ഏറ്റവുമധികം പീഡിപ്പിച്ചത് പ്രസന്നനാണെന്നും വെള്ളം ചോദിച്ചപ്പോൾ ബാത്റൂമിൽ പോയി കുടിക്കാൻ പറഞ്ഞത് ഈ പൊലീസ് ഉദ്യോഗസ്ഥനാണെന്നും ബിന്ദു പറഞ്ഞു.
തിരുവനന്തപുരം: നടപടിയിൽ സന്തോഷമെന്ന് ബിന്ദു. മോഷണക്കുറ്റം ആരോപിച്ച് 20 മണിക്കൂറിലേറെ പൊലീസ് സ്റ്റേഷനിൽ മാനസിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പേരൂർക്കട എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ബിന്ദു. ക്രൂരമായി പെരുമാറിയ പ്രസന്നൻ എന്ന പൊലീസുകാരനെതിരെയും നടപടി വേണമന്ന് ബിന്ദു ആവശ്യപ്പെട്ടു. ഏറ്റവുമധികം പീഡിപ്പിച്ചത് പ്രസന്നനാണെന്നും വെള്ളം ചോദിച്ചപ്പോൾ ബാത്റൂമിൽ പോയി കുടിക്കാൻ പറഞ്ഞത് ഈ പൊലീസ് ഉദ്യോഗസ്ഥനാണെന്നും ബിന്ദു പറഞ്ഞു.
നിരപരാധിയെന്ന് തെളിഞ്ഞിട്ടും പൊലീസുകാർ ബിന്ദുവിനെ ഭീഷണിപ്പെടുത്തി. മോഷണം പോയെന്ന് പറഞ്ഞ മാല വീട്ടിൽ നിന്ന് ലഭിച്ചിട്ടും യുവതിയെ ഭീഷണിപ്പെടുത്തി. കവടിയാർ ഭാഗത്ത് ഇനി കാണരുതെന്നും നാട് വിട്ടു പോകണമെന്നും ആയിരുന്നു എസ് ഐ പ്രസാദിന്റെ ഭീഷണി. കുടുംബത്തിന് ഇത്ര വലിയ അപമാനം മുൻപ് ഉണ്ടായിട്ടില്ലെന്ന് ബിന്ദൂവിന്റെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു. ബിന്ദുവിനെ കാണാൻ പോയപ്പോഴും പൊലീസുകാർ അപമാനിച്ചു. ആഹാരം കൊടുക്കാനോ കാണാനോ അനുവദിച്ചില്ലെന്നും ഭർത്താവ് പറഞ്ഞു.
നടപടിയെടുത്തതി്‍ വലിയ സന്തോഷമുണ്ട്. എസ്ഐയെപ്പോലെ എന്നോട് ക്രൂരമായി പെരുമാറിയ മറ്റ് രണ്ട് പൊലീസുകാരുണ്ട്. അതിലൊരാൾ പ്രസന്നൻ എന്ന ഉദ്യോഗസ്ഥനാണ്. മറ്റൊരാളുടെ പേര് എനിക്കറിയില്ല. അവർക്കെതിരെയും നടപടി വേണം. എനിക്ക് നീതി കിട്ടണം. എന്നെ ആത്മഹത്യയുടെ വക്കിലേക്ക് വരെ എത്തിച്ചത് പ്രസന്നൻ എന്ന ഉദ്യോഗസ്ഥനാണ്. ഞാൻ വെള്ളം ചോദിച്ചപ്പോൾ ബാത്റൂമിൽ ബക്കറ്റിലുണ്ട് എന്ന് പറഞ്ഞു. ഞാൻ ബാത്റൂമിൽ പോയെങ്കിലും കുടിച്ചില്ല. ഞാൻ തിരിച്ചുവന്നു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ബിന്ദു മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചു.



