തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പണം തിരികെ കിട്ടിയെന്നാണ് ദല്ലാൾ നന്ദകുമാർ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഏപ്രിൽ 7 ന് പണം അക്കൗണ്ടിലേക്ക് ഇട്ടു. ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് തുക ലഭിച്ചതെന്നും നന്ദകുമാർ വെളിപ്പെടുത്തി.
കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറും തമ്മിലുള്ള പണമിടപാട് വിവാദം ഒടുവിൽ തീര്‍പ്പിലെത്തി. ഭൂമി നൽകാമെന്ന് പറഞ്ഞ് അഡ്വാൻസായി വാങ്ങിയ പത്ത് ലക്ഷം രൂപ ശോഭ സുരേന്ദ്രൻ ഇടനിലക്കാര്‍ വഴി തിരികെ തന്നെന്ന് ദല്ലാൾ നന്ദകുമാര്‍ മാധ്യമങ്ങളെ അറിയിച്ചു. സിപിഎം നേതാവ് ഇ പി ജയരാജൻ്റെ ബിജെപി പ്രവേശനത്തിന് ചര്‍ച്ചകൾ നടത്തിയെന്ന ശോഭയുടെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെയാണ് , ശോഭ പണം വാങ്ങി വഞ്ചിച്ചെന്ന ആക്ഷേപവുമായി ദല്ലാൾ നന്ദകുമാര്‍ രംഗത്തെത്തിയത്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ശോഭ സുരേന്ദ്രൻ ആലപ്പുഴയിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോഴാണ് പണം വാങ്ങി വഞ്ചിച്ചെന്ന ആരോപണം നേരിട്ടത്. സിപിഎം നേതാവ് ഇ പി ജയരാൻ്റെ ബിജെപി പ്രവേശനത്തിന് ചര്‍ച്ചകൾ നടത്തിയെന്ന ശോഭയുടെ വിവാദ വെളിപ്പെടുത്തിലന് തൊട്ടുപിറകെയാണ് പത്ത് ലക്ഷം വാങ്ങി വഞ്ചിച്ചെന്ന ആരോപണം. ദല്ലാൾ നന്ദകുമാറിൻ്റെ വീട്ടിൽ വച്ചടക്കം ബിജെപി പ്രവേശന ചര്‍ച്ചകൾ നടന്നു എന്നായിരുന്നു ശോഭയുടെ വെളിപ്പെടുത്തൽ. 2024 ജനുവരി നാലിനാണ് ദില്ലിയിലെ SBI ശാഖ വഴി ശോഭ സുരേന്ദ്രന് പത്തുലക്ഷം കൈമാറിയതെന്ന് നന്ദകുമാര്‍ വിശദീകരിച്ചു. ആദ്യം സാമ്പത്തിക ഇടപാട് നിഷേധിച്ച ശോഭ, പിന്നീട് ഭൂമി കൈമാറ്റത്തിനാണ് പണം വാങ്ങിയതെന്ന് തിരുത്തി. നന്ദകുമാര്‍ കരാര്‍ ലംഘിച്ചത് കൊണ്ടാണ് പണം തിരികെ കൊടുക്കാത്തത് എന്നും വിശദീകരിച്ചു. ആ പണമാണ് രണ്ടുവര്‍ഷത്തിനിപ്പുറം മറ്റൊരു തെരഞ്ഞടുപ്പ് കാലത്ത് തിരികെ കൊടുത്തത്. ഏഴാം തീയതി ഉച്ചയോടെ ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്ന് പണം കിട്ടി.
ഇടനിലക്കാര്‍ വിളിച്ച് അക്കൗണ്ട് വിവരങ്ങൾ വാങ്ങി. ശോഭ നൽകാനുള്ള പണം തിരികെ നൽകുമെന്ന് അറിയിച്ചു. ചൊവ്വാഴ്ച (ഏപ്രില്‍ 7 ന്) ഉച്ചയോടെ പണം അക്കൗണ്ടിൽ എത്തിയെന്നും നന്ദകുമാര്‍. വോട്ടിന് പണം നൽകിയെന്ന ആരോപണം ശോഭ നേരിടുന്ന നേരത്ത് തന്നായിരുന്നു നന്ദകുമാറിന് പണം തിരികെ കൊടുത്തതും. പണമിടപാടുമായി ബന്ധപ്പെട്ട് ശോഭയ്ക്ക് എതിരെ കൊടുത്ത കേസുകൾ പിൻവലിക്കുമെന്നും നന്ദകുമാര്‍ അറിയിച്ചു. പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ പദവി ലക്ഷ്യമിട്ട് ശോഭ സുരേന്ദ്രൻ വലിയ തുക ചെലവഴിച്ചെ അദ്ദേഹം ആരോപിച്ചു. കൂടാതെ, ഇ പി ജയരാജൻനെ ചുറ്റിപ്പറ്റിയ വിവാദവും അടിസ്ഥാനരഹിതമാണെന്ന് നന്ദകുമാർ കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിച്ച ശോഭ തോല്‍ക്കുമെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു. എന്നാൽ, വിഷയത്തിൽ ശോഭ സുരേന്ദ്രൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

