കലാലോകത്ത് നിന്ന് തന്നെയാണ് തനിക്ക് ഏറ്റവും കൂടുതല്‍ എതിർപ്പുള്ളതെന്നും, മിശ്രവിവാഹങ്ങൾക്ക് സമൂഹത്തില്‍ നിന്നും കൂടുതല്‍ പിന്തുണ കിട്ടണമെന്നും മന്‍സിയ കോഴിക്കോട് പറഞ്ഞു.
കോഴിക്കോട്: വിലക്കിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം ഇപ്പോഴും തനിക്ക് ഭീഷണി തുടരുകയാണെന്ന് നർത്തകി മന്‍സിയ (Mansiya). കലാലോകത്ത് നിന്ന് തന്നെയാണ് തനിക്ക് ഏറ്റവും കൂടുതല്‍ എതിർപ്പുള്ളതെന്നും, മിശ്രവിവാഹങ്ങൾക്ക് സമൂഹത്തില്‍ നിന്നും കൂടുതല്‍ പിന്തുണ കിട്ടണമെന്നും മന്‍സിയ കോഴിക്കോട് പറഞ്ഞു. കലയാണ് തന്‍റെ മതം, വിലക്കിന്‍റെ പേരില്‍ തനിക്ക് വേദികൾ വേണ്ടെന്നും മന്‍സിയ കൂട്ടിച്ചേർത്തു. കോഴിക്കോട് ടൗൺഹാളില്‍ ഇന്നലെ മഞ്ചാടിക്കുരു കൂട്ടായ്മ സംഘടിപ്പിച്ച മന്‍സിയയുടെ നൃത്തം കാണാന്‍ നൂറുകണക്കിന് പേരാണ് എത്തിയത്.
മൻസിയ അഹിന്ദുവാണെന്ന കാരണം പറഞ്ഞാണ് കൂടൽമാണിക്യം ക്ഷേത്രക്കമ്മിറ്റി നൃത്തത്തിൽ നിന്ന് വിലക്കിയത് വിവാദമായിരുന്നു. മൻസിയയുടെ പേര് വെച്ച് നോട്ടീസ് അച്ചടിച്ചതിന് ശേഷമായിരുന്നു നിലപാട് മാറ്റം. മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തു നിന്നുള്ള മന്‍സിയ ക്ഷേത്ര കലകള്‍ പഠിച്ചതിന്‍റെ പേരില്‍ ഏറെ വിവേചനം നേരിട്ട് മുസ്ലിം പെണ്‍കുട്ടിയാണ്. മതവാദികള്‍ ഒറ്റപ്പെടുത്തിയപ്പോള്‍ രക്ഷിതാക്കളുടെ പിന്തുണയിലാണ് മന്‍സിയ പിടിച്ചുനിന്നത്. അമ്മ കാന്‍സര്‍ ബാധിച്ച് മരിച്ച ശേഷം കബറടക്കം അടക്കമുള്ള ചടങ്ങുകള്‍ക്ക് വിലക്കുകള്‍ മന്‍സിയയുടെ കുടുംബം നേരിട്ടിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എം എ ഭരതനാട്യത്തിന് ഒന്നാം റാങ്കോടെയാണ് മന്‍സിയ പാസായത്.
അഹിന്ദു ആയതിനാലാണ് കൂടല്‍ മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ മുൻകൂട്ടി പ്രഖ്യാപിച്ച ശേഷം മൻസിയക്ക് അവസരം നിഷേധിച്ചത്. ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ചിരുന്നു. ഇതിന് ശേഷമാണ് ക്ഷേത്ര ഭാരവാഹികളില്‍ പരിപാടി റദ്ദാക്കിയതായി വിളിച്ച് അറിയിച്ചത്.
വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യം ചോദിച്ചുവെന്നും മന്‍സിയ പറയുന്നു. സമാന കാരണത്താല്‍ ഗുരുവായൂരിലും അവസരം നിഷേധിക്കപ്പെട്ട വിവരവും മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു. കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രമെന്ന് വിശദമാക്കിയാണ് മന്‍സിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.
നര്‍ത്തകി മന്‍സിയയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള "നൃത്തോൽസവത്തിൽ"
ഏപ്രിൽ 21 വൈകീട്ട് 4 to 5 വരെ ചാർട്ട് ചെയ്ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ.
നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് convert ആവാൻ.. ഇത് പുതിയ അനുഭവം ഒന്നുമല്ല.
വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.
#മതേതര കേരളം 😄
Nb: ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം..
