തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവ്വകലാശാലയിൽ പട്ടികജാതി വിദ്യാർത്ഥികളോട് ജാതി വിവേചനമെന്ന് പരാതി. ബോട്ടണി വിഭാഗത്തിലെ 4 ഗവേഷക വിദ്യാർത്ഥികളാണ് ജാതി വിവേചനം ആരോപിച്ച് വൈസ് ചാൻസലർക്കും പൊലീസിനും പരാതി നൽകിയിരിക്കുന്നത്. ഗവേഷണ മേൽനോട്ട ചുമതലയുള്ള അധ്യാപികയായ ഡോക്ടർ ഷമീനയ്ക്കെതിരെയാണ് വിദ്യാർത്ഥികളുടെ പരാതി. 

കളിയാക്കലും മാറ്റി നിർത്തലുമടക്കം അങ്ങേയറ്റം ദുസ്സഹമായ ജാതി വിവേചനമാണ് നേരിടുന്നതെന്ന് ഗവേഷക വിദ്യാർത്ഥിയായ അരുൺ ടി റാം പറയുന്നു. പലപ്പോഴും നിര്‍ത്തിപ്പോകാന്‍ ആലോചിച്ചിരുന്നു. ഒരു ഗവേഷകനായി പ്രവര്‍ത്തിക്കാന്‍ മാനസികമായി സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഒരു മൈക്രോസ്കോപ്പ് പോലും ഉപയോഗിക്കാന്‍ പറ്റുന്നില്ല. പിഎച്ച്ഡി കഴിഞ്ഞാലും  തൂപ്പുപണിക്കാണ് പോകുന്നത് പിന്നെന്തിനാണ് പിഎച്ച്ഡി എടുക്കുന്നത് എന്നാണ് ചോദിക്കുന്നത്. 

ഡിപ്പാര്‍ട്ട്മെന്‍റിലെ ഇന്‍ജസ്റ്റ്  എടുത്തു കൊണ്ടുപോയി. മേശ വലിപ്പില്‍ നിന്നും പണം മോഷ്ടിച്ചു കൊണ്ടു പോയി എന്നൊക്കെയാണ് പറയുന്നത്. എത്ര പണം എടുത്തു എപ്പോള്‍ എടുത്തു എന്നു പോലും പറയുന്നില്ല. മോഷ്ടാവായി വരെ ചിത്രീകരിക്കുകയാണ്. വകുപ്പു മേധാവിക്ക് പലതവണ വാക്കാല്‍ പരാതി നല്‍കിയെങ്കിലും എങ്ങനെയും അഡ്‍ജസ്റ്റ് ചെയ്തു പോകൂ എന്ന മറുപടിയാണ് ലഭിച്ചത്. 

സ്വകാര്യ ജീവിതത്തിൽ പോലും അധ്യാപിക ഇടപെടുന്നതായി ക്യാംപസിലെ ഗവേഷകയും മറ്റൊരു പരാതിക്കാരിയുമായ ശ്വേതയും വ്യക്തമാക്കുന്നു. രണ്ട് വര്‍ഷം മുന്‍പ് വിവാഹിതയായ എന്നോട് ഗര്‍ഭം ധരിക്കരുതെന്ന് പൊട്ടിത്തെറിച്ചു കൊണ്ടാണ് പറഞ്ഞത്. ഗര്‍ഭിണിയായാല്‍ ഗവേഷണമൊക്കെ ഇവിടെ വച്ച് നിര്‍ത്തി പോകേണ്ടി വരും എന്നായിരുന്നു എന്നോടുള്ള ഭീഷണി 

ജാതി വിവേചനത്തെക്കുറിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി പരാതിപ്പെട്ടിട്ടും വകുപ്പുതലവന്‍ പോലും വിഷയം കാര്യമായി എടുത്തില്ലെന്ന ആക്ഷേപവും ഗവേഷക വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വയ്ക്കുന്നു. അധ്യാപികക്കെതിരെ പരാതി കൊടുത്തതോടെ ഗവേഷണ പ്രബന്ധം സമർപ്പിക്കാനാകുമോ എന്ന  ആശങ്കയും ഇവര്‍ക്കുണ്ട്. 

എന്നാൽ അധ്യാപികയോട് ഇതേ കുറിച്ച് ചോദിച്ചപ്പോൾ തനിക്കൊന്നും പറയാനില്ലെന്ന ഒറ്റവരിയിൽ മറുപടിയൊതുക്കി. അടുത്ത സിന്‍ഡിക്കേറ്റില്‍ വിദ്യാർത്ഥികളുടെ പരാതി പരിഗണിക്കാനാണ് അധികൃതരുടെ തീരുമാനം. കർശന നടപടിയുണ്ടായില്ലെങ്കിൽ സമരരംഗത്തിറങ്ങുമെന്ന് ഗവേഷക വിദ്യാർത്ഥി സംഘടനയും വ്യക്തമാക്കുന്നു.