Asianet News MalayalamAsianet News Malayalam

'പാർട്ടി സിലബസിൽ മിനിമം മര്യാദകൾ ഉൾപ്പെടുത്താൻ ആവശ്യപ്പെടൂ'; അരിതയ്ക്ക് ബിനീഷ് കോടിയേരിയുടെ മറുപടി

പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി മുഹമ്മദ് റിയാസ് കോൺഗ്രസ്‌ നേതാക്കളുടെ ഭാഷയിൽ മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവായതിന്റെ പേരിൽ മാത്രം മന്ത്രിസഭയിലെത്തിയ ആളാണ്. കഴിഞ്ഞ 20 കൊല്ലമായി നിരന്തരമായി താനും വേട്ടയാടപ്പെടുകയാണ്. അതിനെയെല്ലാം അതിജീവിച്ച്‌ തന്നെയാണ് നിൽക്കുന്നതെന്നും ബിനീഷ് കുറിച്ചു.

cyber attack bineesh kodiyeri reply to aritha babu
Author
Thiruvananthapuram, First Published Jan 25, 2022, 11:31 AM IST

തിരുവനന്തപുരം: സിപിഎമ്മിൽ (Cpim) നിന്ന് തുടരുന്ന സൈബർ ആക്രമണങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ അരിത ബാബുവിന് (Aritha Babu) മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി (Bineesh Kodiyeri) . ഉരൾ ചെന്ന് മദ്ദളത്തോട്‌ പറയുന്നുവെന്ന് മാത്രമേ ആ കത്ത് വായിച്ചിട്ട് തോന്നിയുള്ളൂ എന്ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ബിനീഷ് പറഞ്ഞു.

കാലങ്ങളായി ഒരു അടിസ്ഥാനവുമില്ലാത്ത വ്യക്തിപരമായി നിരവധി അധിക്ഷേപങ്ങൾ നേരിട്ട്‌ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിലയുറപ്പിച്ച ആളാണ് നമ്മുടെ മുഖ്യമന്ത്രി. കൂടാതെ, പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി മുഹമ്മദ് റിയാസ് കോൺഗ്രസ്‌ നേതാക്കളുടെ ഭാഷയിൽ മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവായതിന്റെ പേരിൽ മാത്രം മന്ത്രിസഭയിലെത്തിയ ആളാണ്. കഴിഞ്ഞ 20 കൊല്ലമായി നിരന്തരമായി താനും വേട്ടയാടപ്പെടുകയാണ്. അതിനെയെല്ലാം അതിജീവിച്ച്‌ തന്നെയാണ് നിൽക്കുന്നതെന്നും ബിനീഷ് കുറിച്ചു.

ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇക്കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ,കായംകുളത്ത്‌ നിന്ന് യു.ഡി.എഫ്‌ സ്ഥാനാർത്ഥിയായി മത്സരിച്ച കുമാരി:അരിതാ ബാബു മുഖ്യമന്ത്രിക്ക്‌ എഴുതിയ കത്ത്‌ വായിച്ചു."ഉരൾ ചെന്ന് മദ്ദളത്തോട്‌" പരാതി പറയുന്നതായേ ആ കത്ത്‌ വായിച്ചിട്ട്‌ തോന്നിയുള്ളൂ.കാലങ്ങളായി,ഒരു അടിസ്ഥാനവുമില്ലാത്ത,വ്യക്തിപരമായി നിരവധി അധിക്ഷേപങ്ങൾ നേരിട്ട്‌ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിലയുറപ്പിച്ച ആളാണ് നമ്മുടെ മുഖ്യമന്ത്രി സഖാവ്‌ പിണറായി വിജയൻ.ആരുടെയോ ഭാവനയിൽ വിരിഞ്ഞ "കമല ഇന്റർനാഷണൽ" എന്ന സാങ്കൽപ്പിക സൃഷ്ടിയുടെ പേരിൽ വരെ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും വേട്ടയാടപ്പെട്ടു.
ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റായി പ്രവർത്തിച്ച വ്യക്തിയാണ് ബഹു:പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി സഖാവ്‌ മുഹമ്മദ്‌ റിയാസ്‌.പാർട്ടി അദ്ദേഹത്തെ ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും അദ്ദേഹം ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ട്‌.ഇത്തവണ അദ്ദേഹത്തെ പാർലമെന്ററി രംഗത്തേക്ക്‌ നിയോഗിച്ചു.ബേപ്പൂരിൽ നിന്ന് നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട സഖാവ്‌ മുഹമ്മദ്‌ റിയാസിനെ,ഡി.വൈ.എഫ്‌.ഐ രംഗത്തെ സീനിയോറിറ്റി മാനദണ്ഡമാക്കി പൊതുമരാമത്ത്‌ വകുപ്പിന്റെ ചുമതല നൽകി, മന്ത്രിസഭയിൽ അംഗമാക്കി.ഏറ്റവും മികവുറ്റ രീതിയിൽ ഇന്ന് ആ വകുപ്പിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട്‌ പോകുന്നുണ്ട്‌.എന്നാൽ കോൺഗ്രസ്‌ നേതാക്കളുടെ ഭാഷയിൽ അദ്ദേഹം മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവായതിന്റെ പേരിൽ മാത്രം മന്ത്രിസഭയിലെത്തിയ ആളാണ്.കെ.പി.സി.സി പ്രസിഡന്റ്‌ ട്വിറ്ററിൽ നിന്ന് മുക്കിയ കത്തിൽ പോലും ഈ പരാമർശ്ശങ്ങളുണ്ട്‌.ഇത്തരത്തിൽ നിരവധി വ്യക്തിപരമായി അക്രമങ്ങൾ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നേരിട്ടുണ്ട്‌;ഇന്നും നേരിട്ട്‌ കൊണ്ടിരിക്കുന്നു.മുഖ്യമന്ത്രിയുടെ പിതാവിന്റെ തൊഴിലിനെ പോലും പരിഹസിച്ച്‌ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ നടത്തിയ ജാതി അധിക്ഷേപങ്ങൾ അരിതാ ബാബുമാർ സൗകര്യപൂർവ്വം മറക്കുന്നുണ്ട്‌.
സ്വന്തം വീടിന് തീവച്ച്‌,അത്‌ സി.പി.ഐ.എം പ്രവർത്തകരുടെ മേൽ കെട്ടിവയ്ക്കാൻ നോക്കിയ പാറശാലയിൽ നിന്നുള്ള നേതാവ്‌,കോവിഡ്‌ മാനദണ്ഡം ലംഘിച്ചത്‌ ചോദ്യം ചെയ്തതിന്റെ പേരിൽ ഒരു നിരപരാധിയായ യുവാവിനെ കുടുക്കാനായി,തന്നെ കൈയ്യേറ്റം ചെയ്തു എന്ന് പരാതിപ്പെട്ട പാലക്കാട്‌ നിന്നുള്ള വനിതാ നേതാവ്‌,കെ.റെയിൽ വിഷയത്തിൽ കണ്ണൂരിൽ നാട്ടുകാർ കൈയ്യേറ്റം ചെയ്തപ്പോൾ മാല പൊട്ടിച്ചു എന്ന വ്യാജ പരാതി ഉന്നയിച്ച യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌.!!അങ്ങനെ ഐക്യധാർഢ്യം പ്രകടിപ്പിച്ച്‌ കൊണ്ട്‌ വന്നവരും വരേണ്ടവരും എല്ലാം ഉയർത്തുന്നത്‌ നല്ല അസ്സൽ ഇരവാദമാണ്.നിങ്ങൾക്കൊപ്പമുള്ളവർ ഇരയ്ക്കൊപ്പവും,അതേ സമയം വേട്ടക്കാരുടെ വേഷം തകർത്താടുന്നവരുമാണ്.
