പത്തനംതട്ട: തെരഞ്ഞെടുപ്പിന് ശേഷവും സൈബർ ഇടങ്ങളിൽ നിന്നും അക്രമണം നേരിടേണ്ടി വന്നെന്ന് മല്ലപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി വിബിത ബാബു. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിബിത സ്ഥാനാർത്ഥിയായ ശേഷം നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ച് തുറന്നു പറഞ്ഞത്.

പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു വിബിത ബാബു. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ വിബിത മുമ്പ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടു. ചിത്രങ്ങളോട് കൂടിയ ട്രോളുകളും വൈറലായിരുന്നു. വ്യാജ വിഡിയോകളും ചിത്രങ്ങളും പ്രചരിച്ചതോടെ വിബിത പരാതിയുമായി രംഗത്തെത്തി.

തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സാമൂഹികമാധ്യമങ്ങളിലെ ആക്രമണവും വ്യക്തിഹത്യയും പരിധിവിട്ടെന്നാണ് വിബിതയുടെ പരാതി. വ്യാജവാർത്തകൾ തൊഴിലിന് വരെ വെല്ലുവിളിയാകുന്നെന്ന് അഭിഭാഷകയായ വിബിത പറയുന്നു. എതിർ സ്ഥാനാർത്ഥിയുടെ വിജയത്തിൽ അശംസ അറിയിച്ചിട്ട പോസ്റ്റുകളിലും കമന്റുകളിലും വരെ തന്നെ അധിക്ഷേപിച്ചുള്ള കമന്റുകൾ തുടരുകയാണെന്ന് വിബിത ആരോപിക്കുന്നു.

പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ബിബിത എൽഡിഎഫ് സ്ഥാനാർത്ഥി സി കി ലതാകുമാരിയോട് പരാജയപ്പെട്ടിരുന്നു. ആ​ദ്യഘട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തിയ വിബിത പിന്നീട് നില മെച്ചപ്പെടുത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. 9278 വോട്ടാണ് വിബിതയ്ക്ക് ലഭിച്ചത്. 10469 വോട്ട് നേടിയാണ് ലതാകുമാരിയുടെ വിജയം. അഭിഭാഷയകയായ വിബിത ജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. കെഎസ്‍യുവിലൂടെയാണ വിബിത രാഷ്ട്രീയരം​ഗത്തെത്തുന്നത്.