ഹാജരായ അവസരത്തില്‍ അദ്ദേഹത്തോട് ചില പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിക്കുകയും അതിനു തയ്യാറായില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാന അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്ണനോട് കസ്റ്റംസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ രേഖാമൂലം അറിയിച്ചു. മൊഴിയെടുക്കുന്നതിനിടെ ഭീഷണിപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് ഹരികൃഷ്ണൻ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ടെന്നും, ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

'കസ്റ്റംസ് ആക്ടിലെ 108-ാം വകുപ്പ് പ്രകാരമുള്ള സമന്‍സാണ് ഹരികൃഷ്ണന് അയച്ചത്. ഹരികൃഷ്ണന്‍ എറണാകുളത്തുള്ള കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസില്‍ ജനുവരി 5-ന് ഹാജരാവുകയും ചെയ്തു. മടങ്ങി വന്ന ശേഷം ജനുവരി ഏഴിന് ഹരികൃഷ്ണന്‍ ചീഫ് സെക്രട്ടറിക്ക് തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഹരികൃഷ്ണനോട് തീരെ മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഹാജരായ അവസരത്തില്‍ അദ്ദേഹത്തോട് ചില പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിക്കുകയും അതിനു തയ്യാറായില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഹരികൃഷ്ണനുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി 2021 ജനുവരി 11-ന് കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കത്തെഴുതിയിട്ടുണ്ട്.

ഹരികൃഷ്ണനോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന്‍റെ പേരുവിവരവും കത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ഈ സംഭവത്തില്‍ നിഷ്‌പക്ഷവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അനുചിതവും ക്രമരഹിതവുമായ പെരുമാറ്റം ഇനിയും ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നിയമവിരുദ്ധവും അപക്വവും മര്യാദയില്ലാത്തതുമായ പെരുമാറ്റം നമ്മുടെ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതായതിനാല്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുത് എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്.'- മുഖ്യമന്ത്രി പറയുന്നു.