ഇന്നേ വരെ,പാർലമെന്ററി രംഗത്ത്‌ കടന്ന് വന്നിട്ടില്ലാത്ത വ്യക്തിയാണ് ഞാൻ.കഴിഞ്ഞ 20 കൊല്ലമായി നിരന്തരമായി ഞാൻ വേട്ടയാടപ്പെടുന്നുണ്ട്‌.കാലങ്ങളായി സോഷ്യൽ മീഡിയയിൽ,മാസ്‌ അറ്റാക്കിംഗ്‌ എനിക്കെതിരെ നടക്കുന്നുണ്ട്‌.അതിനെയെല്ലാം അതിജീവിച്ച്‌ തന്നെയാണ് നിൽക്കുന്നത്‌.
എന്നാൽ കഴിയുന്ന വിധം സമൂഹത്തിൽ,എന്റെ രാഷ്ട്രീയം ഉയർത്തി പിടിച്ച്‌ തന്നെ ഇടപെടലുകൾ നടത്തിയിട്ടുണ്ട്‌.എന്നാൽ,സി.പി.ഐ.എമ്മിന്റെ മുതിർന്ന നേതാവായ സഖാവ്‌ കോടിയേരി ബാലകൃഷ്ണന്റെ മകൻ എന്ന നിലയിൽ,നിങ്ങളുടെ പാർട്ടി നേതാക്കളിൽ നിന്നും അണികളിൽ നിന്നും നിരവധി അധിക്ഷേപങ്ങൾ ഞാനും നേരിട്ടിട്ടുണ്ട്‌.ഇന്ന് വരെ,അതിൽ ഒന്ന് പോലും വസ്തുതാപരമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ ഉയർത്തി,എന്നെ ഒക്കെ വേട്ടയാടിയതിനെ തുലനം ചെയ്ത്‌ നോക്കിയാൽ..അരിതയ്ക്കൊന്നും പിടിച്ച്‌ നിൽക്കാൻ പോലും കഴിയില്ല.
ഈ ഒരു പ്രവണത കാലങ്ങളായി തുടർന്ന് പോരുന്നത്‌ നിങ്ങളുടെ പാർട്ടിയാണ്.ഒരു പരിധിക്കപ്പുറം,നിങ്ങളോ നിങ്ങളുടെ നേതാക്കളോ ഇത്തരം ആക്ഷേപങ്ങൾക്ക്‌ ഇരയായിട്ടില്ല.രാഷ്ട്രീയ മര്യാദ നിങ്ങൾ കാണിക്കാത്തിടത്ത്‌,ഞങ്ങൾ കാണിച്ചിട്ടുണ്ട്‌.മിതത്വവും മര്യാദയും ഇക്കാര്യത്തിൽ പാലിച്ചിട്ടുണ്ട്‌.ഒരു തലമുതിർന്ന കോൺഗ്രസ്‌ നേതാവിന്റെ ബന്ധുവിനെ വിവാഹം കഴിച്ചയാളും ബന്ധുക്കളും,അവർക്കും പിതാവിനുമെതിരെ ആരോപണങ്ങളുമായി അന്നത്തെ പാർട്ടി സെക്രട്ടറിയെ സമീപിച്ചപ്പോൾ,ഒരു രാഷ്ട്രീയ മുതലെടുപ്പിനും തയ്യാറാകാതെ,അവരുടെ സ്വകാര്യത ചർച്ചയാക്കാൻ തയ്യാറാകാതെ,പരാതിക്കാരേ എ.കെ.ജി സെന്ററിൽ നിന്ന് തിരിച്ച്‌ പറഞ്ഞയച്ച ചരിത്രമാണ് ഞങ്ങൾക്ക്‌ ഓർമ്മിപ്പിക്കുവാനുള്ളത്‌.
പ്രിയപ്പെട്ട കുമാരി അരിതാ ബാബു ആദ്യമേ തന്നെ,പുതിയതായി രൂപം കൊടുക്കുന്ന പാർട്ടി സിലബസ്സിൽ ഇത്തരം മിനിമം മര്യാദകൾ ഉൾപ്പെടുത്താൻ സ്വന്തം പാർട്ടി നേതൃത്വത്തോട്‌ ആവശ്യപ്പെടണം.
