഖമുണ്ടെന്നും, ആരോഗ്യപ്രശ്നമുണ്ടെന്നും അദ്ദേഹം കസ്റ്റംസിനോട് പറഞ്ഞു. എന്താണ് അസുഖമെന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് എം ശിവശങ്കർ കൃത്യമായ വിവരങ്ങൾ നൽകിയതുമില്ല. 

ഇതേത്തുടർന്നാണ് കസ്റ്റംസ് നേരിട്ടെത്തി ശിവശങ്കറിന് ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുന്നത്. അത് പരിശോധിച്ചപ്പോഴാണ് സ്വർണക്കടത്ത് കേസല്ല, പുതിയൊരു കേസ് നമ്പറാണ് നോട്ടീസിലുള്ളതെന്ന് എം ശിവശങ്കറിന് മനസ്സിലായത്. കസ്റ്റംസ് ആക്ടിലെ 108- പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് കേസിൽ ബന്ധമുണ്ടെന്ന് വിവരം ലഭിക്കുന്നവരെ വിളിച്ചുവരുത്താനുള്ള നോട്ടീസാണ് ശിവശങ്കറിന് നൽകിയത്. ഇതിന് പിന്നാലെ നോട്ടീസിലെ വിവരങ്ങൾ കൊച്ചിയിലെ അഭിഭാഷകരുമായി ശിവശങ്കർ ചർച്ച ചെയ്തു. ചോദ്യം ചെയ്യൽ നീട്ടിവയ്ക്കാൻ കഴിയുമോ എന്ന് വീണ്ടും ശിവശങ്കർ ഉദ്യോഗസ്ഥരോട് ആരാഞ്ഞു. ഇല്ല, വന്നേ തീരൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞതോടെ, അദ്ദേഹം വീട്ടിൽ നിന്ന് ഉദ്യോഗസ്ഥരോടൊപ്പം തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. 

വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട് പുതിയ ഒക്കറൻസ് റിപ്പോർട്ട് (Occurance Reprot - OR) കസ്റ്റംസ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. എഫ്ഐആറിന് പകരം കസ്റ്റംസ് ഇത്തരത്തിൽ പുതിയ കേസിനുള്ള പ്രാഥമികറിപ്പോർട്ടിന് പറയുന്ന പേര് ഒക്കറൻസ് റിപ്പോർട്ട് എന്നാണ്. 

സ്വപ്ന സുരേഷ് 1,90,000 ഡോളർ വിദേശത്തേക്ക് പല ഘട്ടങ്ങളിലായി കടത്തിയിട്ടുണ്ട് എന്നാണ് കസ്റ്റംസ് കണ്ടെത്തിയിട്ടുള്ളത്. ആ ഘട്ടങ്ങളിലെല്ലാം ശിവശങ്കറും സ്വപ്നയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു എന്ന സൂചനകളാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. അതിനാലാണ് വെള്ളിയാഴ്ച വൈകിട്ട് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയത്. അതും കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാവുന്ന സമയം കഴിഞ്ഞ ശേഷം. 

ശനിയും ഞായറും കോടതി അവധിയായതിനാൽ, മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ നൽകാൻ ശിവശങ്കറിന് കഴിയില്ല. ഇതടക്കം പരിഗണിച്ച്, ഉടൻ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരിട്ട് നോട്ടീസ് നൽകി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്.