ഗണ്‍മാൻ അനിൽ കല്ലിയൂര്‍ തന്‍റെ ഫേസ്ബുക്ക് പേജിലാണ് സഹപ്രവര്‍ത്തകരുടെ റീൽസ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്
തിരുവനന്തപുരം: ഇമ്മാതിരി തക്കിട തരികിട പാട്ടൊന്നും പാടണ്ടായെന്ന ഫ്രണ്ട്സ് സിനിമയിലെ ശ്രീനിവാസിന്‍റെ ഡയലോഗോടെയുള്ള പുലരികിണ്ണം പൊന്നിൽ മുക്കിയതാരാണോ എന്ന പാട്ടിനൊപ്പം പൊലീസുകാര്‍ നൃത്തം ചെയ്യുന്ന റീൽസ് ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഗണ്‍മാൻ അനിൽ കല്ലിയൂര്‍ തന്‍റെ ഫേസ്ബുക്ക് പേജിലാണ് സഹപ്രവര്‍ത്തകരുടെ റീൽസ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്.
ഒരു കൈയബദ്ധം, പ്ലീസ് നാറ്റിക്കരുത്, ഷമിഷ് ബേഗു എന്ന കുറിപ്പോടെയാണ് അനിൽ കല്ലിയൂര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ ഷൈജു, സജു, അനീഷ്, അഭിരാം, ഷഫീക്ക്, ഷബീര്‍, നസീര്‍ എന്നിവരാണ് റീൽസിലുള്ളത്. മുഖ്യമന്ത്രി ദില്ലിയിൽ എത്തുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അതാത് സ്ഥലത്തെത്താറുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ എത്തുന്നതിന് മുമ്പായി എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഒഴിവുസമയത്ത് ഇത്തരമൊരു റീൽസ് എടുത്തത്. വിശ്രമവേളയിൽ ഇന്ത്യാഗേറ്റ് കാണാൻ പോയപ്പോഴാണ് ഇവര്‍ റീൽസ് ചിത്രീകരിച്ചത്. ആദ്യമായാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ പൊലീസുകാര്‍ ഇത്തരത്തിലുള്ളൊരു റീൽസ് ചിത്രീകരിക്കുന്നത്. പൊലീസുകാരുടെ ഗ്രൂപ്പുകളിലടക്കം വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.


