നെടുംകണ്ടം: ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായമായി ലഭിക്കുന്ന ലാപ്ടോപ്പ് പഞ്ചായത്ത് നിഷേധിക്കുന്നതായി പരാതി. ഇടുക്കി ജില്ലയിലെ നെടുംകണ്ടം വടക്കേടത്ത് വീട്ടില്‍ ആര്‍ദ്ര ബാബു, അനഘ ബാബു എന്നിവരുടെ പേരില്‍ പാസായ ലാപ്ടോപ്പ് നല്‍കുന്നതിലാണ് പഞ്ചായത്ത് അലംഭാവം കാണിക്കുന്നത്. ഇവര്‍ക്ക് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായിട്ടും കാര്യങ്ങള്‍ നീക്കില്ല എന്ന നിഷേധ നിലപാടിലാണ് പഞ്ചായത്ത് എന്നാണ് ആര്‍ദ്രയുടെ സഹോദരിയും ബിരുദാനന്തര വിദ്യാര്‍ത്ഥിയുമായ അനഘ ബാബു പറയുന്നു.

2018 ല്‍ പാസായ ലാപ്ടോപ്പ് 2018,2019 കാലത്ത് പ്രളയമെന്ന പേരിലും 2020 ല്‍ കൊറോണയുടെ പേരിലും നിഷേധിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനഘ ആദ്യമായി പ്രതികരിച്ചത്. ഗ്രാമസഭ വഴിയാണ് പഞ്ചായത്തിനെ ലാപ്ടോപ്പിന് വേണ്ടി സമീപിച്ചത് എന്നാണ് വിദ്യാര്‍ത്ഥിയായ അനഘ പറയുന്നു. 2020 ഡെസറ്റേഷന്‍ ജോലിക്ക് വേണ്ടി ലാപ്ടോപ്പ് അത്യവശ്യമായപ്പോള്‍ പഞ്ചായത്തിനെ സമീപിച്ചു. 

ഇത്തവണ കെലക്ട്രോണിന് ഓഡര്‍ നല്‍കിയെന്നും, കൊറോണ മൂലം വൈകുന്നു എന്നുമാണ് മറുപടി ലഭിച്ചത്. തുടര്‍ന്നാണ് ദിശ എന്ന സംഘടന മുഖാന്തരം ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ആദ്യ സിറ്റിംഗില്‍ തന്നെ ഹൈക്കോടതി അഞ്ചാഴ്ചയ്ക്കുള്ളില്‍ ലാപ്ടോപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കാന്‍ ഉത്തരവിട്ടു. ഉത്തരവിന്‍റെ കോപ്പി പഞ്ചായത്തിനും, കെലട്രോണിനും അയക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഹൈക്കോടതി ഉത്തരവുമായി പഞ്ചായത്തില്‍ എത്തിയ ആര്‍ദ്ര ബാബുവിനെയും അമ്മയെയും പഞ്ചായത്ത് മെമ്പര്‍ ശ്യാമള വിശ്വനാഥനും, പഞ്ചായത്ത് സെക്രട്ടറിയും അപമാനിച്ചുവെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. "നിങ്ങൾക്ക് ഹൈക്കോടതിയിലൊക്കെ കേസ് കൊടുക്കാൻ പൈസയുണ്ടെങ്കിൽ പിന്നെ പൈസ കൊടുത്ത് ലാപ്ടോപ്പ് വാങ്ങിച്ചാൽ പോരെ, പഞ്ചായത്തിന്റെ കാലു പിടിക്കാൻ പിന്നെയും വരണോ" - എന്ന് ഇവര്‍ ചോദിച്ചുവെന്ന് അനഘ ബാബു ആരോപിക്കുന്നു. "കെൽട്രോൺ എപ്പോൾ തരുന്നോ അപ്പഴേ നിങ്ങൾക്ക് ലാപ്പ് ടോപ്പ് ലഭിക്കുകയുള്ളൂ " - എന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞതായും അനഘ പറയുന്നു.

സര്‍ക്കാര്‍ സ്റ്റെപ്പന്‍റില്‍ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്ന ദളിത് വിദ്യാര്‍ത്ഥികളാണ് ആര്‍ദ്രയും, അനഘയും. ലാപ്ടോപ്പ് ഇല്ലാത്തതിനാല്‍ ഇവരുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങും എന്നാണ് ഇവര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞത്. അനഘ ശ്രീശങ്കരാചാര്യ സർവ്വകലാശാലയില്‍ പിജി വിദ്യാര്‍ത്ഥിയും, ആര്‍ദ്ര അങ്കമാലി സ്കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഫിസിയോതെറാപ്പി കോഴ്സ് വിദ്യാര്‍ത്ഥിയുമാണ്.

അതേ സമയം വിഷയത്തില്‍ പ്രതികരിച്ച നെടുംകണ്ടം പഞ്ചായത്ത് പ്രസിഡന്‍റ് ഈ വാദങ്ങള്‍ എല്ലാം തള്ളിക്കളഞ്ഞു. 2018 മുതല്‍ ഇവര്‍ ലാപ്ടോപ്പിന് അപേക്ഷിച്ചു എന്ന് പറയുന്നത് വസ്തുത വിരുദ്ധമാണെന്നും. ഇത്തവണയാണ് ഇവര്‍ ഗുണഭോക്ത ലിസ്റ്റില്‍ ഉള്‍പ്പെട്ടത് എന്നും പഞ്ചായത്ത് പ്രസിഡന്‍റ് ജ്ഞാന സുന്ദരം പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാം കൃത്യമായി ഈ പദ്ധതി പ്രകാരം ലാപ്ടോപ്പ് വിതരണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ പബ്ലിക്ക് ടെണ്ടര്‍ വിളിച്ച് പൊതുവിപണിയില്‍ നിന്നാണ് ലാപ്ടോപ്പ് ലഭ്യമാക്കിയത്. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ നിര്‍ദേശം ഉള്ളതിനാല്‍ കെലക്ട്രോണില്‍ നിന്നും മാത്രമേ ലാപ്ടോപ്പ് എടുക്കാന്‍ സാധിക്കൂ.

ഇതിന് ഓഡര്‍ നല്‍കി മാര്‍ച്ചില്‍ തന്നെ ആവശ്യമായ തുക അടച്ചിട്ടുണ്ട്. കെലക്ട്രോണില്‍ നിന്നും ലാപ് എത്താനുള്ള താമസാണ് ഇപ്പോള്‍ നേരിടുന്നത്. വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്ന പോലെ മോശമായി ആരും പെരുമാറിയിട്ടില്ലെന്നും പ്രസിഡന്‍റ് പറയുന്നു. നാളെ ലാപ് എത്തിയാല്‍ നാളെ വിതരണം ചെയ്യും, ഹൈക്കോടതി വിധി സംബന്ധിച്ച് അറിയാമെന്നും അഞ്ചാഴ്ച സമയം നല്‍കിയിട്ടുണ്ടെന്നും അതിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നും പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പ്രസിഡന്‍റിന്‍റെ വാദങ്ങള്‍ ശരിയല്ലെന്നാണ് ഹൈക്കോടതി ഉത്തരവ് പറയുന്നത്.  2018ല്‍ തന്നെ ലാപ്ടോപ്പിന് അപേക്ഷിച്ചിരുന്നുവെന്നും, അത് ഹൈക്കോടതി വിധിയില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്ന പോലെ മോശമായി ആരും പെരുമാറിയിട്ടില്ലെന്ന് പറയുന്നത് തെറ്റാണെന്നും, ഇത് തെളിയിക്കുന്ന ഓഡിയോ തങ്ങളുടെ കൈവശമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.