മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം നടത്തിയ മന്ത്രിമാരായ സണ്ണി ജോസഫ്, എ പി അനിൽ കുമാർ എന്നിവർക്കെതിരെ സൈബർ ആക്രമണം. സംഭവം ആസൂത്രിത നീക്കമാണെന്ന് കെ സി പക്ഷം സംശയിക്കുന്നു.
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ തർക്കത്തിന് പിന്നാലെ കോൺഗ്രസിൽ സൈബർ ആക്രമണം. മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനം നടത്തിയ മന്ത്രിമാരായ സണ്ണി ജോസഫ്, എ പി അനിൽ കുമാർ എന്നിവർക്കെതിരെ ആണ് സൈബർ ആക്രമണം. പിന്നിൽ പാര്‍ട്ടിയില്‍ നിന്നുള്ളവരാണെന്നാണ് കെ സി പക്ഷത്തിൻ്റെ സംശയം. നേരത്തെ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെയും അടൂർ പ്രകാശിനെ പിന്തുണച്ച ജെബി മേത്തറിനെതിരെയും സൈബർ ആക്രമണം ഉണ്ടായിരുന്നു. മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ സി വേണുഗോപാലും സൈബർ ആക്രമണം നേരിട്ടിരുന്നു.
സൈബർ ആക്രമണം ആസൂത്രിത നീക്കമാണെന്ന വിലയിരുത്തലിലാണ് കെ സി പക്ഷത്തെ ഒരു വിഭാഗം നേതാക്കൾ. കേവലം പരാതി നൽകുന്നതിന് അപ്പുറം സൈബർ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉന്നയിക്കാനാണ് കെ സി പക്ഷത്തിൻ്റെ നീക്കം. മന്ത്രിസഭാ യോഗത്തിലെ ചർച്ചകൾ ചോർത്തുന്നത് തങ്ങളാണെന്ന പ്രതീതി പരത്താൻ പാർട്ടിയിലെ ഒരുവിഭാഗം ശ്രമിക്കുന്നുവെന്നും കെ സി പക്ഷം കരുതുന്നു. മുഖ്യമന്ത്രിയെയും സർക്കാരിനെയും ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് ഒരുവിഭാഗത്തെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുവെന്നുമാണ് കെ സി പക്ഷത്തിൻ്റെ വിലയിരുത്തൽ.
ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ചർച്ചയില്ലാതെ തീരുമാനമെടുക്കുന്നതിൽ മന്ത്രിമാർ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത്. തീരുമാനങ്ങൾ ഏകപക്ഷീയമാകരുതെന്ന് സണ്ണി ജോസഫ് പ്രതികരിച്ചപ്പോൾ, ഇനി കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കാൻ പറ്റില്ലെന്നായിരുന്നു കെ സി പക്ഷത്തിൻ്റെ നിലപാട്.
















