കരിപ്പൂർ സ്വർണ്ണക്കടത്തിലെ ക്വട്ടേഷൻ ടീം അംഗങ്ങളുടെ പങ്ക് കൂടുതൽ വ്യക്തമായതിന്റെ പശ്ചാത്തലത്തിൽ കസ്റ്റംസ് ഓഫീസിൽ സായുധ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ ചോദ്യം ചെയ്യലിനായി ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസ് ഓഫീസിൽ ഹാജരായി. അഭിഭാഷകർക്കൊപ്പമാണ് ഷാഫി കസ്റ്റംസ് ഓഫീസിലെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ച കസ്റ്റംസ് ഉദ്യോസ്ഥരെ അറിയിക്കാതെ ചോദ്യം ചെയ്യലിന് ഹാജരായ ഷാഫിയെ നോട്ടീസ് ദിവസം ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് മടക്കിയിരുന്നു. തുടർന്ന് ഇന്ന് ഹാജരാകുകയായിരുന്നു.
അതേ സമയം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ സായുധ സുരക്ഷ ഏർപ്പെടുത്തി. കരിപ്പൂർ സ്വർണ്ണക്കടത്ത് അന്വേഷണം ക്വട്ടേഷൻ സംഘങ്ങളിലേക്ക് അടക്കം എത്തിയ സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചത്.
ടിപി ചന്ദ്രശേഖരൻ കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും അടങ്ങുന്ന സംഘം കണ്ണൂർ സ്വർണ്ണക്കടത്ത് സംഘത്തിന്റെ രക്ഷധികാരികൾ ആണന്നാണ് കസ്റ്റംസ് നിഗമനം. ഷാഫിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് യൂണിഫോമിൽ ഉപയോഗിക്കാറുള്ള സ്റ്റാർ അടക്കം കണ്ടെത്തിയിരുന്നു. നിലവിൽ പരോളിൽ കഴിയുന്ന ഷാഫിയ്ക്ക് പ്രധാന പ്രതി അർജുൻ ആയങ്കിയെ ഒളിവിൽ പാർപ്പിച്ചതിലും പങ്ക് ഉണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ചോദ്യംചെയ്യലിലൂടെ ലഭിക്കുമെന്നാണ് കസ്റ്റംസ് പ്രതീക്ഷ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
