കോഴിക്കോട്: ബാലുശ്ശേരി ഉണ്ണികുളത്ത് പീഡനത്തിനിരയായ ആറ് വയസുകാരിയെ ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു. നേപ്പാൾ സ്വദേശിയായ പെൺകുട്ടി ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാണ് ബാലാവകാശ കമ്മീഷൻ കുഞ്ഞിനെ സന്ദ‍ർശിച്ചത്.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സന്ദ‍ർശനത്തിന് ശേഷം ബാലവകാശ കമ്മീഷൻ അധ്യക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിക്ക് വിദഗ്ദ ചികിത്സ നൽകാൻ വേണ്ട സംവിധാനങ്ങൾ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാരുടെ വിദഗ്ദ സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്.

സംഭവത്തിൽ ബാലവകാശ കമ്മീഷൻ്റെ ഇടപെടൽ വൈകിയിട്ടില്ല. തിങ്കളാഴ്ച പീഡനം നടന്ന കുട്ടിയുടെ വീട് സന്ദർശിക്കും. കുട്ടിക്കും കുടുംബത്തിനും ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുമെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോ‍ർട്ട് നൽകാൻ പൊലീസിനോടും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.