കത്തിന്റെ മറുപടി ഏറ്റവും സിമ്പിളായി പറഞ്ഞാൽ ഏതാണ്ട്‌ ഇത്‌ പോലെയിരിക്കും.
"സ്വന്തം ആളുകളുടെ കണ്ണിലെ കോലെടുത്തിട്ട്‌ വേണം,മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാൻ!"

അരിത മുഖ്യമന്ത്രിക്ക് എുതിയ കത്ത്

അഭിവന്ദ്യനായ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്,
ഞാൻ അരിത ബാബു ,കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിൽ നിന്നുള്ള 
യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും  അങ്ങയുടെ അനുയായികളും 
പാർട്ടിക്കാരും അനുഭാവികളുമായ ചിലർ എനിക്കെതിരെ നിർത്താതെ തുടരുന്ന അധിക്ഷേപങ്ങളെ കുറിച്ചും അപഹാസങ്ങളെ കുറിച്ചും പറയാനാണ് ഈ കുറിപ്പ്.
എൻറേതുപോലുള്ള ജീവിത, സാമൂഹിക സാഹചര്യങ്ങളിൽ നിന്നുള്ള ഒരു സ്ത്രീക്ക് 
ഒരു മുഖ്യധാരാ മുന്നണിയുടെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുന്നത് തന്നെ വലിയ കാര്യമായി ഞാൻ കാണുന്നു.
പശുക്കളെ വളർത്തിയും പാൽ കറന്നുവിറ്റുമാണ് ഞാൻ ഉപജീവനം നടത്തുന്നത്. 
ചെത്തുകാരൻറെ മകനായതിൽ അഭിമാനിക്കുന്നു എന്ന അങ്ങയുടെ പ്രസ്താവന, 
രാഷ്ട്രീയമായി അങ്ങയുടെ മറുചേരിയിൽ നിന്നുകൊണ്ടുതന്നെ,  ആഹ്ലാദത്തോടെ കേട്ട ഒരാളാണ് ഞാൻ. എന്നാൽ അങ്ങയുടെ അനുയായികളെന്ന് ഉച്ചത്തിൽ വിളംബരം ചെയ്യുന്ന ചിലർ ഫെയ്സ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും എന്നെക്കുറിച്ച് നടത്തുന്ന അധിക്ഷേപങ്ങൾ ഒരു സ്ത്രീ എന്ന നിലയിലും, പൊതുരംഗത്തു നിൽക്കാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും, സാമൂഹിക ശ്രേണിയിലെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഒരാളെന്ന നിലയിലും എന്നെ വേദനിപ്പിക്കുന്നു.
എൻറേതുപോലുള്ള ജീവിതസാഹചര്യങ്ങളിൽ നിന്ന് വരുന്ന സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളിൽ സവിശേഷമായ ശ്രദ്ധ കിട്ടാറുണ്ട്. 
