ആശമാരുടെ സമരത്തെ പിന്തുണച്ചു സമൂഹമാധ്യമ പ്രതികരണം നടത്തിയതിനെ തുടർന്നായിരുന്നു സൈബർ ആക്രമണം.
പത്തനംതിട്ട: പത്തനംതിട്ടയിലെ വ്ലോഗർ നീനു നൽകിയ സൈബർ ആക്രമണ പരാതിയിൽ പന്തളം പോലീസ് കേസെടുത്തു. ആശമാരുടെ സമരത്തെ പിന്തുണച്ചു സമൂഹമാധ്യമ പ്രതികരണം നടത്തിയതിനെ തുടർന്നായിരുന്നു സൈബർ ആക്രമണം. തൃശൂർ കുന്നംകുളം സ്വദേശി ജനാർദ്ദനെതിരെയാണ് കേസെടുത്തത്. നീനുവിന്റെ വീഡിയോക്ക് താഴെ ഇയാൾ അസഭ്യ കമന്റിട്ടിരുന്നു.
'ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ച് കൊണ്ട് ഞാന്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ യാതൊരു വിധ രാഷ്ട്രീയവുമില്ല. ഒരു മനുഷ്യത്വത്തിന്‍റെ പേരില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ്. 10 വര്‍ഷമായി മെഡിക്കല്‍ ഫീൽഡിൽ ജോലി ചെയ്യുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ അവരോട് സ്വാഭാവികമായിട്ടും എന്‍റെ കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരോട് തോന്നുന്ന വികാരം മാത്രമായിരുന്നു. അവര്‍ക്ക് ന്യായമായ അവകാശങ്ങള്‍ കിട്ടണം എന്ന് ഉദ്ദേശിച്ചിട്ട വീഡിയോ ആയിരുന്നു. അതില്‍ നെഗറ്റീവും പോസിറ്റീവുമായ കമന്‍റുകള്‍ വന്നിരുന്നു. അത് നല്ല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഞാന്‍ കമ്മീഷന്‍ വാങ്ങിയിട്ടാണ് വീഡിയോ ചെയ്യുന്നതെന്ന് വ്യാജ പ്രചരണം നടത്തുകയും ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ വ്യാജപ്രചരണ നടത്തുന്ന കമന്‍റുകളും വ്യക്തിഹത്യ നടത്തുന്ന വാക്കുകളുമുണ്ടായിരുന്നു. ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. മറ്റൊരു വീഡിയോയ്ക്ക് റിപ്പോര്‍ട്ട് അടിച്ച് വീഡിയോ ഹൈഡ് ചെയ്യിച്ചു.' നീനുവിന്‍റെ വാക്കുകളിങ്ങനെ. ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്നയാളാണ് നീനു.
വളരെ മോശമായ രീതിയില്‍ കുടുംബാംഗങ്ങളെ അടക്കം അപമാനിക്കുന്ന രീതിയില്‍ കമന്‍റ് ഇട്ടതിനെ തുടര്‍ന്നാണ് സ്ക്രീന്‍ ഷോട്ട് സഹിതം പന്തളം പൊലീസില്‍ പരാതി നല്‍കിയത്. ഇതിലാണ് കേസ് എടുത്തിരിക്കുന്നത്. കുന്നംകുളം സ്വദേശിയായ ജാര്‍ദനനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

