Asianet News MalayalamAsianet News Malayalam

ബുറെവി ചുഴലിക്കാറ്റ് ഇന്ന് ശ്രീലങ്കയിൽ പ്രവേശിക്കും, കേരളത്തിൽ നാളെ ഉച്ചയോടെ കാലാവസ്ഥാ പ്രക്ഷുബ്ധമാവും

നാളെ ശ്രീലങ്കയും കടന്ന് തമിഴ്നാട് തീരത്തേക്ക് കാറ്റ് അടുക്കുന്നതോടെയാണ് കേരളത്തിൽ ബുറെവിയുടെ സ്വാധീനം ആരംഭിക്കുക. നാളെ ഉച്ചമുതൽ മറ്റന്നാൾ ഉച്ചവരെ തെക്കൻ ജില്ലകളിൽ അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്. 

cyclone Burevi to hit tamilnadu on december 4 high alert in kerala
Author
Kanyakumari, First Published Dec 2, 2020, 7:39 AM IST

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് നിലവിൽ കന്യാകുമാരിയിൽ നിന്നും 740 കിലോമീറ്റർ അകലെയെത്തി. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യൻ മുനമ്പിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശ്രീലങ്കയിൽ പ്രവേശിക്കും എന്നാണ് പ്രവചനം. നാളെ ശ്രീലങ്കയും കടന്ന് തമിഴ്നാട് തീരത്തേക്ക് കാറ്റ് അടുക്കുന്നതോടെയാണ് കേരളത്തിൽ ബുറെവിയുടെ സ്വാധീനം ആരംഭിക്കുക. നാളെ ഉച്ചമുതൽ മറ്റന്നാൾ ഉച്ചവരെ തെക്കൻ ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്. 

തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ പ്രത്യേകിച്ചും കനത്ത മഴയ്ക്കും കാറ്റിനും ബുറെവി വഴി തുറക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിൽ 11 കിലോമീറ്റർ വേഗതയിലാണ് ബുറെവി ചുഴലിക്കാറ്റ് മുന്നോട്ട് നീങ്ങുന്നത്. തമിഴ്നാട്ടിലെ ട്രിങ്കോമാലിക്ക് 330 കിലോമീറ്ററും കന്യാകുമാരിക്ക് 740 കിലോമീറ്ററും അകലെയായിട്ടാണ് ചുഴലിക്കാറ്റിൻ്റെ സാന്നിധ്യം. അടുത്ത 12 മണിക്കൂറിൽ കൂടുതൽ കരുതാർജ്ജിക്കുന്ന ബുറെവി പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ തന്നെ സഞ്ചരിച്ച് ഇന്ന് രാത്രി തന്നെ ശ്രീലങ്കൻ തീരത്ത് പ്രവേശിക്കും എന്നാണ് പ്രവചനം.

മണിക്കൂറിൽ 95 കിലോമീറ്റർ വരെ വേഗതയിൽ ശ്രീലങ്കയിൽ പ്രവേശിക്കുന്ന കാറ്റ് തുടർന്നും വടക്ക് - പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് വെള്ളിയാഴ്ച പുലർച്ചെയോടെയാവും തമിഴ്നാട് തീരത്ത് എത്തുക. തമിഴ്നാട് തീരത്തേക്ക് നാളെ ഉച്ചയോടെ ചുഴലിക്കാറ്റ് എത്തുമ്പോൾ മുതൽ തെക്കൻ കേരളത്തിൽ അതിൻ്റെ ആഘാതം അനുഭവപ്പെട്ട് തുടങ്ങും. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ വ്യാപകമായും തിരുവനന്തപുരം അടക്കമുള്ള അടക്കമുള്ള ജില്ലകളിൽ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്. 

കന്യാകുമാരിയിൽ വച്ച് കരയിൽ പ്രവേശിക്കുന്ന കാറ്റ് കന്യാകുമാരി തീരത്ത് കൂടി സഞ്ചരിച്ച് അറബിക്കടലിൽ പ്രവേശിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചുഴലിക്കാറ്റ് നേരിട്ട് കേരളത്തിൽ പ്രവേശിക്കില്ലെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. ചുഴലിക്കാറ്റിനെ തുടർന്ന് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ടാണ്.  വെള്ളിയാഴ്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 48 വില്ലേജുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കടൽത്തീരത്ത് സഞ്ചാരികൾക്കും കർശന വിലക്ക് ഏർപ്പെടുത്തി.

തീരദേശവാസികൾക്ക് സർക്കാർ കർശന മുന്നറിയിപ്പ് ഇതിനോടകം നൽകിയിട്ടുണ്ട്. എല്ലാവരും എമർജൻസി കിറ്റുകൾ തയ്യാറാക്കി വയ്ക്കണമെന്നും കിംവദന്തികൾ വിശ്വസിക്കുകയോ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും സർക്കാർ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾ ബോട്ട്, വള്ളം, വല എന്നിവ സുരക്ഷിതമായി സൂക്ഷിക്കണം. സുരക്ഷിതമായ മേൽക്കൂരയില്ലാത്തവർ അവിടം വിട്ടു മാറണം. മൊബൈൽഫോണുകളിൽ ചാർജ് ഉറപ്പാക്കണെന്നും സർക്കാർ നിർദേശിക്കുന്നു. അടിയന്തര സാഹചര്യത്തിൽ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്നാൽ കൊവിഡ് ചട്ടം പാലിക്കണമെന്നും സംശയങ്ങൾ ഉണ്ടായാൽ 1077 നമ്പറിൽ വിളിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.  

ചുഴലിക്കാറ്റിൻ്റെ വരവിനെ തുടർന്ന് തമിഴ്‌നാട്ടിലും അതീവ ജാഗ്രത തുടരുകയാണ്. പത്ത് ദിവസത്തിനിടെ തമിഴ്നാട് തീരത്ത് എത്തുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്. തമിഴ്നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി, തിരുനെൽവേലി, രാമനാഥപുരം ജില്ലകളെയാണ് ബുറെവി ചുഴലിക്കാറ്റ് പ്രധാനമായും ബാധിക്കുക. ബുറെവിയുടെ വരവിനെ തുടർന്ന് ലക്ഷദ്വീപിലും മാലദ്വീപിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഈ വർഷം തമിഴ്നാട് നേരിടുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റാണിത്. ഉമ്പുൻ, നൈസർഗ, ഗതി, നിവാർ എന്നിവയാണ് 2020-ൽ തമിഴ്നാടിനെ വിറപ്പിച്ച ചുഴലിക്കാറ്റുകൾ. 

Follow Us:
Download App:
  • android
  • ios