ക്ഷീരകർഷകൻ ആയ സി കെ ശശീന്ദ്രൻ കൽപ്പറ്റയിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തിന്റെ ലളിത ജീവിതവും കാർഷിക ചുറ്റുപാടുകളുമൊക്കെ മാധ്യമങ്ങൾ ആഘോഷിച്ചത് അങ്ങേയ്ക്ക് ഓർമ്മ കാണുമല്ലോ. കർഷക ത്തൊഴിലാളിയായ കെ രാധാകൃഷ്ണൻ ചേലക്കരയിൽ ആദ്യം മത്സരിച്ചപ്പോൾ മാത്രമല്ല ഒടുവിൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പോലും  തലയിൽ 
തോർത്ത് കെട്ടി കൃഷിയിടത്തിൽ
ഇറങ്ങുന്നതിന്റെ വിഷ്വൽ സ്റ്റോറികൾ പുറത്തു വന്നു. എസ് എഫ് ഐയുടെ അഖിലേന്ത്യാ നേതാവും പിഎച്ച്ഡി ഹോൾഡറുമായ പി കെ ബിജു ആലത്തൂരിൽ മത്സരിച്ചപ്പോൾ വന്ന ഒരു വാർത്ത ഞാനോർക്കുന്നു.  ബിജു സ്ഥാനാർഥിയായി നാമനിർദ്ദേശം നൽകുന്ന ദിവസം, കോട്ടയത്തെ പണി പൂർത്തിയാകാത്ത വീട്ടിൽ നിന്ന് വയലിൽ കറ്റ കെട്ടാൻ പോയി മടങ്ങി വരുന്ന അമ്മയെ കുറിച്ചായിരുന്നു ആ വാർത്ത. ബിജുവിൻറെഅമ്മ 20 വർഷം മുമ്പ് നിർത്തിയ ഒരു ജോലി,  മകൻറെ തെരഞ്ഞെടുപ്പ് കാലത്ത് ക്യാമറയ്ക്ക് വേണ്ടി മാത്രമായി പോസ് ചെയ്യുകയായിരുന്നുവെന്ന് അത് ചെയ്ത മാധ്യമപ്രവർത്തകർ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. പക്ഷേ പികെ ബിജുവിൻറെ രാഷ്ട്രീയം രൂപപ്പെടുന്നത് ആ അമ്മയുടെ ഭൂതകാലം കൂടിച്ചേർന്നാണ് എന്ന് മനസ്സിലാക്കുന്ന ഒരാൾക്ക് അതിനെ അധിക്ഷേപിക്കാൻ കഴിയില്ല.  ഞാനത് ചെയ്യില്ല.
കോൺഗ്രസ് പാർട്ടി എന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്ന ദിവസം വരെ 
ഞാൻ ചെയ്ത ജോലിയാണ് പാൽ വില്പന. തെരഞ്ഞെടുപ്പുകാലത്ത് മാറ്റിവെച്ചത് ഒഴിച്ചാൽ അതാണ് എൻറെ ജോലി.  ഇപ്പോഴും, ഇത് എഴുതുന്ന ദിവസവും അത് തന്നെയാണ് ഞാൻ ചെയ്യുന്ന ജോലി.  സ്വാഭാവികമായും ആ ജോലി മുൻനിർത്തിയാണു എന്നെ കുറിച്ചുള്ള വാർത്തകൾ തയ്യാറാക്കപ്പെട്ടത്. ആ ജോലിയുടെ പേര് പറഞ്ഞാണ് അങ്ങയുടെ അനുയായികൾ ഇപ്പോഴും എന്നെ അപഹസിക്കുന്നത്. എൻറെ ദാരിദ്ര്യത്തെയും തൊഴിലിനെയും സാമൂഹികമായ അധസ്ഥിതാവസ്ഥയേയും പരിഹസിക്കുകയാണോ നിങ്ങൾ? 
