കൊച്ചി: റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് നാളെ  ചോദ്യം ചെയ്യും. സ്വർണക്കളളക്കടത്തുമായി ബന്ധപ്പെട്ടും ഡോളർ കടത്ത് കേസിലുമാണ് മൊഴിയെടുക്കുന്നത്. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് കോടതി അനുവദിച്ചിരിക്കുന്നത്.

മൊഴിയെടുക്കലിന് ശേഷം ഇരുകേസുകളിലും അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസ് നീക്കം. ശിവശങ്കറിന്‍റെ അറിവോടെയായിരുന്നു സ്വർണക്കളളക്കടത്തെന്ന് എൻഫോഴ്സ്മെന്‍റിന് സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ ചുവടുപിടിച്ചാണ് കസ്റ്റംസിന്‍റെയും നീക്കം.കസ്റ്റഡി കാലാവധി കഴിഞ്ഞതോടെയാണ് ശിവശങ്കറെ എൻഫോഴ്സ്മെന്‍റ് കേസിൽ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തത്.