സൈബർ ആക്രമണങ്ങളിൽ പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജയ്ക് സി തോമസിന്റെ ഭാര്യ ഗീതു കോട്ടയം എസ് പിക്ക് പരാതി നൽകി. കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നൽകിയതെന്ന് ഗീതു. 

പുതുപ്പള്ളി: തനിക്കെതിരായ സൈബർ ആക്രമണം കോൺഗ്രസ് അനുകൂല പ്ലാറ്റ്ഫോമുകളിൽ നിന്നാണെന്ന് പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു പറഞ്ഞു. സൈബർ ആക്രമണങ്ങളിൽ ഗീതു കോട്ടയം എസ് പിക്ക് പരാതി നൽകി. കോൺഗ്രസുകാരായ സ്ത്രീകളടക്കം സൈബർ ആക്രമണം നടത്തിയെന്നും കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നൽകിയതെന്നും ജെയ്ക്കിന്റെ ഭാര്യ ഗീതു പറഞ്ഞു. ഒരു രാഷ്ട്രീയത്തിലും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉണ്ടാകരുതെന്നും 9 മാസം ഗർഭിണിയായ തന്നെ അപമാനിച്ചെന്നും ഗീതു പറഞ്ഞു.

നേരത്തെ ഇടതു സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് തന്റെ ഭാര്യ ഗീതുവിനെതിരായ സൈബർ ആക്രമണം കോൺഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണെന്ന് പറഞ്ഞിരുന്നു. പുതുപ്പള്ളി ഇതിനു മറുപടി നൽകുമെന്നും ജെയ്ക്ക് സി തോമസ് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം നേരത്തെ ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന് എതിരെ സമൂഹമാധ്യമങ്ങളിലൂടെ നടന്ന സൈബർ ആക്രമണങ്ങളും ശുദ്ധ മര്യാദകേടാണെന്ന് ജെയ്ക്ക് അഭിപ്രായപ്പെട്ടിരുന്നു. കണ്ടന്റ് ക്രിയേറ്ററായ അച്ചു ധരിക്കുന്ന ബ്രാന്റഡ് വസ്ത്രങ്ങൾ, ബാഗുകളടക്കമുള്ളതിന്റെ വിലയടക്കം പ്രചരിപ്പിക്കുകയും അപകീർത്തിപരമായ രീതിയിൽ ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെ വലിയ തോതിൽ അന്ന് പ്രതിഷേധമുയർന്നിരുന്നു.

Read More: തന്നെ നാലാം കിടക്കാരനെന്ന് വിളിച്ചു, ഭാര്യക്കെതിരായ സൈബർ ആക്രമണം കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ: ജെയ്ക്ക്

അച്ചു ഉമ്മനും തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ പരാതി നൽകിയിരുന്നു. അച്ചുവിന്റെ പരാതിയിൽ സെക്രട്ടറിയേറ്റ് മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് അനുഭാവിയുമായ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ സൈബർ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമായിരുന്നു ഇയാൾക്കെതിരെ കേസെടുത്തിരിന്നത്.

ഏഷ്യനെറ്റ് ന്യൂസ് ലൈവ്