ഏഷ്യാനെറ്റിലെ ലക്ഷ്മി പത്മ എന്ന മാധ്യമപ്രവർത്തക എന്നെക്കുറിച്ച് തയ്യാറാക്കിയ ഒരു പ്രോഗ്രാമിൻറെ പേരിൽ അവരെയും എന്നെയും അധിക്ഷേപിക്കുന്നത് ഇപ്പോഴും തുടരുകയാണ്. "പാൽക്കാരീ" "കറവക്കാരീ " എന്നുമൊക്കെയുള്ള  വിളികൾ അതിൻറെ നേരിട്ടുള്ള അർത്ഥത്തിൽ ആണെങ്കിൽ സന്തോഷത്തോടെ കേൾക്കാവുന്ന രാഷ്ട്രീയ ബോധ്യം എനിക്കുണ്ട്. എന്നാൽ,  "കറവ വറ്റിയോ ചാച്ചീ", " നിനക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു മുത്തേ,   
നമുക്ക് അല്പം  പാൽ കറന്നാലോ ഈ രാത്രിയിൽ?" എന്നൊക്കെ ചോദിക്കുന്നവർ അങ്ങയുടെ ചിത്രങ്ങളാണ് സഖാവേ കവർ ചിത്രമായി കൊടുക്കുന്നത്.  പ്രണയമാണ് ചുവപ്പിനോട്,  ആവേശമാണ് ചെങ്കൊടിയോട്  എന്നൊക്കെ പ്രൊഫൈലിൽ എഴുതി വെക്കുന്നവർ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്.  എന്നെ കുറിച്ച് വന്ന വാർത്തകൾ ഞാൻ പണം കൊടുത്തു ചെയ്യിച്ചതാണ് എന്ന നുണക്കഥ ഒരു തെളിവിൻറെയും പിൻബലമില്ലാതെ അവർ പ്രചരിപ്പിക്കുന്നു. 
മാത്രമല്ല ലിന്റോ ജോസഫ് (തിരുവമ്പാടി) , R.ബിന്ദു (ഇരിഞ്ഞാലക്കുട) , പി.പ്രഭാകരൻ (മലമ്പുഴ), എൽദോ എബ്രഹാം (മൂവാറ്റുപുഴ) ,ഷെൽന നിഷാദ് (ആലുവാ) എന്നീ ഇടത് സ്ഥാനാർത്ഥികളുടെയൊക്കെ കഥകൾ ഇതേ രീതിയിൽ ഇതേ ചാനലിന്റെ ഇതേ പരിപാടിയിൽ തന്നെ വന്നിരുന്നു. അവരുടെ ഒന്നും എതിർ സ്ഥാനാർത്ഥികളോ അണികളോ ഈ വിധം അസഹിഷ്ണുക്കളായി കണ്ടില്ല.
ഈ അധിക്ഷേപ വർഷത്തിൻറെ തുടക്കത്തിൽ സിപിഐഎമ്മിനാൽ നിയോഗിക്കപ്പെട്ടവരാണ് ഇവർ എന്ന് ഞാൻ കരുതിയിരുന്നില്ല.  എന്നാൽ ഒരു പൊതു പ്രവർത്തകയായ ഞാനും മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മയും ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ആരും തന്നെ അതിനെ തള്ളിപ്പറഞ്ഞിട്ടില്ല എന്നത് എന്നെ നിരാശപ്പെടുത്തുന്നു . മാറ്റി ചിന്തിപ്പിക്കുന്നു
 ഈ അധിക്ഷേപം നടത്തിയവരിൽ  ചിലർ വ്യാജ ഐഡി കൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ക്രിമിനലുകളാണ് എന്ന് എനിക്കറിയാം. ഭീരുക്കളായ നിങ്ങളുടെ കിങ്കരന്മാർ.  എന്നാൽ അവരെ ഓർത്തല്ല, അവരിലൂടെ ജനങ്ങളോട് രാഷ്ട്രീയം പറയാമെന്ന് തീരുമാനിച്ച രാഷ്ട്രീയ നേതൃത്വത്തെ ഓർത്താണ് ഇന്ന് ഞാൻ ലജ്ജിക്കുന്നത്.  നിങ്ങൾ പറയുന്ന പുരോഗമന പക്ഷ / സ്ത്രീപക്ഷ രാഷ്ട്രീയം ആത്മാർത്ഥത ഉള്ളതാണെങ്കിൽ സംസ്കാര ശൂന്യമായ ഈ വെട്ടുകിളികളെ നിലക്ക് നിർത്തൂ.  അതല്ല,  എകെജി സെൻററിൻറെ അടുക്കളപ്പുറത്തല്ല ഇവറ്റകളുടെ നിത്യഭക്ഷണമെങ്കിൽ, ദയവായി അവരെ തള്ളിപ്പറയൂ.

- അരിത ബാബു

Follow Us:
Download App:
  • android
  • ios