തിരുവനന്തപുരം: പ്രതിപക്ഷവും മാധ്യമങ്ങളും അഴിമതി ചൂണ്ടിക്കാട്ടുമ്പോൾ ഉപജാപമെന്ന് ആക്ഷേപിക്കുകയാണ്  മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കരുതെന്നാണ് മുഖ്യമന്തി പറയുന്നത്. മാധ്യമപ്രവർത്തകരെ ആരോ പറഞ്ഞു വിടുന്നു എന്നാണ് പിണറായി വിജയൻ പറയുന്നത്. പുകഴ്ത്തുമ്പോൾ ചുമന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നു തിരിച്ച് പറയുമ്പോൾ സൈബർ ആക്രമണം നടത്തുന്നു, ഇതാണ് മുഖ്യമന്ത്രിയുടെ രീതിയെന്നും ഇത് അപഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു, 

ചോദ്യം ചോദിക്കുന്നവരുടെ വായടപ്പിക്കുന്നു. വസ്തുതകൾ പുറത്തു വരുന്നതിന്‍റെ ഭയമാണ് മുഖ്യമന്ത്രിക്ക്. മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിന് ലൈസൻസ് കിട്ടുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്നാണ്. പ്രസ് സെക്രട്ടറി നടത്തുന്ന മോശം പരാമര്‍ശങ്ങളെ പോലും തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ആളുകളെ ചിത്രവധം നടത്തി അപമാനിക്കുകയാണ്. കുടുംബ ബന്ധങ്ങളെ പോലും ശിഥിലമാക്കുന്ന രീതിയിൽ മാധ്യമ പ്രവർത്തകര്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത് അഹസാഹ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

"എന്നെ ചാരി അവിടത്തെ പ്രശ്നങ്ങൾ ഉന്നയിക്കരുത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി പറഞ്ഞിട്ടില്ല. പക്ഷെ ഞാൻ ഒരിക്കലും മുഖ്യമന്ത്രിയെ ചാരിയിട്ടില്ല "   റെഡ് ക്രസന്‍റിന്‍റെ ധാരണാ പത്രം എന്തുകൊണ്ട് പുറത്ത് വിടുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.