ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ആരോപണം ഉന്നയിച്ച കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലും ആരോപണം ആവര്‍ത്തിച്ചു. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിലേക്ക് ആരും വിളിച്ചിട്ടില്ലെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഇടതുപക്ഷക്കാരനാണെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ആരോപണം ഉന്നയിച്ച കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലും ആരോപണം ആവര്‍ത്തിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് സുരേന്ദ്രന്റെ പുതിയ ആരോപണം.

ലോക്ക്ഡൗണില്‍ മനുഷ്യര്‍ക്കെന്ന പോലെ പക്ഷിമൃഗാദികള്‍ക്കും ഭക്ഷണം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ അഭിനന്ദിച്ച് ഉദ്യോഗസ്ഥന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ടും സുരേന്ദ്രന്‍ പങ്കുവെച്ചു. ഈ ഉദ്യോഗസ്ഥന്റെ പ്രസ്താവനയുടെ ബലത്തിലാണ് മുഖ്യമന്ത്രി ഇന്ന് പ്രതിരോധിച്ചതെന്നും സ്വര്‍ണക്കടത്ത് കാര്യത്തില്‍ ആരും പ്രതികരിക്കരുതെന്ന് ഉത്തരവിറക്കിയത് ഈ ഉദ്യോഗസ്ഥനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

കസ്റ്റംസിലും കമ്മികളുണ്ട്. അവരാണ് പ്രസ്താവനകളിറക്കുന്നത്. മുഖ്യമന്ത്രി ഇന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചത് ഈ ഉദ്യോഗസ്ഥന്റെ പ്രസ്താവനയുടെ ബലത്തിലാണ്. ഇദ്ദേഹം തന്നെയാണ് ഇക്കാര്യത്തില്‍ ആരും പ്രതികരിക്കരുതെന്ന് ഇന്നലെ ഉത്തരവ് ഇറക്കിയത്.