തിരുവനന്തപുരം: സ്വർണ്ണ കള്ളക്കടത്ത് കേസിൽ റമീസിനെ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസിന്‍റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ ഇന്ന് തന്നെ റമീസിനെ കസ്റ്റംസിന് വിട്ട് കൊടുക്കും. റമീസിന് നിർണായക വിവരങ്ങൾ നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇയാളുടെ നേതൃത്വത്തിൽ ആണ് സ്വർണം ഇറക്കുമതി ചെയ്യാനുള്ള പണം സമാഹരിച്ചത് എന്ന് കണ്ടെത്തിയിരുന്നു.

അതേ സമയം എൻഐഎ കസ്റ്റഡിയിൽ ഉള്ള സരിത്ത്, സ്വപ്ന, സന്ദീപ് എന്നിവരെ ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ പ്രതികൾ നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഈമാസം 21വരെയാണ് സ്വപ്നയും സന്ദീപും എൻഐഎ കസ്റ്റഡിയിൽ ഉള്ളത്. കോഴിക്കോട് നിന്നും കസ്റ്റഡിയിലെടുത്ത ജ്വല്ലറി ഉടമ അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ പൂ‍ർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയേക്കും.