Asianet News MalayalamAsianet News Malayalam

അറബിക്കടലിൽ അതിതീവ്ര ന്യൂനമര്‍ദ്ദം; 24 മണിക്കൂറിനകം ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

ലക്ഷദ്വീപിന് 240 കിമീ അകലെ അറബിക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു .24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി രൂപപ്പെടുമെന്നുമാണ് മുന്നറിയിപ്പ്.

cyclone alert by central met department
Author
Delhi, First Published Jun 10, 2019, 5:13 PM IST

ദില്ലി: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. ലക്ഷദ്വീപിന് 240 കിമീ അകലെ അറബിക്കടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടിട്ടുണ്ട്. അടുത്ത ആറ് മണിക്കൂറിനുള്ളിൽ ഇത് തീവ്ര മർദ്ദമായി രൂപപ്പെടും. 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വായു എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്.  ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കേരള-കർണാടക തീരത്തോട് ചേർന്നുള്ള തെക്കു കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാവുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. കാറ്റിന്‍റെ ഗതി വടക്കു - പടിഞ്ഞാറൻ ദിശയിലായതിനാൽ കേരളത്തിലുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. വ്യാഴാഴ്ച്ചയോടെ കാറ്റ് ഗുജറാത്ത് തീരത്ത് എത്തും.

കാറ്റിൻറെ സ്വാധീനം മൂലം സംസ്ഥാനത്ത് കാലവർഷം ദുർബലമാകാനും ഇടയുണ്ട്. ഒരാഴ്ച വൈകിയാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. തെക്കന്‍ ജില്ലകളില്‍ ഇന്ന് വ്യപകമായി മഴ പെയ്തു. എറണാകുളത്തും ആലപ്പുഴയിലും ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍, നാളെയും മറ്റന്നാളും ചില ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. 

നാളെ കണ്ണൂരും കോഴിക്കോട്ടും യെല്ലോ അലര്‍ട്ടായിരിക്കും. അതേ സമയം ബുധനാഴ്ച മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ മേഖലകളിൽ കടൽ പ്രക്ഷുബ്ധമാണ്. 

Follow Us:
Download App:
  • android
  • ios